ഒരാള്‍ക്ക് സ്‌കിസോഫ്രീനിയ ഉണ്ടാകാനുള്ള സാധ്യത പ്രവചിക്കും മറുപിള്ളയിലെ ജീനുകള്‍
Mail This Article
ഒരു ശിശു ഗര്‍ഭപാത്രത്തിലിരിക്കേ അതിന്റെ മറുപിള്ളയിലുള്ള ജീനുകള്‍ക്ക് ഭാവിയില്‍ ആ ശിശുവിന് സ്‌കിസോഫ്രീനിയ ഉണ്ടാകുമോ എന്ന് പ്രവചിക്കാന്‍ സാധിക്കുമെന്ന് പഠനം. ജനിതകപരമായ കാരണങ്ങളാണ് സ്‌കിസോഫ്രീനിയക്ക് പിന്നിലുള്ളതെന്ന് ഉറപ്പിക്കുന്നതാണ് പുതിയ കണ്ടെത്തല്‍. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ലൈബര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബ്രെയ്ന്‍ ഡവലപ്‌മെന്റിലെയും നോര്‍ത്ത് കാരലിന സര്‍വകലാശാലയിലെയും ഗവേഷകരാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്.
മറുപിള്ളയുടെ ആരോഗ്യം മെച്ചപ്പെടുത്തി ശിശുവിന്റെ സ്‌കിസോഫ്രീനിയ സാധ്യത കുറയ്ക്കാന്‍ ഉദ്ദേശിച്ചുള്ള ജൈവശാസ്ത്ര പ്രക്രിയകളെയും പഠനത്തില്‍ തിരിച്ചറിഞ്ഞതായി ലൈബര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡാനിയല്‍ ആര്‍. വെയ്ന്‍ബര്‍ഗര്‍ പറഞ്ഞു.
പലപ്പോഴും കുട്ടി വളര്‍ന്ന് വലുതാകും വരെ സ്‌കിസോഫ്രീനിയ ലക്ഷണങ്ങളൊന്നും പ്രത്യക്ഷമായെന്ന് വരില്ല. പെട്ടെന്നൊരു ദിവസമല്ല, മറിച്ച് ക്രമേണയാണ് ഈ രോഗം തുടങ്ങുന്നത്. സ്‌കിസോഫ്രീനിയക്ക് വിവിധ മുഖങ്ങളുണ്ട്. ഇതിനാല്‍തന്നെ ഇതിന്റെ ലക്ഷണങ്ങളും വൈവിധ്യമാര്‍ന്നതാണ്. ചിലര്‍ക്ക് ഒരു ആശയക്കുഴപ്പമോ ചിതറിയ ചിന്തകളൊക്കെയോ ആയിട്ടാകാം സ്‌കിസോഫ്രീനിയ പ്രത്യക്ഷപ്പെട്ട് തുടങ്ങുക. രോഗം തീവ്രമാകുന്ന സാഹചര്യത്തില്‍ മിഥ്യാനുഭവങ്ങള്‍ ഉണ്ടായി തുടങ്ങും. മറ്റുള്ളവര്‍ക്ക് കേള്‍ക്കാന്‍ കഴിയാത്തത് കേള്‍ക്കുക, കാണാന്‍ കഴിയാത്തത് കാണുക, ആരോക്കെയോ നമ്മെ ആക്രമിക്കാന്‍ വരുന്നു എന്ന തോന്നലുണ്ടാകുക എന്നിവയെല്ലാം ഈ രോഗത്തിന്റെ ലക്ഷങ്ങളാണ്.
അഞ്ചില്‍ നാലു കേസുകളിലും ജീനുകളാണ് സ്‌കിസോഫ്രീനയ്ക്ക് കാരണമാകുന്നതെന്ന് ഇരട്ടകുട്ടികളില്‍ നടന്ന പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അപ്പോഴും 20 ശതമാനം കേസുകളില്‍ ജനിതകപരമല്ലാത്ത കാരണങ്ങള്‍ സ്‌കിസോഫ്രീനിയ്ക്ക് പിന്നിലുണ്ടാകാമെന്ന് കരുതുന്നു.
കുട്ടിക്കാലത്തെ രോഗങ്ങള്‍, ജനനത്തിനു മുന്‍പും ശേഷവുമുള്ള വെല്ലുവിളികള്‍, കുട്ടി ജനിച്ച കാലാവസ്ഥ തുടങ്ങിയ ഘടകങ്ങളും സ്‌കിസോഫ്രീനിയയുമായുള്ള ബന്ധം ജനസംഖ്യാധിഷ്ഠിത പഠനങ്ങള്‍ പരിശോധിച്ചിട്ടുണ്ട്.
ഗര്‍ഭസ്ഥ ശിശുവിന്റെ സ്‌കിസോഫ്രീനിയ ജനിതക സ്‌കോറും ശിശുവിന്റെ ആദ്യ രണ്ടു വര്‍ഷത്തെ പെരുമാറ്റ ശീലങ്ങളും വളര്‍ച്ചയിലെ സങ്കീര്‍ണതകളും നിരീക്ഷിച്ച് അവലോകനം ചെയ്തു കഴിഞ്ഞാല്‍ ഭാവിയിലെ സ്‌കിസോഫ്രീനിയ സാധ്യതകള്‍ തിരിച്ചറിഞ്ഞ് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ കഴിയുമെന്നും ഗവേഷകര്‍ പറയുന്നു. പ്രൊസീഡിങ്ങ്‌സ് ഓഫ് ദ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് ജേണലിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
English Summary : Genes in The Placenta Appear to Determine a Baby's Risk of Developing Schizophrenia