ADVERTISEMENT

കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം ലോകത്ത് പല രാജ്യങ്ങളും സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഇക്കാലയളവിൽ പലരും വീടുകളിൽ അടച്ചിരിക്കുന്നതോടെ ജനസംഖ്യാ വർധനവുണ്ടാകുമെന്നും ഒരു ബേബി ബൂം തുടർന്നുള്ള വർഷങ്ങളിൽ പ്രതീക്ഷിക്കാമെന്നും  കരുതപ്പെട്ടിരുന്നു. എന്നാൽ നേരെ മറിച്ചാണ് സംഭവിച്ചതെന്നും കോവിഡിനെ തുടർന്ന് പലരാജ്യങ്ങളിലും ജനനനിരക്ക് കുത്തനെ കുറയുകയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

അമേരിക്കയിൽ  ജനനനിരക്ക് തുടർച്ചയായി ആറാം വർഷവും താഴേക്കാണ്. കോവിഡ് മഹാമാരി ഈ വീഴ്ചയ്ക്ക് ആക്കംകൂട്ടിയെന്നു ഗവൺമെന്റ് വൃത്തങ്ങൾ പറയുന്നു.   കോവിഡിനെ തുടർന്ന് തത്ക്കാലം ഗർഭിണിയാകേണ്ട എന്നു തീരുമാനിച്ചിരിക്കുകയാണ് പല സ്ത്രീകളും. 2020 ഡിസംബറിൽ അതിനു മുൻവർഷത്തെ അതേ കാലയളവിനെ അപേക്ഷിച്ച് 8% ആണ് ജനനനിരക്ക് കുറഞ്ഞത്. 2020 ആകെ എടുത്താൽ 4 ശതമാനത്തോളം കുറവ് ജനന നിരക്കിൽ ഉണ്ടായി. 2020ൽ 3605201 ജനനങ്ങളാണ് അമേരിക്കയിൽ നടന്നത്. ഇത് 1979 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന സംഖ്യയാണ്.

അമേരിക്കയിൽ മാത്രമല്ല ഫ്രാൻസ്, ചൈന, ഇറ്റലി ഉൾപ്പെടെയുള്ള രാജ്യങ്ങളിലും ജനനനിരക്ക്  കുറഞ്ഞു. ചൈനയിൽ നവജാത ശിശുക്കളുടെ റജിസ്ട്രേഷൻ 15 ശതമാനമാണ് കുറഞ്ഞത്. ഇറ്റലിയിലെ 15 നഗരങ്ങളിൽ ജനനനിരക്ക് 22 ശതമാനം കുറഞ്ഞു. ജപ്പാനിലും സമാനമാണ് സ്ഥിതി. ഫ്രാൻസിൽ ആകട്ടെ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ജനനനിരക്ക്. ഇന്ത്യയിലും മഹാമാരിക്ക്‌ മുൻപുണ്ടായിരുന്ന അളവിൽ പ്രസവങ്ങൾ ആശുപത്രിയിൽ നടക്കുന്നില്ലെന്ന് ഡോക്ടർമാർ പറയുന്നു. അതേസമയം ഗർഭച്ഛിദ്രം നടത്തുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ടെന്ന് ഡോക്ടർമാർ  ചൂണ്ടിക്കാണിക്കുന്നു.

മഹാമാരി സമ്പദ് വ്യവസ്ഥയിൽ ഉണ്ടാക്കിയ ആഘാതമാണ് ജനന നിരക്കിലും പ്രതിഫലിക്കുന്നത്. വരുമാനം വർധിക്കുമ്പോൾ ജനം കുടുംബം വികസിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയും വരുമാന, തൊഴിൽനഷ്ടം സംഭവിക്കുമ്പോൾ കുട്ടികളുടെ എണ്ണം കുറയ്ക്കാൻ തീരുമാനമെടുക്കുകയും ചെയ്യാറുണ്ട്. ആരോഗ്യപരമായ ഉത്കണ്ഠകളും  ജനന നിരക്ക് കുറയാൻ കാരണമായിട്ടുണ്ടാകും. ഗർഭിണികൾക്കും ഗർഭസ്ഥ ശിശുക്കൾക്കും കോവിഡ് വന്നാൽ ഉണ്ടാകുന്ന സങ്കീർണതകൾ കുട്ടികൾ പിന്നീട് മതി എന്ന തീരുമാനത്തിലേക്ക് ദമ്പതികളെ എത്തിച്ചിട്ടുണ്ടാകാം.

മഹാമാരി പോലുള്ള പ്രതിസന്ധികൾ ജനനനിരക്ക് കുറയ്ക്കുന്നത് ഇതാദ്യമല്ല. 1918-19ലെ സ്പാനിഷ് ഫ്ലൂവും, 2008ലെ സാമ്പത്തിക മാന്ദ്യവുമെല്ലാം പലരാജ്യങ്ങളിലും മുൻപ് ജനനനിരക്ക് കുറച്ചിട്ടുണ്ട്. ജനനനിരക്ക് ഈ വിധത്തിൽ കുറയുകയും കോവിഡ് മൂലം കൂടുതൽ ആളുകൾ മരിച്ചു വീഴുകയും ചെയ്യുന്നത്  മറ്റൊരു ജനസംഖ്യാ പ്രതിസന്ധിയിലേക്കാണ് ലോകത്തെ നയിക്കുന്നത്. ഇത് വരും വർഷങ്ങളിൽ രാജ്യങ്ങളുടെ തൊഴിൽ ശേഷിയെ കാര്യമായി ബാധിക്കാനിടയുണ്ട്. ഇതിനാൽ ജനനനിരക്ക് ഉയർത്താനുള്ള ശ്രമങ്ങൾ പല രാജ്യങ്ങളും ഇതിനകം ആരംഭിച്ചു കഴിഞ്ഞു. കുട്ടികളുണ്ടാകുന്നത് പ്രോത്സാഹിപ്പിക്കാൻ ചൈൽഡ് ടാക്സ് ക്രെഡിറ്റ്, അലവൻസുകൾ പോലുള്ളവ അമേരിക്ക, സിംഗപ്പൂർ തുടങ്ങിയ ചില രാജ്യങ്ങൾ പ്രഖ്യാപിച്ചു.

English Summary : COVID- 19; The US birthrate has dropped again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com