സ്കിസോഫ്രീനിയ രോഗികളെ ചേർത്തു നിർത്താം, കൂടെകൂട്ടാം
Mail This Article
മനസ്സിന്റെ താളപ്പിഴകൾ ഉള്ളവരെ ഒരു പ്രത്യേക രീതിയിൽ കാണുകയും അവരുടെ മനസ്സു നോവുന്ന വിധത്തിലുള്ള വിളിപ്പേരുകൾ ചാർത്തുകയും ചെയ്യുന്നത് ഒരു സാമൂഹിക തിന്മയാണ്. ഇതിന്റെ ദയനീയ ഇരകളാണ് സ്കിസോഫ്രീനിയ രോഗികൾ. വിഷാദ രോഗത്തെയും ഉത്കണ്ഠാ രോഗത്തെയുമൊക്കെ കുറെക്കൂടി തുറന്ന മനസ്സോടെ ജനം മനസ്സിലാക്കാൻ തുടങ്ങി. ഈ കോവിഡ് നാളുകളിലെ മാനസിക സംഘർഷങ്ങൾക്കായി സഹായം തേടി വരാൻ പലരും മടി കാട്ടിയില്ല.
മനസ്സിന്റെ മറ്റൊരു തരത്തിലുള്ള താളപ്പിഴ മാത്രമാണ് സ്കിസോഫ്രീനിയ. മോശം രോഗമെന്നും പരിഹാസ്യമെന്നൊക്കെ പറഞ്ഞുവേർ തിരിച്ചാൽ ചികിത്സ എടുക്കാൻ വൈകും. തുടർ ചികിത്സകൾക്ക് വരാൻ മടിക്കും. ചില സിനിമകൾ നിരുത്തരവാദിത്തപരമായിട്ടാണ് മനോരാഗത്തെയും ചികിത്സയെയും കൈകാര്യം ചെയ്യുന്നത്.
ചികിത്സ എടുത്താൽ രോഗ നിയന്ത്രണം വരികയും സാമൂഹിക ജീവിതം സാധ്യമാവുകയും ചെയ്യുന്ന പലരും അതുകൊണ്ട് ചികിത്സ സ്വീകരിക്കാതെ ഉൾവലിഞ്ഞു ഒറ്റപ്പെടുകയും ചെയ്യും. ചിലർ അക്രമാസക്തരാവുകയും ചെയ്യും. എല്ലാ രോഗങ്ങളെയും പോലെ തന്നെയാണ് മനസ്സിന്റെ രോഗവും. തലച്ചോറിന്റെ മറ്റൊരു പ്രവർത്തനമാണ് മനസ്സ്. മരുന്നുകൾക്കൊപ്പം മാനുഷീകമായ ഇടപെടലുകൾ കൂടി ചേർ ന്നാലേ ചികിത്സ വിജയിക്കൂ. ഈ ലോക സ്കിസോഫ്രീനിയ ദിനത്തിൽ ഇത്തരമൊരു പിന്തുണ സമൂഹം പ്രഖ്യാപിക്കട്ടെ .