ചെവിപഴുപ്പിനു പിന്നിലെ കാരണങ്ങൾ ഇവയാണ്
Mail This Article
കുട്ടികളിലാണ് സാധാരണയായി െചവിപ്പഴുപ്പ് കാണാറുള്ളത്. എന്നാൽ മുപ്പത്തഞ്ച്, നാൽപതു വയസ്സുവരെ ചെവിയിൽ നിന്നു പഴുപ്പു വരുന്നതായി കാണാറുണ്ട്. ചെവിയിൽ കർണപടത്തിന് ഉള്ളിലായി മധ്യകർണം എന്ന ഭാഗത്താണു പഴുപ്പു ഉണ്ടാകുന്നത്. ചെവിയുടെ പാടയിൽ നിന്ന് ശബ്ദത്തെ തലച്ചോറിലെത്തിക്കുന്ന ഞരമ്പുമായി ബന്ധപ്പെട്ടിട്ടുള്ള വളരെ ചെറിയ മൂന്ന് അസ്ഥികൾ ഉണ്ട്. ശരീരത്തിന്റെ ബാലൻസിനെ നിയന്ത്രിക്കുന്ന കോക്ലിയ എന്ന ഭാഗവും മധ്യകർണത്തിലാണു വരുന്നത്. ഇവിടെ കുട്ടികളിൽ പഴുപ്പു വരാൻ വളരെയേറെ സാധ്യതയുണ്ട്.
ജലദോഷം, പനി, തുമ്മൽ, ചുമ, ടോൺസലൈറ്റിസ് തുടങ്ങിയവയ്ക്കും കാരണമായേക്കാവുന്ന മഞ്ഞുകൊള്ളൽ, മഴ നനയൽ, തണുത്തവെള്ളം കുടിക്കൽ, തണുത്ത കാറ്റുകൊള്ളൽ, കുളത്തിലോ പുഴയിലോ മുങ്ങിക്കുളിക്കൽ തുടങ്ങിയവ ചെവിയിൽ നിന്നു വെള്ളമൊലിപ്പിനും പഴുപ്പിനും കാരണമാകാറുണ്ട്.
ദന്തരോഗങ്ങളും മൂക്കിലെ രോഗങ്ങളും ചെവി പഴുപ്പിനു മറ്റു കാരണങ്ങളാണ്. ആദ്യദിവസങ്ങളിൽ ചെറിയ നീരൊലിപ്പും പിന്നീടുള്ള ദിവസങ്ങളിൽ ദുർഗന്ധത്തോടു കൂടിയ കട്ടിയുള്ള പഴുപ്പും ശക്തമായ തലവേദനയും ഉണ്ടാകും. കുട്ടികളിൽ ഇത് പതിനാറ്, പതിനേഴു വയസ്സുവരെ കാണാറുണ്ട്. പ്രായമായവരിൽ വെയിൽ കൊണ്ടു വന്ന് പെട്ടെന്നു തല കുളിക്കുമ്പോഴും പാട പൊട്ടി ചെവിയിൽ വെള്ളം കയറുമ്പോഴുമാണു ചെവിപ്പഴുപ്പ് കൂടുതലായി കാണുന്നത്.
English Summary: Ear infection