ADVERTISEMENT

കോവിഡ് ബാധിതരിൽ ഏറ്റവുമധികമായി കണ്ടുവരുന്ന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് ശ്വാസതടസ്സം. കോവിഡ് ഭേദമായ ശേഷവും ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ ഒട്ടേറെ ആളുകളിൽ കാണുന്നു. ശ്വാസനാളിയിൽ ഉണ്ടാകുന്ന വീക്കവും മറ്റുമാണ് ഈ അവസ്ഥ നീണ്ടുനിൽക്കുന്നതിനുള്ള കാരണം. ഇത്തരത്തിൽ കോവിഡനന്തരമായി കണ്ടുവരുന്ന ബുദ്ധിമുട്ടുകൾ മാറുന്നതിന് ആറു മാസം മുതൽ ഒരു വർഷം വരെ സമയമെടുക്കും എന്നാണ് തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിലെ ശ്വാസകോശരോഗ വിദഗ്ധൻ ഡോ. ലൂക്ക് മാത്യു (പൾമനോളജി വിഭാഗം മേധാവി) പറയുന്നത്. ശ്വാസകോശ ആരോഗ്യം എങ്ങനെ പരിരക്ഷിക്കാം, ശ്വാസകോശ രോഗികൾ കോവിഡ് വന്നാൽ എന്തൊക്കെ ചെയ്യണം തുടങ്ങിയ വിഷയങ്ങളിൽ മനോരമ സംഘടിപ്പിച്ച ഫോൺ ഇൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

? ശ്വാസകോശ സംബന്ധമായ രോഗത്തിന് മരുന്നു കഴിക്കുന്നുണ്ട്. കോവിഡ് പോസിറ്റീവായിരുന്നു. ഇപ്പോൾ ഭേദമായി. എന്നാൽ ഇപ്പോൾ മരുന്നുകൾ കഴിക്കുമ്പോൾ കലശലായ നെഞ്ചെരിച്ചിലാണ്. ഇത് കോവിഡ് വന്നതുകൊണ്ടുള്ള പ്രശ്നമാണോ. മരുന്നുകൾ തുടരണോ. 

(വർഗീസ് മാത്യു, കോന്നി)

നിങ്ങൾ കഴിക്കുന്ന മരുന്നുകൾ ശ്വാസകോശം ചുരുങ്ങുന്നത് തടയാനുള്ളവയാണ്. ഇവയുടെ പാർശ്വഫലമായി കരളിനു ചെറിയ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതകളുണ്ട്. നെഞ്ചെരിച്ചിലിന് ആന്റാസിഡ് മരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കാവുന്നതാണ്. ഇപ്പോൾ കഴിക്കുന്ന മരുന്നുകളും തുടരാം. കോവിഡനന്തര വൈഷമ്യങ്ങൾ കാലക്രമേണയേ മാറൂ.

? വർഷങ്ങൾക്കു മുൻപ് ആസ്മ വന്നിട്ടുണ്ട്. പിന്നീട് പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. കോവിഡ് പോസിറ്റീവായിരുന്നു. ഇപ്പോൾ ഭേദമായി. വീടിന്റെ പെയ്ന്റിങ് തുടങ്ങിയപ്പോൾ വീണ്ടും അലർജിയും നടക്കുമ്പോൾ ശ്വാസതടസ്സവും അനുഭവപ്പെടുന്നു. നെബുലൈസർ ഉപയോഗിക്കുന്നുണ്ട്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ കാരണമാണോ ശ്വാസതടസ്സമുണ്ടാകുന്നത്. 

(ഷാജിത, പത്തനംതിട്ട)

ഇത് ആസ്മയുടെ ലക്ഷണമായാണ് തോന്നുന്നത്. കോവിഡ് ഭേദമായവരിലും ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ കണ്ടുവരുന്നുണ്ട്. ഇൻഹെയ‌്‌ലർ ഉപയോഗിക്കുന്നതും നല്ലതാണ്.

? കോവിഡ് പോസിറ്റീവായിട്ട് 19 ദിവസമായി. ഭേദമായി വീട്ടിലെത്തിയ ശേഷവും ശ്വാസതടസ്സം തുടരുകയാണ്. 13 വയസ്സുള്ള മകളും കോവിഡ് പോസിറ്റീവ് ആയിരുന്നു. കുട്ടിക്കും ഇപ്പോൾ ശ്വാസംമുട്ടൽ തുടങ്ങിയിട്ടുണ്ട്. രാത്രിയിൽ കിടക്കുമ്പോഴും നടക്കുമ്പോഴും ശ്വാസതടസ്സം അനുഭവപ്പെടുന്നു. ഡോക്ടറെ കാണിച്ചപ്പോൾ ഓക്സിജന്റെ അളവ് നോർമൽ ആണെന്നു പറഞ്ഞു. 

(ജയ, പത്തനംതിട്ട) 

രോഗം പൂർണമായി മാറാത്തതിനാലാണ് ഇത്തരത്തിൽ പ്രശ്നങ്ങൾ അനുഭവപ്പെടുന്നത്. ഇതിനു പ്രതിവിധിയായി ശരീരത്തിനു വ്യായാമം നൽകണം. ദിവസവും കുറച്ചു സമയം നടക്കുന്നത് നല്ലതാണ്. നടത്തത്തിന്റെ വേഗം ദിവസേന കൂട്ടുക. കുട്ടിയുടെ കാര്യത്തിൽ, നടക്കുമ്പോൾ ശ്വാസതടസ്സം അനുഭവപ്പെടുന്നത് ഓക്സിജന്റെ അളവ് ശരീരത്തിൽ കുറയുന്നതുകൊണ്ടാണ്. വെറുതെ ഇരിക്കുന്ന അവസരത്തിൽ ഓക്സിജന്റെ അളവ് നോർമലായിരിക്കുകയും നടക്കുമ്പോൾ ഇത് കൂടുകയും ചെയ്യാം. കുട്ടിക്ക് വോക്കിങ് ടെസ്റ്റ് നടത്തിയാൽ ഓക്സിജന്റെ അളവ് കണ്ടെത്താം. കിടക്കുമ്പോൾ ഡയഫ്രം മസിൽ മുകളിലേക്കു കയറുന്നു. ഇതാണ് ശ്വാസതടസ്സത്തിനു കാരണം. ഇതിനു പ്രതിവിധിയായി കുട്ടിയോട് കമിഴ്ന്നു കിടക്കാൻ പറയുക. പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ വിദഗ്ധ ഡോക്ടറുടെ സഹായം തേടുക.

? ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് മരുന്നു കഴിക്കുന്നുണ്ട്. ഹൃദ്രോഗി കൂടിയാണ്. ശ്വാസകോശം ചുരുങ്ങി ഹൃദയത്തിന്റെ ഭിത്തിയിൽ നീർക്കെട്ടുണ്ടാക്കുന്നു. ശ്വാസകോശത്തിന്റെ മുകൾഭാഗത്ത് കുരുക്കളുമുണ്ട്. മരുന്നുകൾ കഴിക്കുന്നുണ്ട്. ടെൻഷൻ ഉണ്ടാകുമ്പോൾ വെപ്രാളവും ഉറക്കമില്ലായ്മയും മറ്റു പ്രശ്നങ്ങളും ഉണ്ടാകുന്നു. 

(ബഷീർ, അടൂർ)

ഇവിടെ പറഞ്ഞ ലക്ഷണങ്ങൾ പലതരത്തിലുള്ള രോഗങ്ങൾകൊണ്ട് ഉണ്ടാകാവുന്നതാണ്. ശ്വാസകോശത്തിന്റെ മുകളിലുള്ള കുരുക്കളെപ്പറ്റി വ്യക്തമായി പറയണമെങ്കിൽ എക്സ്റേ കാണേണ്ടതുണ്ട്. ഇപ്പോൾ കഴിക്കുന്ന മരുന്നുകൾ തുടരുക. പ്രയാസങ്ങൾ കുറയുന്നില്ലെങ്കിൽ വിദഗ്ധ ചികിത്സ തേടുക.

? 10 ദിവസമായി കോവിഡ് പോസിറ്റീവ് ആയിട്ട്. ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതിനാൽ ആന്റിബയോട്ടിക്സ് കഴിക്കുന്നുണ്ട്. ആൻജിയോപ്ലാസ്റ്റി ചെയ്തിട്ടുള്ളയാളാണ്. ഇപ്പോൾ കടുത്ത ചുമ ഉണ്ടാകുന്നു. ആവി കൂടെക്കൂടെ പിടിക്കുന്നുണ്ട്. 

(തോമസ്, കുളനട)

കോവിഡിനു ശേഷം 3 ആഴ്ചവരെ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. ഇതിന് ആന്റിബയോട്ടിക്സ് കഴിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. ഇത് അണുബാധയ്ക്ക് കാരണമായേക്കാം. ശരിയായ രീതിയിൽ ആവി പിടിക്കുന്നത് ആശ്വാസമാകും. ഹൃദയസംബന്ധമായ രോഗങ്ങൾക്കു കഴിക്കുന്ന മരുന്നുകൾ തുടരുക. ഓക്സിജൻ ലെവൽ ദിവസവും പരിശോധിക്കുക. 

? 19 വയസ്സുള്ള മകന് ശ്വാസംമുട്ടലും തുമ്മലുമാണ്. മകനു വാക്സീൻ എടുക്കാമോ. 

(ശ്രീന, മല്ലപ്പള്ളി) 

വാക്സിനേഷൻ സംബന്ധിച്ച അലർജികൾ 10 ലക്ഷത്തിൽ 1.3 പേർക്കേ ഉണ്ടാകാറുള്ളൂ. ഇത്തരത്തിലുള്ള ആളുകൾ വാക്സീൻ സ്വീകരിക്കുന്നത് ആശുപത്രികളിൽ നിന്നായാൽ പേടിക്കേണ്ട കാര്യമില്ല. വാക്സീൻ എടുത്ത ശേഷം അരമണിക്കൂർ ആശുപത്രിയിൽതന്നെ ചെലവഴിക്കുക. എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടാകുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടാൻ ഇതുപകരിക്കും.

English Summary : COVID- 19 related lung problems

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com