ചുമയുമായി എത്തിയ കുട്ടിയുടെ ശ്വാസകോശത്തിൽ കണ്ടെത്തിയത് പേനയുടെ ടോപ്പ്; ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്ത് ഡോക്ടർമാർ
Mail This Article
ഏഴ് വയസ്സുകാരന്റെ ശ്വാസകോശത്തിൽ ഒരുമാസത്തോളം കുടുങ്ങികിടന്നിരുന്ന പേനയുടെ ടോപ്പ് ഡോക്ടർമാർ പുറത്തെടുത്തു. ഒരു മാസത്തിലധികമായി ഇടുക്കി സ്വദേശിയായ ഏഴ് വയസുകാരന്റെ ശ്വാസകോശത്തിൽ കുടുങ്ങികിടന്നിരുന്ന പേനയുടെ ടോപ്പ് രാജഗിരി ആശുപത്രിയിലെ ഡോക്ടർമാർ ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്തു. കുട്ടിയുടെ ശ്വാസകോശത്തിൽ പേനയുടെ ഒരു ഭാഗം കുടുങ്ങിയിരിക്കുന്ന വിവരം . മാതാപിതാക്കൾക്കും അറിവില്ലായിരുന്നു. കുറച്ചുദിവസമായി ചുമയുണ്ടായിരുന്ന കുട്ടിയെ പരിശോധനക്കായി ഇടുക്കിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ദിവസങ്ങൾക്ക് ശേഷവും ചുമ വിട്ടുമാറാതിരുന്നതോടയാണ് പീഡിയാട്രീഷ്യൻ കൂടുതൽ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി കുട്ടിയെ ആലുവ രാജഗിരി ആശുപത്രിയിലെ ശ്വാസകോശ രോഗ ചികിത്സാ വിഭാഗം തലവൻ ഡോ. വി. രാജേഷിന്റെ അടുത്തേക്ക് റഫർ ചെയ്യുന്നത്.
കുട്ടിയുടെ വീണ്ടുമെടുത്ത എക്സ്റേയിൽ സംശയം തോന്നിയ ഡോക്ടർ നെഞ്ച് ഭാഗത്തിന്റെ സി ടി സ്കാൻ പരിശോധന നടത്തി. ഈ പരിശോധനയിൽ ഇടത്തെ ശ്വാസകോശത്തിൽ പേനയുടെ ടോപ്പിനോ വിസിലിനോ സമാനമായ എന്തോ കുടുങ്ങി കിടക്കുന്നതായി കണ്ടെത്തി. തുടർന്ന് കുടുങ്ങി കിടക്കുന്ന വസ്തു പുറത്തെടുക്കുന്നതിനായി പീഡിയാട്രിക് സർജറി വിഭാഗത്തിലെ ഡോ, അഹമ്മദ് കബീറിന്റെ നേതൃത്വത്തിലുള്ള സംഘം ശ്രമം ആരംഭിച്ചു. കുടുങ്ങികിടന്നിരുന്ന വസ്തുവിന്റെ ആകൃതിയും അതിന്റെ സ്ഥാനവും സാധാരണ ബ്രോങ്കോസ്കോപിയിലൂടെ അത് പുറത്തെടുക്കുവാനുള്ള സാധ്യത ഇല്ലാതാക്കി. താരതമ്യേന സങ്കീർണമായ റിജിഡ് ബ്രോങ്കോസ്കോപിയിലൂടെ പുറത്തെടുക്കാൻ ഡോ. അഹമ്മദ് കബീർ തീരുമാനിക്കുകയായിരുന്നു.
കുട്ടിയുടെ പ്രായം കണക്കിലെടുത്ത് ഭാഗികമായ രീതിയിൽ അനസ്തീസിയയും നൽകിയാണ് ബ്രോങ്കോസ്കോപി ആരംഭിച്ചത്. ഏകദേശം മുപ്പത് മിനിറ്റിനുള്ളിൽ തന്നെ വിജയകരമായി ശ്വാസകോശത്തിൽ കുടുങ്ങി കിടന്നിരുന്ന പേനയുടെ ടോപ്പ് പുറത്തെടുക്കുന്നതിൽ ഡോക്ടർമാർ വിജയിച്ചു. വിവിധ പദാർഥങ്ങൾ കുടുങ്ങി രാജഗിരി ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരെ ഫലപ്രദമായി ചികിത്സിക്കാൻ സാധിക്കുന്നത് ഡോക്ടർമാരുടെ പരിചയ സമ്പത്തും ആശുപത്രിയിൽ ഒരുക്കിയിരിക്കുന്ന നുതന ഉപകരണങ്ങളുടെ സഹായത്താലുമാണെന്ന് ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി സിഎംഐ പറഞ്ഞു. അനസ്തീസിയ വിഭാഗം മേധാവി ഡോ. സച്ചിൻ ജോർജ്ജ്, ഡോ. ശിൽപ്പാ ജോസ് എന്നിവർ ചികിത്സയിൽ പങ്കാളികളായി.