ADVERTISEMENT

നിശ്ശബ്ദനായ കൊലയാളിയെ പോലെയാണ് വൃക്ക രോഗം. ദീര്‍ഘനാളായി വൃക്കകള്‍ പണിമുടക്കിയവര്‍ പോലും രോഗം സങ്കീര്‍ണമായി കഴിഞ്ഞതിന് ശേഷമാകും ഇത് തിരിച്ചറിയുക. അപ്പോഴേക്കും വല്ലാതെ വൈകിയിട്ടുണ്ടാകും. 

തുടക്കത്തില്‍തന്നെ കണ്ടെത്തിയാല്‍ ചില ജീവിതശൈലി മാറ്റങ്ങള്‍ വഴി വൃക്ക രോഗത്തെ നിയന്ത്രിക്കാനാകും. അതിനു ശ്രദ്ധ ചെലുത്തേണ്ടത് വൃക്കരോഗവുമായി ബന്ധപ്പെട്ട് ശരീരം പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങളിലാണ്. വൃക്ക രോഗികളില്‍ കണ്ടു വരുന്ന ചില രോഗലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്:

1. മൂത്രമൊഴിക്കുന്നതിലെ മാറ്റം

നിങ്ങള്‍ ഒഴിക്കുന്ന മൂത്രത്തിന്റെ അളവിലും ഇടവേളകളിലും ഉണ്ടാകുന്ന മാറ്റമാണ് വൃക്ക രോഗത്തിന്റെ ആദ്യ ലക്ഷണം. ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ മുട്ടുന്നതും മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ട് തോന്നുന്നതും വൃക്ക തകരാറിലായതിന്റെ സൂചനയാണ്. ഇരുണ്ട നിറത്തിലുള്ള മൂത്രം, പത നിറഞ്ഞ മൂത്രം, മൂത്രത്തില്‍ രക്തം, മൂത്രമൊഴിക്കുമ്പോള്‍ പുകച്ചിലും വേദനയും എല്ലാം വൃക്ക രോഗത്തിന്റെ ലക്ഷണങ്ങളാണ്. 

2. ശരീരത്തില്‍ നീര് വയ്ക്കല്‍

വൃക്കയുടെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നതോടെ അമിതമായ ഫ്‌ളൂയിഡ് ശരീരത്തില്‍ പല ഇടങ്ങളിലായി അടിയാന്‍ തുടങ്ങും. കൈകള്‍, കാലുകള്‍, സന്ധികള്‍, മുഖം, കണ്ണിന് താഴെ എന്നിങ്ങനെ പലയിടത്തായി ശരീരം നീരു വയ്ക്കാന്‍ ആരംഭിക്കും. നീര് വച്ചയിടത്ത് അമര്‍ത്തുമ്പോള്‍ അവിടം കുറച്ച് നേരത്തേക്ക് കുഴിഞ്ഞിരിക്കും. 

3. ക്ഷീണം, തളര്‍ച്ച

വൃക്ക പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാതെ ആകുമ്പോള്‍ ക്ഷീണവും തളര്‍ച്ചയും ഒരു ഊര്‍ജ്ജമില്ലാത്ത അവസ്ഥയുമൊക്കെ ഉണ്ടാകും. രക്തത്തിലെ മാലിന്യം പുറന്തള്ളാന്‍ വൃക്കയ്ക്ക് കഴിയാതെ വന്ന് അവ ശരീരത്തില്‍ അടിയുന്നതാണ് ഇതിന് കാരണം. ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ എണ്ണം കുറയുന്നതും ക്ഷീണത്തിന് കാരണമാണ്.

4. പുറം വേദന

പുറത്തും അടിവയറിന് വശങ്ങളിലുമുള്ള വേദനയാണ് മറ്റൊരു ലക്ഷണം. അടിവയറില്‍ നിന്നും നാഭിയിലേക്ക് പടരുന്ന വേദന മൂത്രത്തില്‍ കല്ലുകള്‍ രൂപപ്പെടുന്നതിന്റെയും ലക്ഷണമാകാം. 

5. ശ്വാസത്തിന് അമോണിയ ഗന്ധം

ശ്വാസത്തിന് അമോണിയ ഗന്ധമുണ്ടാകുന്നതും വായില്‍ ലോഹത്തിന്റേതിന് സമാനമായ രുചിയുണ്ടാകുന്നതും വൃക്കതകരാര്‍ മൂലമാകാം. വൃക്ക പ്രവര്‍ത്തനം നിര്‍ത്തുന്നതോടെ രക്തത്തില്‍ യൂറിയയുടെ തോത് ഉയരും. യൂറിയ ഉമിനീരില്‍ അമോണിയയായി മാറുന്നതിനാല്‍ മൂത്രത്തിന് സമാനമായ ഗന്ധം വായില്‍ നിന്നുയരും. 

6. എപ്പോഴും തണുപ്പ് തോന്നുക

വൃക്കതകരാര്‍ കൊണ്ടുണ്ടാകുന്ന അനീമിയ ചൂട് പരിതസ്ഥിതിയില്‍ പോലും നിങ്ങള്‍ക്ക് തണുപ്പ് തോന്നിപ്പിക്കും. എപ്പോഴും തണുപ്പ് തോന്നുകയും ഒപ്പം തലചുറ്റലും തളര്‍ച്ചയും തോന്നിയാല്‍ ഉടനെ ഡോക്ടറെ കാണണം. 

English Summary : Kidney disease symptoms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com