മംഗലപുരം സ്റ്റേഷനിലെ പൊലീസുകാർ എപ്പോഴും ‘ഫിറ്റാ’ണ്, കാരണം ഏറ്റുമാനൂർ സ്വദേശി ടോംസൻ !
Mail This Article
തിരുവനന്തപുരം ജില്ലയിലെ മംഗലപുരം സ്റ്റേഷനിലെ പൊലീസുകാർക്ക് ദിവസവും ആരോഗ്യ പരിശോധനയുണ്ട്. പരിശോധന നടത്തുന്നത് സ്റ്റേഷൻ ഹൗസ് ഓഫിസറായ കെ.പി. ടോംസനാണ്. നഴ്സ് കൂടിയാണ് ടോംസൻ.
എന്നും രാവിലെ ടോംസൻ എസ്ഐ അടക്കം എല്ലാവരുടെയും താപനിലയും ഓക്സിജൻ നിലയും പ്രഷറും ഹാർട്ട് ബീറ്റുമൊക്കെ പരിശോധിക്കും. സ്റ്റെതസ്കോപ് അടക്കം എല്ലാ ഉപകരണങ്ങളും സ്റ്റേഷനിലുണ്ട്.
ഏറ്റുമാനൂർ സ്വദേശി ടോംസൻ ആറ് മാസം മുൻപാണ് മംഗലപുരം സ്റ്റേഷനിൽ എത്തുന്നത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ എല്ലാ ഉദ്യോഗസ്ഥരുടെയും ആരോഗ്യ പരിശോധന നടത്തിയാണ് ദിവസവും ഡ്യൂട്ടി നിശ്ചയിക്കുന്നത്.
സ്റ്റേഷനതിർത്തിയിൽ അപകടം ഉണ്ടായാൽ പാഞ്ഞെത്തുന്ന സംഘത്തിൽ എപ്പോഴുമുണ്ടാവുക ടോംസനാണ്. 1998 മുതൽ 2004 വരെ കോട്ടയം മെഡിക്കൽ കോളജിൽ ടോംസൻ നഴ്സായി ജോലി ചെയ്തിരുന്നു. സർജിക്കൽ, സൈക്യാട്രി, വയോജന വാർഡുകളിലും ഓപ്പറേഷൻ തിയറ്ററിലുമെല്ലാം സേവനം ചെയ്തിട്ടുണ്ട്. ആലപ്പുഴ രാമങ്കരിയിൽ സബ് ഇൻസ്പെക്ടറായിരിക്കുമ്പോൾ ഹർത്താൽ ദിനത്തിൽ വാഹനം കിട്ടാതെ വിഷമിച്ച ഗർഭിണിയെ പൊലീസ് ജീപ്പിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി പ്രസവിച്ചു. ശുശ്രൂഷ ചെയ്ത് അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. വാകത്താനം പൊലീസ് സ്റ്റേഷനിൽ നിന്നാണ് ടോംസൺ മംഗലപുരം സ്റ്റേഷനിൽ എത്തിയത്.
Content Summary : Thiruvananthapuram Mangalapuram Police Station House Officer K.P. Tomson