വൃക്ക സമ്മാനിച്ച അമ്മ, ദൈവത്തെപ്പോലെ ആ ഡോക്ടർമാർ...; ഹൃദയം തൊടുന്ന അനുഭവക്കുറിപ്പ്
Mail This Article
‘ശരീരം പാതി പകുത്തു നൽകിയ അമ്മയും ദൈവത്തെപ്പോലെ കരം പിടിച്ച ഡോക്ടറും മുന്നോട്ട് ജീവിക്കാൻ കരുത്ത് പകർന്ന നാടുമാണ് 17 വർഷം മുൻപ് ഇതേ ദിവസം തനിക്ക് രണ്ടാം ജന്മം നൽകിയത്...’– ഡോ. കെ. പി. ജയകുമാറിന് അയച്ച സന്ദേശത്തിൽ, അനു വർഗീസ് എന്നു വിളിപ്പേരുള്ള ടി. വി. നോർബെൽ ഇങ്ങനെ കുറിച്ചു. ചോർന്നൊലിക്കുന്ന വീട്ടിൽ കഷ്ടപ്പാടുകളും വൃക്കരോഗവും അതിജീവിച്ച് ബാങ്ക് ഉദ്യോഗസ്ഥനിലേക്ക് വളർന്ന നോർബെലിന്റെ ജീവിതം അതിജീവനത്തിന്റെ ഉദാഹരണം കൂടിയാണ്.
2003 മേയ് 19നാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം മേധാവി ഡോ. കെ. പി. ജയകുമാറിന്റെ നേതൃത്വത്തിൽ, നോർബെലിന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. അന്നു 14 വയസ്സായിരുന്നു നോർബെലിന്. മെഡിക്കൽ കോളജിന്റെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ആളിന്റെ ആദ്യ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയായിരുന്നു അത്. മത്സ്യത്തൊഴിലാളിയായ ആലപ്പുഴ വാടയ്ക്കൽ തൈപ്പറമ്പിൽ വർഗീസിന്റെയും ലൂസിയുടെയും 2 മക്കളിൽ ഇളയവനാണ് നോർബൽ. പഠനത്തിൽ മിടുക്കനായ നോർബെലിന് എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് മൂത്രത്തിൽ രക്തത്തിന്റെ അംശം കണ്ടത്. പിന്നീട് ശരീരം മുഴുവൻ നീരുവന്നു. വിശദമായ പരിശോധനയിൽ വൃക്ക തകരാറിലാണെന്ന് ആരോഗ്യപ്രവർത്തകർ കണ്ടെത്തി. ഉടൻ ഡയാലിസിസ് ആരംഭിക്കാനായിരുന്നു ഡോക്ടർമാരുടെ നിർദേശം.
വയറിലൂടെ ട്യൂബിട്ടാണ് ഡയാലിസിസ് നടത്തിയതെന്ന് നോർബെൽ ഓർമിക്കുന്നു. എന്നും ആശുപത്രിയിലെത്തി ഡയാലിസിസ് ചെയ്യുന്നത് ബുദ്ധിമുട്ടായതിനാൽ വീട്ടിൽവച്ചു പിതാവ് വർഗീസ് തന്നെയാണ് ചെയ്തിരുന്നത്. ഡോക്ടർമാർ ഇതിന് ആവശ്യമായ പരിശീലനം വർഗീസിനു നൽകിയിരുന്നു. ഇതോടെ ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം വയറ്റിൽ നിന്നു പുറത്തേക്കു നിൽക്കുന്ന ട്യൂബുമായി സ്കൂളിൽ പോയിത്തുടങ്ങി. പക്ഷേ, വീണ്ടും അണുബാധ ലക്ഷണം കണ്ടതോടെ ഉടൻ ശസ്ത്രക്രിയ വേണമെന്നു ഡോക്ടർമാർ വിധിയെഴുതി.
അമ്മ ലൂസി വൃക്ക നൽകാൻ തയാറായി മുന്നോട്ടു വന്നു. എന്നാൽ അവയവദാനത്തിന്റെ അപകടം ചൂണ്ടിക്കാട്ടി ബന്ധുക്കൾ ഉൾപ്പെടെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. അമ്മയുടെ നിശ്ചയദാർഢ്യവും ഡോക്ടർമാരുടെ പിന്തുണയും ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ സഹായിച്ചു. നാട്ടുകാർ ഉദാരമായി സമാഹരിച്ച തുക ഉപയോഗിച്ചാണ് ശസ്ത്രക്രിയയും തുടർചികിത്സയും നടത്തിയത്. ഏതാനും മാസത്തെ വിശ്രമത്തിനു ശേഷം നോർബെൽ സ്കൂളിൽ പോയിത്തുടങ്ങി. പത്താം ക്ലാസിൽ 82 ശതമാനം മാർക്ക് വാങ്ങിയാണ് നോർബെൽ വിജയിച്ചത്. തുടർന്ന് പ്ലസ്ടു കൊമേഴ്സ് വിഷയമെടുത്തു. അവിടെയും ഗംഭീരവിജയം നേടി. ബികോമിന് ഫസ്റ്റ് ക്ലാസ് നേടി വിജയിച്ചു.
ചാർട്ടേഡ് അക്കൗണ്ടന്റ് ആകണമെന്ന ആഗ്രഹത്തിൽ പഠനം തുടർന്നെങ്കിലും ഫൗണ്ടേഷൻ കോഴ്സ് വിജയിച്ചപ്പോഴേക്കും സഹോദരിയുടെ വിവാഹവും മറ്റു ബാധ്യതകളും കാരണം പഠനം ഉപേക്ഷിച്ചു. തുടർന്ന് സ്വകാര്യ കമ്പനിയിൽ ജോലിക്കു കയറി. തുടർന്ന് സ്വകാര്യ ബാങ്കുകളിൽ ഉദ്യോഗസ്ഥനായി പേരുനേടി. ഇതിനിടെ ആഷ്‌ലി വധുവായെത്തി. ഇപ്പോൾ 2 വയസ്സുള്ള മകൾ നേഹയും നോർബെലിനൊപ്പമുണ്ട്.
സാമ്പത്തികമായി മെച്ചപ്പെട്ടെങ്കിലും പിതാവ് വർഗീസ് ഇപ്പോഴും കടലിൽ മീൻപിടിത്തത്തിനു പോകുന്നുണ്ട്. അമ്മ തൊഴിലുറപ്പ് ജോലികൾക്കും പോകുന്നുണ്ട്. എല്ലാവരും സന്തോഷത്തോടെയും ആരോഗ്യത്തോടെയും കഴിയുന്നെന്ന് നോർബെൽ പറയുന്നു. ഡോ.കെ.പി.ജയകുമാറിനെ കൂടാതെ ഡോ. അപ്പു തോമസ്, ഡോ. സുരേഷ് ഭട്ട്, ഡോ. എം. എം. ശോശാമ്മ, ഡോ. ഉഷ, ഡോ. മോഹൻകുമാർ, ഡോ. റോണി എന്നിവരുൾപ്പെടെയുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
ഇപ്പോൾ വൃക്കദാനത്തെ ഭയപ്പെട്ട് കഴിയുന്നവരെ നേരിൽകണ്ട് തന്റെ അനുഭവം ബോധ്യപ്പെടുത്തുകയും അവരെ അവയവദാനത്തിനായി പ്രേരിപ്പിക്കുകയും ചെയ്യുകയാണ് ഈ അമ്മയും മകനും.
ടി.വി.നോർബെലിന്റെ കുറിപ്പിന്റെ പൂർണരൂപം
അമ്മയുടെ വൃക്ക ഞാൻ വാങ്ങിച്ചിട്ട് ഇന്നേക്ക് 17 വർഷം. അത്രയ്ക്ക് പരിചിതമല്ലാത്ത ഓപറേഷൻ വിജയകരമായി പൂർത്തിയായപ്പോഴും ഉള്ളിൽ ഭയം ഉണ്ടായിരുന്നു, ‘എത്ര കാലം?’ എന്ന ഒരു ചോദ്യവും മനസ്സിൽ അലട്ടി എന്നതാണ് സത്യം. പക്ഷേ ഓരോ വർഷം കഴിയുന്തോറും ഇത്രേം ഉള്ളു ഇതൊക്കെ എന്ന ചിന്ത വന്നു തുടങ്ങി കാരണം വേറൊന്നുമല്ല, മനുഷ്യന് ഒരു വൃക്ക ധാരാളം. എന്തായാലും തിരിഞ്ഞു നോക്കുമ്പോൾ ഒരുപാട് വേദനയോടെ കടന്നു പോയ നിമിഷങ്ങൾ, മരണം മുന്നിൽ കണ്ട് പകച്ചു നിന്നിരുന്ന സമയം, എല്ലാം അവസാനിച്ചു, ഇന്ന് ജീവിതം സന്തോഷത്തോടെ മുന്നേറുന്നു, ഒരു ജീവിത പങ്കാളിയും, ഒരു കുസൃതി കുഞ്ഞും, കൂടി കടന്നു വന്നിരിക്കുന്നു...
ഡോ. ജയകുമാർ, ഡോ. ഉഷ, ഡോ. മോഹൻ കുമാർ, ഡോ. റോണി പിന്നെ എന്നെ സ്വന്തം കൂടപ്പിറപ്പിനെ പോലെ നോക്കിയ മാലാഖമാരും, ഒരു അപകടം അറിഞ്ഞ നിമിഷത്തിൽ ഡോക്ടറെ വിളിക്കാൻ ഓടി മറിഞ്ഞു വീണ സുഷമ സിസ്റ്ററും, ഭക്ഷണം വാരി തന്ന ശോഭ സിസ്റ്ററും, കാലുകൾ തടവിക്കൊണ്ട് ‘ഇത്രത്തോളം യഹോവ എന്നെ സഹായിച്ചു’ എന്ന പാട്ടു പാടിത്തന്ന പേര് ഓർമയില്ലാത്ത സിസ്റ്ററും, പ്രണയത്തെ കുറിച്ച് പറഞ്ഞു തന്ന ഗംഗ സിസ്റ്ററും, നീ പോവേണ്ടടാ എന്നു വിഷമത്തോടെ പറഞ്ഞ സീമ സിസ്റ്ററും, പടം വരപ്പിച്ച് എന്നെ പ്രോത്സാഹിപ്പിച്ച ശ്രീദേവി സിസ്റ്ററും... ആരെയും മറക്കാൻ സാധിക്കുന്നില്ല, എല്ലാ പ്രാർഥനകൾക്കും സഹായങ്ങൾക്കും എല്ലാവരോടും കടപ്പെട്ടിരിക്കുന്നു...