സൂക്ഷിക്കുക, സോഡിയം കൂടിയാലും കുറഞ്ഞാലും പ്രശ്നമാണേ...
Mail This Article
സോഡിയത്തിന്റെ ഏറ്റക്കുറച്ചിലുകളിൽ ബുദ്ധിമുട്ടുന്ന പ്രായമായവരെ തിരിച്ചറിയണം. ഇതുമൂലം അവർക്കുണ്ടാകുന്ന പ്രശ്നങ്ങളും തിരിച്ചറിയണം. സോഡിയത്തിന്റെ ഏറ്റക്കുറച്ചിലുകളിൽ വില്ലൻ സ്ഥാനത്തു വരുന്നത് ഉപ്പാണ്. സോഡിയം, ക്ലോറൈഡ് എന്നീ രണ്ടു മൂലകങ്ങളുടെ സംയോജനമാണ് സോഡിയം ക്ലോറൈഡ് എന്ന ഉപ്പ്. അമിതമായ ഉപ്പിന്റെ ഉപയോഗം നമ്മെ രോഗത്തിലേക്കു തള്ളിവിടുന്നു. മറ്റ് രോഗങ്ങൾ ഒന്നുമില്ലാത്തവർക്ക് ദിവസം ഉപയോഗിക്കാവുന്ന ഉപ്പിന്റെ അളവ് 2.4 ഗ്രാം ആണ്. അതായത് ഒരു ചെറിയ സ്പൂൺ ഉപ്പ് മതി ഒരു ദിവസം. അധികമായി ശരീരത്തിൽ എത്തുന്ന ഉപ്പ് രക്താതിസമ്മർദനത്തിനും സോഡിയം അസന്തുലിതാവസ്ഥയ്ക്കും കാരണമാകുമെന്ന് കഴിക്കും മുൻപ് ഓർക്കുക.
ഇനി നമ്മുടെ വിഷയത്തിലേക്കു വരാം. നമ്മുടെ ശരീരത്തിൽ ഒരു കോശത്തിൽ നിന്നു മറ്റൊരു കോശത്തിലേക്കു വൈദ്യുത പ്രവാഹം നടക്കുന്നത് കോശങ്ങളിലെ ജലാംശം വഴിയാണ്. ശുദ്ധജലത്തിലൂടെ വൈദ്യുതി കടന്നു പോകാതായാൽ കോശങ്ങൾ സോഡിയം, കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകളുടെ സഹായം സ്വീകരിക്കും. സോഡിയം, കാൽസ്യം, മഗ്നീഷ്യം എന്നിവയിൽ ഒന്നിന്റെ കുറവോ കൂടുതലോ കോശങ്ങളിലെ വൈദ്യുതി വിതരണത്തിൽ തടസ്സം സൃഷ്ടിക്കും. അതു ശരീരത്തിന്റെ പ്രവർത്തനത്തെ ബാധിക്കും. ശരീരം പണിമുടക്കും. ശരീരത്തിൽ സോഡിയത്തിന്റെ സന്തുലനം നിലനിർത്തുന്നത് വൃക്ക, അഡ്രീനൽ ഗ്രന്ഥി, തലച്ചോറിലെ ഹൈപ്പോതലാമസ് എന്നിവയാണ്. അതായത് ഈ മൂന്നു ശരീരഭാഗങ്ങളിൽ ഏതെങ്കിലും ഒന്നിന്റെ തകരാർ കൊണ്ട് സോഡിയത്തിന്റെ സന്തുലനാവസ്ഥ നഷ്ടപ്പെടാം.
ഈ ലക്ഷണങ്ങൾ മറക്കല്ലേ
നേരിയ തോതിൽ സോഡിയം കുറയുന്നതും ദീർഘകാലമായി സോഡിയം കുറയുന്ന രോഗമുള്ളവരും പ്രത്യേക ലക്ഷണങ്ങൾ പ്രകടിപ്പിക്കണെന്നില്ല. മയക്കം, ഓക്കാനം, ശരീരത്തിലെ ബലഹീനത, തളർച്ച തുടങ്ങിയ ലക്ഷണങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ഗുരുതരമായ രീതിയിൽ സോഡിയം കുറഞ്ഞാൽ മാനസികാസ്വാസ്ഥ്യം, ശ്രദ്ധക്കുറവ്, വിറയൽ, ബോധക്ഷയം എന്നിവ ഉണ്ടാകാം. ബോധക്ഷയം കൂടുതൽ സമയം നീണ്ടുനിന്നാൽ കോമയിലേക്കു പോകാം. ഈ അവസ്ഥ മരണത്തിനു കാരണമാകാം.
സോഡിയം കുറയാനുമുണ്ട് കാരണങ്ങൾ
വൃക്കരോഗം, കരൾ രോഗം, ന്യുമോണിയ, ഗ്യാസ്ട്രോ എന്ററൈറ്റിസ്, ഹൈപ്പോ തൈറോയ്ഡിസം, ശ്വാസകോശാർബുദം, ലിംഫോമ, പക്ഷാഘാതം, പലതരത്തിലുള്ള ട്യൂമറുകൾ തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുകൾ സോഡിയം അസന്തുലിതാവസ്ഥയ്ക്കു കാരണമാകാം. പ്രമേഹം, രക്താതിസമ്മർദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾക്കു കഴിക്കുന്ന മരുന്നുകളിൽ ചിലത് സോഡിയത്തിന്റെ അളവിൽ വ്യത്യാസം വരുത്താം. മരുന്നു കഴിച്ച ശേഷം ശരീരത്തിനുണ്ടാകുന്ന ബലക്കുറവ്, തലചുറ്റൽ, ബോധക്ഷയം, പെട്ടെന്ന് ഓർമ നഷ്ടപ്പെടുന്നത് തുടങ്ങിയവയൊക്കെ ശരീരത്തിൽ സോഡിയത്തിന്റെ അസന്തുലനം കൊണ്ട് സംഭവിക്കുന്നതാണ്. മാനസിക രോഗങ്ങൾക്കു കഴിക്കുന്ന ആന്റി സൈക്കോട്ടിക് മരുന്നുകളും വേദനാസംഹാരികളും സോഡിയം കുറയാൻ കാരണമാകുന്നു. മരുന്നുകൾ കഴിക്കാൻ തുടങ്ങുന്ന ആദ്യത്തെ രണ്ടാഴ്ച നിർണായകമാണ്. പ്രമേഹം, രക്താതിസമ്മർദം തുടങ്ങിയ രോഗങ്ങൾക്ക് ഒരേ മരുന്നു തന്നെ വർഷങ്ങളോളം കഴിക്കുന്നവരുണ്ട്. ഇത്തരക്കാരിൽ മരുന്നിന്റെ പാർശ്വഫലമായി സോഡിയം അസന്തുലനം ഉണ്ടാകും. പഴങ്ങളും പച്ചക്കറികളുമാണ് സോഡിയത്തിന്റെയും പൊട്ടാസ്യത്തിന്റെയും സ്വാഭാവിക ഉറവിടങ്ങൾ. പഴങ്ങളും പച്ചക്കറികളും ദിവസവും ആഹാരത്തിന്റെ ഭാഗമാക്കാൻ മറക്കരുത്.
ചികിത്സ
നേരിയ തോതിലുള്ള സോഡിയം കുറവിന് ചികിത്സ വേണ്ടി വരില്ല. എന്നാൽ സോഡിയം 120ൽ താഴെയാണെങ്കിൽ അത് ഗുരുതരമാണ്. ഡ്രിപ് രൂപത്തിൽ വളരെ ശ്രദ്ധയോടെ മാത്രമേ ശരീരത്തിലേക്ക് സോഡിയം നൽകാനാകൂ. പെട്ടെന്ന് നൽകിയാൽ അത് തലച്ചോറിനെ ബാധിക്കുന്ന ഗുരുതര അവസ്ഥയുണ്ടാക്കും.
സോഡിയം കൂടിയാലും പണികിട്ടും
ശരീരത്തിൽ ജലാംശം കുറയുന്നത് സോഡിയം കൂടുന്നതിനുള്ള ഒരു കാരണമാണ്. ദാഹം അറിയാനുള്ള കഴിവ് കുറയുമ്പോഴും ശരീരത്തിൽ നിന്ന് അമിതമായി ജലാംശം നഷ്ടപ്പെടുമ്പോഴുമാണ് സോഡിയം കൂടുന്നത്. പ്രമേഹം അനിയന്ത്രിതമായി തുടരുന്നവരുടെയും മലബന്ധത്തിനും മൂത്രതടസ്സത്തിനും മറ്റും മരുന്നു കഴിക്കുന്നവരുടെയും ശരീരത്തിൽ സോഡിയത്തിന്റെ അളവ് ഉയർന്നു നിൽക്കുന്നു. സോഡിയം കൂടിയാലും കുറയുന്നതിനു സമാനമായ ലക്ഷണങ്ങൾ തന്നെയാണ് പ്രകടമാക്കുക. ക്ഷീണവും മയക്കവും തീവ്രാവസ്ഥയിൽ പരവേശവും ജന്നിയും വരെ ലക്ഷണമായി മാറാം. കടുത്ത മാനസിക സംഘർഷം ചിലപ്പോൾ ആന്റി ഡയുററ്റിക് ഹോർമോണിന്റെ ഉൽപാദനം വർധിപ്പിക്കും. മൂത്രത്തിന്റെ ഉൽപാദനം തടയുന്ന ഹോർമോണാണ് ഡയൂററ്റിക് ഹോർമോൺ. കടുത്ത മാനസിക സംഘർഷം ഉണ്ടാകുമ്പോൾ മൂത്രത്തിന്റെ ഉൽപാദനം കുറയുകയും അത് സോഡിയം നില ഉയർത്തുകയും ചെയ്യുന്നു. ഒരാളിൽ പെട്ടെന്ന് സോഡിയം കുറയുന്നത് അയാളിൽ സ്വഭാവവ്യതിയാനം ഉണ്ടാക്കും. ക്ഷീണം, ദേഷ്യം, ആശയക്കുഴപ്പം, തീരുമാനം എടുക്കാനുള്ള കാലതാമസം, ബലഹീനത, മാന്ദ്യം തുടങ്ങിയ വൈകല്യങ്ങൾ പ്രകടിപ്പിക്കുന്നത് തലച്ചോറിൽ സോഡിയത്തിന്റെ അംശം കുറയുന്നതു കൊണ്ടാകാം.
കുടിക്കൂ നാരങ്ങാവെള്ളം
ഉപ്പിട്ട നാരങ്ങാവെള്ളവും കരിക്കിൻ വെള്ളവും സ്ഥിരമായി കുടിക്കുകയാണ് സോഡിയം അസന്തുലനാവസ്ഥയ്ക്കു പരിഹാരം. എന്നാൽ രക്താതിസമ്മർദ്ദമുള്ളവർ ഉപ്പിട്ട നാരങ്ങാവെള്ളം കുടിക്കുന്നതും വൃക്കരോഗമുള്ളവർ കരിക്കിൻ വെള്ളം കുടിക്കുന്നതും ഡോക്ടറുടെ ഉപദേശം സ്വീകരിച്ച ശേഷം മതി.
English Summary: Low and high blood sodium, Symptoms and after effects