റഷ്യയുടെ ആദ്യ കോവിഡ് വാക്സിൻ നാളെ; ഫലിച്ചില്ലെങ്കിൽ വൈറസ്ബാധയുടെ തീവ്രത വർധിക്കാം
Mail This Article
കോവിഡിനെതിരെ ആദ്യ വാക്സീൻ നാളെ പുറത്തിറക്കുമെന്നു റഷ്യ പ്രഖ്യാപിച്ചിരിക്കെ ലോകാരോഗ്യ സംഘടന അടക്കം ആശയക്കുഴപ്പത്തിൽ. വാക്സീൻ ഫലിച്ചില്ലെങ്കിൽ വൈറസ് ബാധയുടെ തീവ്രത വർധിച്ചേക്കുമെന്നു റഷ്യയിലെ പ്രമുഖ വൈറോളജിസ്റ്റുമാരിൽ ഒരാൾതന്നെ സംശയം പ്രകടിപ്പിച്ചു. ചില പ്രത്യേക ആന്റിബോഡികളുടെ സാന്നിധ്യം രോഗതീവ്രത വർധിപ്പിച്ചേക്കാമെന്നാണ് ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
അതുകൊണ്ടുതന്നെ നിർദിഷ്ട വാക്സീൻ ഏതുതരം ആന്റിബോഡികളാണ് ഉൽപാദിപ്പിക്കുകയെന്നതു അറിഞ്ഞിരിക്കണമെന്നും ഇദ്ദേഹം പറയുന്നു. ധൃതിയെക്കാൾ നടപടിക്രമം പൂർണമായി പാലിക്കുന്നതിലാവണം കൂടുതൽ ശ്രദ്ധിക്കേണ്ടതെന്നു ലോകാരോഗ്യ സംഘടനയും റഷ്യയ്ക്കു മുന്നറിയിപ്പു നൽകിയിരിക്കെയാണ് നാളെ വാക്സീൻ റജിസ്റ്റർ ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്. ഗവേഷണത്തിന് അതിവേഗ നടപടികളാണ് റഷ്യ സ്വീകരിച്ചതെന്നു തുടക്കം മുതൽ വിമർശനമുണ്ട്. എന്നാൽ, തികഞ്ഞ ആത്മവിശ്വാസമാണ് റഷ്യയുടെ ആരോഗ്യപാലന സംവിധാനങ്ങളുടെ തലപ്പത്തുള്ള അന്ന പോപ്‌വ പ്രകടിപ്പിക്കുന്നത്.
സുരക്ഷയെക്കുറിച്ചു സംശയമുള്ള ഒരു വാക്സീനും ഇന്നവേരെ റഷ്യൻ വിപണിയിലെത്തിയിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
‘വാക്സീൻ യുദ്ധം’ ഒഴിവാക്കാൻ ലോകാരോഗ്യ സംഘടന
കോവിഡ് വാക്സീനു വേണ്ടി ലോക രാജ്യങ്ങൾക്കിടയിലെ ‘യുദ്ധം’ ഒഴിവാക്കാൻ ലോകാരോഗ്യ സംഘടന. ഇതിനായി, തങ്ങളുടെ കോവാക്സ് സംവിധാനത്തിൽ ചേരാൻ കൂടുതൽ രാജ്യങ്ങളോട് സംഘടന ആവശ്യപ്പെട്ടു. നിലവിൽ 75 രാജ്യങ്ങളാണ് സാധ്യതാ വാക്സീനുകളുടെ വികസനത്തിലും വിതരണത്തിലും ഒരുമിച്ചു പ്രവർത്തിക്കാൻ രൂപീകരിച്ച കോവാക്സിന്റെ ഭാഗമായിട്ടുള്ളത്. ലഭ്യത കൂടി പരിഗണിച്ച് എല്ലാ രാജ്യങ്ങൾക്കും വാക്സീൻ ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
ന്യായമായ വില, വിവിധയിടങ്ങളിലെ ലഭ്യത തുടങ്ങിയവയിലും കോവാക്സിന്റെ സഹായമുണ്ടാകും. കോവിഡ് മഹാമാരിക്കെതിരെ ഒത്തൊരുമിച്ചുള്ള പ്രതിരോധം ലക്ഷ്യമിട്ടു രൂപീകരിച്ച ആക്‌സസ് ടു കോവിഡ് ടൂൾസ് ആക്‌സിലറേറ്ററിനു (എസിടി ആക്‌സിലറേറ്റർ) കീഴിലാണ് കോവാക്സിന്റെ പ്രവർത്തനം. ലോകത്താകെ 160 വാക്സീൻ ഗവേഷണങ്ങളാണ് നടക്കുന്നത്. ഇതിൽ 27 എണ്ണം മനുഷ്യരിലെ പരീക്ഷണം എന്ന നിർണായക ഘട്ടത്തിലേക്കു കടന്നു.
English Summary: Russia set to register world's first coronavirus vaccine on August 12