പാരസെറ്റമോൾ വല്ലപ്പോഴും മതി; സ്ഥിരം ഉപയോഗം ബിപി കൂട്ടുമെന്നു പഠനം
Mail This Article
പാരസെറ്റമോളിന്‍റെ (Paracetamol) നിത്യവുമുളള ഉപയോഗം രക്തസമ്മർദം (Blood Pressure)ഉയര്‍ത്തുമെന്നും ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത വർധിപ്പിക്കുമെന്നും എഡിന്‍ബര്‍ഗ് സര്‍വകലാശാലയുടെ പഠനഫലം. അതേസമയം, ഇടയ്ക്ക് പനിയോ തലവേദനയോ വരുമ്പോൾ പാരസെറ്റമോള്‍ ഉപയോഗിക്കുന്നവര്‍ക്ക് ആശങ്ക വേണ്ടെന്നും ഏറെക്കാലം നിത്യേനയുള്ള ഉപയോഗമാണ് പ്രശ്നമെന്നും നാഷനല്‍ ഹെല്‍ത്ത് സര്‍വീസിലെ ക്ലിനിക്കല്‍ ഫാര്‍മക്കോളജി ആന്‍ഡ് നെഫ്രോളജി കണ്‍സൽറ്റന്‍റ് ഡോ. ഇയാൻ വ്യക്തമാക്കുന്നു.
ഹൃദയാഘാത, പക്ഷാഘാത സാധ്യതയുള്ളവര്‍ക്ക് പാരസെറ്റമോള്‍ നിര്‍ദ്ദേശിക്കുമ്പോൾ ഡോക്ടര്‍മാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് എഡിന്‍ബര്‍ഗിലെ ഗവേഷകര്‍ ആവശ്യപ്പെടുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ ചരിത്രമുള്ള 110 രോഗികളിലാണ് ഗവേഷണം നടത്തിയത്. ഇവരില്‍ ഒരു സംഘത്തിന് രണ്ടാഴ്ച ദിവസവും നാലു നേരം ഒരു ഗ്രാം വീതം പാരസെറ്റമോള്‍ നല്‍കി, മറ്റൊരു സംഘത്തിന് പ്ലാസെബോയും. നാലു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ പാരസെറ്റമോള്‍ ലഭിച്ച സംഘത്തിലുള്ളവരുടെ രക്തസമ്മർദം ഗണ്യമായി ഉയര്‍ന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു. ഇവര്‍ക്ക് ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യതയും 20 ശതമാനം വർധിച്ചതായി കണ്ടെത്തി.
യുകെയില്‍ 10 പേരില്‍ ഒരാള്‍ വേദനസംഹാരിയായി നിത്യവും പാരസെറ്റമോള്‍ കഴിക്കുന്നുണ്ടെന്ന് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. അവിടെ മുതിര്‍ന്നവരില്‍ മൂന്നിലൊരാള്‍ ഉയര്‍ന്ന രക്തസമ്മർദ്ദവും നേരിടുന്നു. വേദനസംഹാരിയെന്ന നിലയില്‍ ഡോക്ടര്‍മാര്‍ പാരസെറ്റമോള്‍ കുറിക്കുമ്പോൾ ഏറ്റവും ചെറിയ ഡോസില്‍ തുടങ്ങി ഘട്ടം ഘട്ടമായി മാത്രം ഡോസ് ഉയര്‍ത്തണമെന്നും വേദന നിയന്ത്രിക്കാന്‍ പറ്റുന്ന അളവിനു മേല്‍ ഡോസ് നല്‍കരുതെന്നും എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ തെറാപ്യൂട്ടിക്സ് ആന്‍ഡ് ക്ലിനിക്കല്‍ ഫാര്‍മക്കോളജി ചെയര്‍ പ്രഫസര്‍ ഡേവിഡ് വെബ് നിര്‍ദ്ദേശിക്കുന്നു. വേദന മാറാന്‍ പാരസെറ്റമോള്‍ കഴിക്കാതിരിക്കാന്‍ നിര്‍വാഹമില്ലാത്തവര്‍ രക്തസമ്മർദം നിയന്ത്രിക്കാന്‍ വേറേ മരുന്ന് ഉപയോഗിക്കേണ്ടതുണ്ടെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.
Content Summary : Blood pressure warning over long-term paracetamol use