ഈ നാലു സൂചനകൾ അനാരോഗ്യത്തിന്റെ ലക്ഷണം; നിസ്സാരമാക്കരുത്
Mail This Article
ആരോഗ്യം ശരിയല്ലെന്നു സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങൾ ശരീരംതന്നെ പലപ്പോഴും നൽകാറുണ്ട്. എന്നാൽ ഭൂരിഭാഗം പേരും ഇത് പാടേ അവഗണിക്കുകയാണ് ചെയ്യാറ്. രോഗം ഗരുതുതരാവസ്ഥയിലാകുമ്പോഴാകും ആ ലക്ഷണത്തെക്കുറിച്ച് ഓർക്കുന്നത്. അപ്പോഴേക്കും പറഞ്ഞിട്ട് കാര്യമില്ല എന്ന അവസ്ഥയിലേക്ക് എത്തിയിട്ടുമുണ്ടാകും. ഇനി പറയുന്ന നാലു ലക്ഷണങ്ങള്‍ നാം വളരെെയധികം ശ്രദ്ധിക്കേണ്ടതാണ്.
∙ അമിതവണ്ണവും കുടവയറും
ഇതു രണ്ടും അനാരോഗ്യത്തിന്റെ അടയാളമാണെന്ന് നമുക്ക് ഏവർക്കും അറിയാം. പൊക്കിളിനു ചുറ്റും ടേപ്പ് കൊണ്ട് അളക്കുമ്പോൾ പുരുഷൻമാരിൽ 102 സെന്റിമീറ്ററിൽ കൂടുതലും സ്ത്രീകളിൽ 88 സെന്റിമീറ്ററിൽ കൂടുതലുമാണെങ്കിൽ കുടവയറായി കണക്കാക്കാം. വയറിനു ചുറ്റും കൊഴുപ്പ് അടിയുന്നത് ചില ഹോർമോണുകളുടെ ഉൽപാദനം കൂട്ടും. ഈ ഹോർമോണുകൾ രക്തക്കുഴലിൽ നീർവീക്കത്തിനു കാരണമാകും. മെറ്റബോളിക് സിൻഡ്രം, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ഹോർമോൺ സംബന്ധമായ രോഗങ്ങൾ തുടങ്ങി നടുവേദന, വിഷാദം എന്നിവയ്ക്കുവരെ കാരണമാകാം. ആഹാരക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും ശരീരഭാരം കുറയ്ക്കുമ്പോൾ കുടവയറും താനേ കുറയും.
ഒരു മാസത്തിനുള്ളിൽ മൂന്നു കിലോയിൽ കൂടുതൽ കൂടുന്നത് ശുഭസൂചനയല്ല. ബോഡിമാസ് ഇൻഡക്സ് വർധിച്ച് ഒരു മാസത്തിനുള്ളിൽതന്നെ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങാം. ഭക്ഷണം കുറച്ച് വ്യായാമം ചെയ്തിട്ടും ശരീരഭാരം കുറയുന്നില്ലെങ്കിൽ തൈറോയ്ഡ് പോലുള്ള രോഗമുണ്ടോയെന്ന് പരിശോധിക്കണം. പെട്ടെന്നു വണ്ണം കുറയുന്നതും അപകട സൂചനയാണെന്ന് ഓർക്കുക.
∙ നീർവീക്കം
ശരീരത്തിലെ വാട്ടർ– ഇലക്ട്രോലൈറ്റ് സന്തതുലനം നഷ്ടമാകുന്നതാണ് നീർവീക്കത്തിനു കാരണം. കരൾ, വൃക്ക പോലെ ആന്തരാവയവങ്ങളുടെ രോഗം കാരണവും ശരീരത്തിൽ നീരു കെട്ടാം. ഇന്നലെ ഇട്ട വസ്ത്രം ഇന്നു കയറുന്നില്ലെന്നു ചിലർ പറയുന്നതു കേട്ടിട്ടില്ലേ... ശരീരഭാരം കൂടിയിട്ടുമുണ്ടാകില്ല. ഇതിനു പിന്നിലെ കാരണം ഈ നീർക്കെട്ട് ആയിരിക്കും. ഇങ്ങനെ നീർവീക്കം ശ്രദ്ധയിൽ പെട്ടാൽ എത്രയും പെട്ടെന്ന് ചികിത്സ തേടണം.
∙ കൂർക്കംവലി
സ്‍ലീപ് അപ്നിയ എന്ന ഉറക്ക പ്രശ്നത്തിന്റെ സൂചനയാണ് കൂർക്കംവലി. ഇത് ഓക്സിജൻ ലഭിക്കുന്നതിലും ശ്വാസഗതി നിയന്ത്രിക്കുന്നതിലും വരുന്ന ഗുരുതരമായ വ്യത്യാസം സൂചിപ്പിക്കുന്നു. സാധാരണയായി വണ്ണം കൂടിയവരിലാണ് കൂർക്കംവലി കൂടുതലായി കണ്ടുവരുന്നത്. തൊണ്ടയിലെ പേശികളുടെ ബലക്കുറവു കാരണവും കൂർക്കംവലി ഉണ്ടാകാം. ഇത് പെട്ടെന്നുള്ള മരണത്തിനുവരെ കാരണമാകുന്ന ഒന്നായതിനാൽ നിസ്സാരമാക്കരുത്.
∙ കിതപ്പും ക്ഷീണവും
ഹൃദ്രോഗത്തിന്റെയും ശ്വാസകോശരോഗങ്ങളുടെയും ആദ്യ ലക്ഷണങ്ങളിലൊന്നാണ് കിതപ്പ്. രക്തത്തിലെ ഹീമോഗ്ലോബിൻ കുറഞ്ഞാലും കിതപ്പും ക്ഷീണവും അനുഭവപ്പെടാം. നേരത്തെ ചെയ്തിരുന്ന ജോലി ചെയ്യാൻ പ്രയാസം അനുഭവപ്പെടുന്നുണ്ടെങ്കിൽ അവഗണിക്കാതെ ഡോക്ടറെ കണ്ട് പരിശോധന നടത്തണം. ഹോർമോണുകളുടെ ഉൽപാദനത്തിൽ ക്രമക്കേടു വന്നാലും ഇത് അനുഭവപ്പെടാം.
English Summary: Never avoid these four unhealthy symptoms