ADVERTISEMENT

ശരീരത്തിൽ പ്രധാനമായും ത്വക്കിനെയും സന്ധികളെയും ബാധിക്കുന്ന ഒരു രോഗമാണ് സോറിയാസിസ്. ജനിതകമായ കാരണങ്ങൾ ഈ രോഗാവസ്ഥയ്ക്ക് പ്രധാനമായ പങ്കുവഹിക്കുന്നു.

ലക്ഷണങ്ങൾ

ശരീരത്തിൽ ഒന്നോ അതിലധികമോ ഇടങ്ങളിൽ കാണപ്പെടുന്ന ചുവന്നുതടിച്ച പാടുകളും അതിൽനിന്ന് വെള്ളിനിറമുള്ള ശകലങ്ങൾ ഇളകി വരുന്നതുമാണ് സോറിയാസിസിന് പ്രധാന ലക്ഷണം. ഇവ കൂടുതലായും കാണപ്പെടുന്നത് തലയിലും കൈ-കാൽ മുട്ടുകളിലും പുറത്തുമാണ്. ഒന്നോരണ്ടോ പാടായി തുടങ്ങി ശരീരത്തിലെ പലയിടങ്ങളിലേക്ക് ഇത് ബാധിക്കും. തലയിൽ താരൻ പോലെ ശകലങ്ങളായി പാടുകളായോ സോറിയാസിസ് തുടങ്ങാം. ഈ ലക്ഷണങ്ങൾ താരൻ ഷാംപൂ കൊണ്ട് മാത്രം മാറാതെ നിൽക്കുമ്പോൾ സോറിയാസിസ് ആണോ എന്ന് സംശയിക്കണം.

തൊലിപ്പുറമെയുള്ള പാടുകളോടൊപ്പം അല്ലെങ്കിൽ ഈ ലക്ഷണം വെളിപ്പെടുന്നതിനും മുൻപോ അതിനുശേഷമോ സോറിയാസിസ് സന്ധികളെ ബാധിക്കാം. സന്ധിവേദനയും നീരും ഉണ്ടാകാം.

മെറ്റബോളിക് സിൻഡ്രോം എന്ന ഗുരുതരമായ ജീവിതശൈലി രോഗവും സോറിയാസിസ് ഉള്ളവരിൽ കൂടുതലായി കാണപ്പെടുന്നു. ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം കൊളസ്ട്രോൾ എന്നിവയാണ് ഈ അവസ്ഥയിൽ കാണുന്നത്.

കാരണങ്ങൾ

1. ജനിതകമായ കാരണങ്ങൾ സോറിയാസിസിന് സാധ്യത കൂട്ടുന്നു. ഇതാണ് ഏറ്റവും പ്രധാനകാരണം.

2. മാനസികമായ പിരിമുറുക്കം. പരീക്ഷാസമയങ്ങളിൽ കുട്ടികളിലുണ്ടാവുന്ന മാനസികമായ പിരിമുറുക്കം സോറിയാസിസിന് കാരണമാകുന്നുണ്ട്. അതുപോലെതന്നെ ഉറക്കക്കുറവും ഈ രോഗത്തെ ക്ഷണിച്ചുവരുത്തുന്നു.

3. പുകവലിയും അമിതമായ മദ്യപാനവും.

4. ചില മരുന്നുകളുടെ പാർശ്വഫലം.

5. തണുപ്പുള്ള കാലാവസ്ഥ.

ചികിത്സാരീതികൾ

ത്വക്കിന് 20% താഴെ ബാധിച്ചിട്ടുള്ള രോഗത്തിന് ലേപനങ്ങൾ കൊണ്ടുള്ള ചികിത്സയാണ് സാധാരണ നൽകുന്നത്. അതിൽകൂടുതൽ ബാധിച്ചിട്ടുള്ള രോഗത്തിനും സന്ധികളെ ബാധിച്ചിട്ടുള്ളവരും ഗുളികകളോ ഇഞ്ചക്‌ഷനുകളും ഉപയോഗിക്കാറുണ്ട്. ഇവയ്ക്കുപുറമേ ഫോട്ടോതെറാപ്പി എന്ന ചികിത്സ മാർഗവും പ്രയോജനപ്രദമാണ്.

ഏതൊരു ചികിത്സകൊണ്ടും അസുഖത്തെ നിയന്ത്രിക്കുക എന്നതാണ് ലക്ഷ്യം. ജനിതകമായ രോഗാവസ്ഥ ആയതിനാൽ പൂർണമായും ചികിത്സിച്ചു മാറ്റുക എന്നത് പലപ്പോഴും അപ്രായോഗികമാണ്. എന്നാൽ ചികിത്സകൊണ്ട് അസുഖം കുറയുകയും അതിനുശേഷം മരുന്ന് കുറയ്ക്കുകയും പിന്നീട് ലേപനങ്ങളിലൂടെ നിയന്ത്രിക്കുകയും ചെയ്യാം.

സോറിയാസിസ് ഒരു പകർച്ചവ്യാധിയല്ല. വളരെയധികം ഫലപ്രദമായ ചികിത്സാമാർഗങ്ങൾ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള രോഗമാണ് ഇത്. വിദഗ്ധനായ ഒരു ഡോക്ടറെ കാണുകയും അനുയോജ്യമായ ചികിത്സ സ്വീകരിക്കുകയും ചെയ്യണം.

English Summary : World Psoriasis Day 2021; Know the disese symptoms, causes, treatment and prevention

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com