വജൈനയിലെ കാൻസർ; ഈ അസ്വാഭാവിക ലക്ഷണങ്ങള്‍ അവഗണിക്കരുത്
Mail This Article
ജനനേന്ദ്രിയ അര്‍ബുദങ്ങളില്‍ വളരെ അപൂര്‍വമായ ഒന്നാണ് യോനിയിലെ അര്‍ബുദം. വജൈനയുടെ പുറം ഭാഗത്തുള്ള കോശങ്ങളിലാണ് പലപ്പോഴും ഇത് കാണപ്പെടുന്നത്. ആദ്യ ഘട്ടങ്ങളില്‍ കണ്ടെത്താനായാല്‍ യോനീനാളിയിലെ അര്‍ബുദ കോശങ്ങളെ മുറിച്ച് മാറ്റുന്നതും റേഡിയേഷന് ചികിത്സയും ഫലപ്രദമാണ്.
യോനിയിലെ അര്‍ബുദം നേരത്തെ കണ്ടെത്താന്‍ ഇനി പറയുന്ന ലക്ഷണങ്ങളെ നിസ്സാരമായി അവഗണിക്കാതിരിക്കുക.
1. അസ്വാഭാവികമായ രക്തസ്രാവം
യോനിയില്‍ നിന്ന് വരുന്ന ക്രമം തെറ്റിയതും അസ്വാഭാവികവുമായ രക്തസ്രാവം യോനീ അര്‍ബുദത്തിന്റെ ലക്ഷണങ്ങളിലൊന്നാണ്. ഇത് മാസമുറയുടെ സമയത്തെ രക്തമൊഴുക്കില്‍ നിന്ന് വ്യത്യസ്തമാണ്. ചില സമയത്ത് കട്ട പിടിച്ച രക്തമായും ചിലപ്പോള്‍ ചുവന്ന നിറത്തിലെ യോനീ സ്രവമായും ഇത് കാണപ്പെടാം.
2. യോനിയില്‍ മുഴ
സ്തനാര്‍ബുദമാകട്ടെ, യോനിയിലെ അര്‍ബുദമാകട്ടെ മുഴകള്‍ പ്രത്യക്ഷപ്പെടുന്നത് ഒരു പ്രധാന ലക്ഷണമാണ്. അതിനാല്‍ അത് നിസ്സാരമായി തള്ളരുത്. യോനിയില്‍ മുഴയുണ്ടാകുന്ന പക്ഷം, അവ അപകടകരമാണോ അല്ലയോ എന്നറിയാന്‍ ഡോക്ടറെ കാണേണ്ടതും ആവശ്യമായ പരിശോധനകള്‍ നടത്തേണ്ടതുമാണ്.
3. മൂത്രമൊഴിക്കുമ്പോള്‍ വേദന
മൂത്രമൊഴിക്കുമ്പോള്‍ ഉണ്ടാകുന്ന പെട്ടെന്നുള്ള വേദനയും വിട്ടുമാറാത്ത വേദനയും ചൊറിച്ചിലുമൊക്കെ യോനിയിലെ അര്‍ബുദത്തിന്റെ ലക്ഷണങ്ങളാകാം.
4. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ വേദന
പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സമയത്തെല്ലാം വേദന തോന്നുന്നുണ്ടെങ്കില്‍ അത് സാധാരണമല്ല. യോനിയിലെ അര്‍ബുദം മൂലമാകാം ഈ വേദനയെന്നതിനാല്‍ ഉടനടി ഡോക്ടറെ കാണേണ്ടതാണ്.
5. യോനിയില്‍ നിറംമാറ്റം
ഇളം പിങ്ക് നിറത്തിലുള്ള യോനിയുടെ നിറം പെട്ടെന്ന് മാറുന്നതും ശ്രദ്ധിക്കേണ്ട ലക്ഷണമാണ്. നിറം മാറ്റത്തിനൊപ്പം യോനിയില്‍ നിന്ന് ദുര്‍ഗന്ധവും യോനിക്ക് ചൊറിച്ചിലും തിണര്‍പ്പും ഒക്കെ അനുഭവപ്പെടുന്നുണ്ടെങ്കില്‍ അവ ഗൗരവമായി പരിശോധിക്കപ്പെടണം.
English Summary : 5 unusual symptoms of Vaginal Cancer