ADVERTISEMENT

ഒരു ഗർഭപാത്രത്തിന്റെ ഏറ്റവും ഉള്ളിലെ അവരണമാണ് എൻഡോമെട്രിയം. ഈ ഉൾഭിത്തിയിൽ കാൻസർ ഉണ്ടാകുമ്പോൾ ആണ്  എൻഡോമെട്രിയൽ കാൻസർ (Endometrial Cancer) എന്നു പറയുന്നത്. 95 %വും ഈ കാൻസർ 50 വയസ്സിന് മുകളിലുള്ള ആർത്തവ വിരാമം എത്തിയ (Postmenopausal) സ്ത്രീകളിലാണ് കാണപ്പെടുന്നതെങ്കിലും ഈ കാൻസർ വരാനുള്ള ശരാശരി പ്രായം 60 വയസ്സാണ്. ഒരു 5 ശതമാനം 50 വയസ്സിന് താഴെയുള്ള സ്ത്രീകളിലും ഈ കാൻസർ കാണപ്പെടാറുണ്ട്. 

ലക്ഷണങ്ങൾ?

പ്രധാനപ്പെട്ട ലക്ഷണം ഇടവിട്ടു വരുന്ന വജൈനൽ ബ്ലീഡിങ് ആണ്. ആർത്തവവിരാമമായ സ്ത്രീകളിൽ ആർത്തവം നിന്നിട്ടും ഉണ്ടാവുന്ന ബ്ലീഡിങ് ആയിട്ടാണ് ഉണ്ടാവുന്നത്. 

ആർത്തവമുള്ള സ്ത്രീകളിൽ സാധാരണയിലും അളവിൽ കൂടുതലായി ബ്ലീഡിങ് ആയിട്ടാണ് ഉണ്ടാവുന്നത്. രണ്ട് ആർത്തവ ചക്രങ്ങൾക്കിടയിൽ ബ്ലീഡിങ് ഉണ്ടാവുക, അധികമായി നീണ്ടു നിൽക്കുന്ന ആർത്തവ സമയത്തെ ബ്ലീഡിങ് എന്നിവയാണ് കാണപ്പെടുന്നത്. അമിതമായ വജൈനൽ ഡിസ്ചാർജ് അഥവാ യോനിസ്രവം അതും രക്തം കലർന്നതായിട്ടും, ചിലപ്പോൾ അടിവയറ് വേദനയായിട്ടും ലക്ഷണം കാണിക്കാം. 

ഈ കാൻസറിന്റെ കാരണങ്ങൾ 

ഈ കാൻസർ ഉണ്ടാകാനുള്ള പ്രധാന കാരണംഈസ്ട്രജൻ എന്ന ഹോർമോണിന്റെ അതിപ്രസരമാണ്. സാധാരണ ഒരു സ്ത്രീയിൽ അവളുടെ പ്രത്യുല്പാദന ജീവിത ചക്രത്തിൽ ഈസ്ട്രജനും പ്രോജെസ്റ്ററോൺ എന്നീ രണ്ട് തരം ഹോർമോണുകളുടെ ഒരു സന്തുലിതാവസ്ഥയിൽ ആണ് പോകുക. പക്ഷേ ചിലപ്പോൾ ചില അവസ്ഥകൾ ഈ  ഒരു ബാലൻസ് (ക്രമം) തെറ്റിക്കുകയും അതുമൂലം ഈസ്ട്രജൻ എന്ന ഹോർമോണിനെ അപേക്ഷിച്ച് കൂടുതലായി ശരീരത്തിൽ ഉണ്ടാവുകയും ചെയ്യുന്നു. ഈസ്ട്രജൻ ഹോർമോൺ ഗർഭപാത്രത്തിന്റെ കട്ടി കൂട്ടും. അങ്ങനെ ക്രമേണ എൻഡോമെട്രിയൽ കാൻസർ ഉണ്ടാവാനുള്ള സാധ്യതയും കൂടുന്നു. 

അപകട ഘടകങ്ങൾ

ഏറ്റവും പ്രധാനമായും - വാർധക്യം (പ്രായം കൂടുന്നതിന് അനുസരിച്ച് ഈ  കാൻസറിന് ഉള്ള റിസ്‌ക് കൂടും). സ്‌തനാർബുദവും എൻഡോമെട്രിയൽ കാൻസറും വൻകുടൽ കാൻസറും പാരമ്പര്യമായി കുടുംബത്തിലുണ്ടെങ്കിൽ വരാനുള്ള സാഹചര്യം കൂടുതലാണ്. 

നേരത്തെ പറഞ്ഞത് പോലെ ഈസ്ട്രജൻ ഹോർമോണിന്റെ അളവ് ശരീരത്തിൽ വർധിപ്പിക്കുന്ന ഏത് അവസ്ഥയും ഈ കാൻസറിന്റെ റിസ്‌ക് കൂട്ടും. 

ഉദാഹരണത്തിനായി 

∙ വളരെ നേരത്തെ വയസ്സ് അറിയുക (early menarche)   

∙ സാധാരണയിലും താമസിച്ച് ആർത്തവവിരാമം ആകുക (late menopause)

∙ അമിതവണ്ണം (obesity)

∙ പ്രമേഹം (diabetes)

∙ രക്തസമ്മർദം (hypertension)

∙ വ്യായാമം ഇല്ലായ്‌മ (lack of exercise)

∙ പിസിഒഡി (Polycystic ovarian disease )

∙ കൊഴുപ്പ് അധികം അടങ്ങിയ ഭക്ഷണരീതി (high fatty foods )

∙ ഹോർമോൺ റീപ്ലേസ്മെന്റ് തെറാപ്പി(Hormone replacement therapy with estrogen alone)

പരിശോധന

ആദ്യം ഒരുഗൈനക്കോളജിസ്റ്റിനെകാണണം. ഫുൾ ബോഡിചെക്കപ്പിനോടൊപ്പം ഒരു Per Vaginal (യോനി പരിശോധന) Examination ഉം ആദ്യം ചെയ്യും. Per Vaginal പരിശോധനയോടൊപ്പം ഒരു പാപ്സ്മിയർ ടെസ്റ്റും ചെയ്യും. പാപ്ടെസ്റ്റിൽ വ്യതിയാനം സംഭവിച്ച കോശങ്ങൾ, ഗർഭാശയമുഖത്തുള്ള അണുബാധ എന്നിവ കണ്ടെത്താൻ സഹായിക്കുന്നു.

യോനിഭാഗത്തൂടെയുള്ള സ്‌കാനിങ് ആണ് അടുത്തതായി ചെയ്യുക. ഈ സ്‌കാൻ വഴി ഗർഭപാത്രത്തിന്റെ ഉൾഭാഗം കൂടുതൽ നന്നായി കാണാൻ സഹായിക്കുന്നു. ഈ പരിശോധന വഴി ഗർഭപാത്രത്തിന്റെ കട്ടി (thickness of endometrium ) അറിയുന്നതിനും, അണ്ഡാശയങ്ങൾ (ovaries), ഗർഭാശയമുഖം (cervix) എന്നിവയിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടോ എന്നും അറിയാനും സഹായിക്കുന്നു. 

സ്കാനിങ്ങിൽ ഗർഭപാത്രത്തിന്റെ കട്ടി നിശ്ചിത അളവിലും കൂടുതലായി കാണപ്പെട്ടാൽ അടുത്ത പടിയായി ബയോപ്‌സി എടുക്കേണ്ടി വരും. എൻഡോമെട്രിയൽ ബയോപ്സി മൂന്ന് രീതിയിൽ ചെയ്യാം. 

∙ Endometrial (Pipelle) aspiration/ 

∙ Fractional Currettage / Dilatation & Curettage (D & C)

∙Hysteroscopy 

ബയോപ്‌സിയിൽ എൻഡോമെട്രിയൽ കാൻസർ ആണെന്ന് കണ്ടെത്തിയാൽ, സിടി സ്കാൻ / എംആർഐ  എന്നിവ ഡോക്ടർ നിർദേശിക്കുന്നതായിരിക്കും.

ചികിത്സ

പ്രധാന ചികിത്സ സർജറി ആണ് (Total Abdominal Hysterectomy and bilateral salpingoophorectomy). ഓപ്പൺ സർജറിയോ താക്കോൽ ദ്വാര ശസ്ത്രക്രിയ(Laparoscopic) യോ ചെയ്യാം. രണ്ടു രീതികളും സുരക്ഷിതമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഒരു രോഗിക്ക് ഏതായിരിക്കും ഉത്തമം എന്ന് രോഗത്തിന്റെ സ്റ്റേജ് അനുസരിച്ച് ഡോക്ടർ നിർദേശിക്കുന്നതായിരിക്കും. ശസ്ത്രക്രിയയിലൂടെ ലഭിച്ച അവയവങ്ങൾ പാത്തോളജിക്കൽ എക്‌സാമിനേഷന് വിധേയമാക്കും. 

തുടർ ചികിത്സ 

സർജറിക്ക് ശേഷം റേഡിയേഷൻ ചികിത്സയും ചിലപ്പോൾ കീമോ തെറാപ്പിയും ചില രോഗികൾക്ക് ആവശ്യമായി വരാറുണ്ട്. 

പാത്തോളജിക്കൽ എക്‌സാമിനേഷനിൽ താഴെ പറയുന്നവ അതായത് 

1. ഗർഭപാത്രത്തിന്റെ പേശിയിലേക്കുള്ള വ്യാപനം. 

2. കാൻസർ കോശങ്ങളുടെ വളർച്ചയുടെ തീവ്രത. 

3. ഗർഭാശയമുഖത്തോ (cervix)/ അണ്ഡാശയത്തിലേക്കുള്ള വ്യാപനം. 

4. കഴലകളിലേക്കുള്ള വ്യാപനം.

മുതലായവ ഉണ്ടെന്ന് വരികയാൽ തുടർ ചികിത്സ ചെയ്യേണ്ടി വരും. 

രോഗസാന്നിധ്യം കുറയ്ക്കുന്ന ഘടകങ്ങൾ

∙ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക.

∙ വ്യായാമം ഉണ്ടാവണം.

∙ അമിതവണ്ണം നിയന്ത്രിക്കുക (especially after menopause)

∙ അമിതമായ കൊഴുപ്പടങ്ങിയ ഭക്ഷണപദാർഥങ്ങൾ ഒഴിവാക്കുക.

∙ ഏറ്റവും പ്രധാനമായി അസാധാരണ ബ്ലീഡിങ് ഉണ്ടെങ്കിൽ ഗൈനക്കോളജിസ്റ്റിന്റെ ഉപദേശം തേടുക. 

എല്ലാ ആർത്തവ വിശ്രമത്തിന് ശേഷവും ഉണ്ടാകുന്ന ബ്ലീഡിങ്  കാൻസറിന്റെ ലക്ഷണമാണോ?

ഒരു 15 % സ്ത്രീകളിൽ മാത്രമേ ഇത് കാൻസറിന്റെ ഒരു ലക്ഷണം ആകുന്നുള്ളൂ. ബാക്കി 85 % സ്ത്രീകളിലും ഇത് വേറെ കാരണങ്ങൾ കൊണ്ടാകാം. ഉദാഹരണത്തിനായി ആർത്തവശേഷം ഉണ്ടാകുന്ന ഹോർമോണിന്റെ കുറവ്, Cervix or uterine polyps (ദശവളർച്ച), തൈറോയ്ഡ് ഹോർമോൺ പ്രശ്നങ്ങൾ മുതലായവ. അതുകൊണ്ട് ആർത്തവ വിരാമത്തിനു ശേഷം വരുന്ന എല്ലാ ബ്ലീഡിങ്ങും കാൻസർ ആകുന്നില്ല. പക്ഷേ ഒരു ഗൈനക്കോളജിസ്റ്റിന്റെ അടുത്തു പോയി വിശദമായി പരിശോധിച്ചാൽ മാത്രമേ അത് കുഴപ്പമില്ല എന്ന് ഉറപ്പിച്ച് പറയാൻ സാധിക്കൂ.  

(കോട്ടയം കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ റേഡിയേഷൻ ഓങ്കോളജിസ്‌റ്റാണ് ലേഖിക)

കടപ്പാട്: ഐഎംഎ നമ്മുടെ ആരോഗ്യം.

English Summary : Endometrial Cancer: Causes, Complications, symptoms and Treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com