യൂറിക് ആസിഡിനെ അത്ര നിസ്സാരനാക്കേണ്ട; ലക്ഷണങ്ങളും കൂടുന്നതിനു പിന്നിലെ കാരണങ്ങളും അറിയാം
Mail This Article
രക്തത്തിൽ യൂറിക് ആസിഡ് കൂടിയതു കാരണമുണ്ടാകുന്ന സന്ധി വേദന അനുഭവിക്കുന്നവരുടെ എണ്ണം കൂടി വരികയാണ് ഇപ്പോൾ. കാലിലെ വേദന പറഞ്ഞാൽ ആദ്യം പറയുക യൂറിക് ആസിഡ് ഒന്നു ചെക്ക് ചെയ്തു നോക്കിയേ എന്നാകും. അത്രയും സാധാരണമാണ് ഇപ്പോൾ യൂറിക് ആസിഡ് പ്രശ്നങ്ങൾ. ശരീരത്തിലെ കോശങ്ങളിലെ ഡിഎൻഎയുടെ ഒരു പ്രധാന ഘടകമാണ് പ്യൂരിൻ. കോശങ്ങൾ നശിക്കുമ്പോൾ അതിലെ പ്യൂരിൻ വിഘടിച്ചാണ് ശരീരത്തിൽ പ്രധാനമായും യൂറിക് ആസിഡ് ഉണ്ടാകുന്നത്. കൂടാതെ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ പ്രോട്ടീൻ വിഘടിച്ച് പ്യൂരിൻ ഉണ്ടാവുകയും അതിൽനിന്ന് ധാരാളം യൂറിക് ആസിഡ് ഉണ്ടാവുകയും ചെയ്യുന്നു.
യൂറിക് ആസിഡ് ശരീരത്തിൽ കൂടുതലായി കാണപ്പെടുന്നതു പ്രധാനമായും മൂന്നു കാരണങ്ങൾ കൊണ്ടാണ്.
1. കോശങ്ങൾ നശിക്കുമ്പോഴുണ്ടാകുന്ന പ്യൂരിൻ വിഘടിച്ച് ഉണ്ടാകുന്നത് യൂറിക് ആസിഡാണ്. ഗൗട്ട് രോഗികളിൽ ഭൂരിഭാഗവും ഈ വിഭാഗത്തിൽ പെടുന്നു. സോറിയാസിസ്, ലുക്കീമിയ, അർബുദ ചികിത്സയുടെ പ്രതിപ്രവർത്തനം എന്നിവ മൂലമാണ് പ്രധാനമായും ഇതു സംഭവിക്കുന്നത്.
2. മാംസം, കൊഴുപ്പു കൂടിയ ഭക്ഷണങ്ങൾ, അമിതഭക്ഷണം, മദ്യം എന്നിവയിൽ അടങ്ങിയിരിക്കുന്ന പ്യൂരിൻ വിഘടിക്കുമ്പോൾ.
3. ദീർഘകാല വൃക്കരോഗങ്ങൾ, വൃക്കസ്തംഭനം എന്നീ രോഗങ്ങൾ കാരണം രക്തത്തിലുള്ള യൂറിക് ആസിഡ് പുറംതള്ളാൻ സാധിക്കാതെ വരുമ്പോൾ
തൈറോയ്ഡിന്റെ പ്രവർത്തനം മന്ദിക്കുക, പാരാതൈറോയ്ഡ് അമിതമായി പ്രവര്‍ത്തിക്കുക, പൊണ്ണത്തടി, ഹൈപ്പർ ടെൻഷൻ, ഡൈയൂറിറ്റിക്സിന്റെ അമിത ഉപയോഗം, ശരീരത്തില്‍ നിന്നും അമിതമായി ജലം പുറത്തുപോവുക. കൊഴുപ്പ് രക്തത്തിൽ അമിതമായി കൂടുക എന്നിവയും കാരണങ്ങളായി പറയപ്പെടുന്നു.
യൂറിക് ആസിഡ് കൂടിയാൽ കാത്തിരിക്കുന്നത് പലവിധ രോഗങ്ങളാണ്.
ഗൗട്ട്
ശരീരത്തിൽ അധികമായ യൂറിക് ആസിഡ് ക്രിസ്റ്റലുകളായി കാലിന്റെ പെരുവിരലിലെ സന്ധികളിൽ അടിഞ്ഞുകൂടുന്നു. ഇതുമൂലം നീണ്ടുനിൽക്കുന്ന കഠിനമായ വേദന അനുഭവപ്പെടും. നീർക്കെട്ടും വിരൽ അനക്കാൻ പറ്റാത്ത അവസ്ഥയും ഉണ്ടാകാം. പെരുവിരലിൽ നിന്ന് ഉപ്പൂറ്റി, കൈത്തണ്ട, വിരലുകൾ എന്നിവയിലേക്കും വ്യാപിക്കാം. ഇതാണ് ഗൗട്ട്.
വൃക്കയിലെ കല്ല്
യൂറിക് ആസിഡ് വളരെ കൂടുതലായാൽ വൃക്കയിൽ കല്ല്, വൃക്കസ്തംഭനം എന്നീ പ്രശ്നങ്ങൾ ഉണ്ടാകാം. യൂറിക് ആസിഡ് പരലുകൾ ഒരു ന്യൂക്ലിയസ് പോലെ പ്രവർത്തിക്കുകയും അതിനു ചുറ്റും കാൽസ്യം ഓക്സലേറ്റ് അടിഞ്ഞുകൂടി കല്ലുണ്ടാവുകയുമാണു ചെയ്യുന്നത്. ഈ പരലുകൾ വൃക്കനാളിയിലോ മൂത്രനാളിയിലോ അടിഞ്ഞു കൂടുന്നത് വൃക്കസ്തംഭനത്തിനു കാരണമാകുന്നു.
ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക
∙ കാലുകള്‍ക്ക് തീ പിടിച്ച പോലുള്ള അവസ്ഥ
∙ കാലുകളുടെ പത്തിക്ക് വല്ലാത്ത പുകച്ചിലും നീറ്റലും
∙ ചില സന്ധികളില്‍ ചുവന്ന നിറത്തോട് കൂടിയ തടിപ്പ്, സൂചി കുത്തുന്നത് പോലുള്ള വേദന, മരവിപ്പ് തുടങ്ങിയവ
∙ സന്ധി വേദന, വൃക്കയില്‍ കല്ല്, വൃക്ക സ്തംഭനം തുടങ്ങിയ സങ്കീര്‍ണതകളും യൂറിക് ആസിഡ് ഉണ്ടാക്കാം.
ഒഴിവാക്കാം ഈ ഭക്ഷണങ്ങൾ
കൊഴുപ്പ് കൂടുതലടങ്ങിയ മാംസാഹാരങ്ങളിലും വിവിധയിനം യീസ്റ്റ് ഉപയോഗിച്ചുള്ള വിഭവങ്ങളിലും പ്യൂരിൻ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ബ്രഡ്, കേക്ക്, ബീയർ, മദ്യം, അവയവ മാംസങ്ങളായ കരൾ, കിഡ്നി ഇവയും ഒഴിവാക്കണം.
നെയ്യുളള മത്സ്യം, ഒലീവ് എണ്ണ, വെർജിൻ വെളിച്ചെണ്ണ, ഉരുക്ക് വെളിച്ചെണ്ണ, ഇഞ്ചി, വാഴപ്പഴം, തക്കാളി, കൈതച്ചക്ക, ചുവന്ന കാബേജ്, നാരങ്ങാ വർഗങ്ങൾ, തവിട് അധികമുള്ള അരി തുടങ്ങിയവ ഉൾപ്പെടുത്തി മിതമായ പ്രോട്ടീൻ, അധികം തവിടുള്ള അന്നജം, കുറഞ്ഞ കൊഴുപ്പു ചേർന്ന ഭക്ഷണക്രമം എന്നിവ സ്വീകരിച്ചുകൊണ്ട് യൂറിക് ആസിഡ് നിയന്ത്രിക്കാം. ഞാവൽപ്പഴം, കറുത്ത ചെറി, സെലറിയുടെ അരി എന്നിവയിൽ യൂറിക് ആസിഡ് കുറയ്ക്കുന്ന ഘടകങ്ങളുണ്ട്. മുസമ്പി ജ്യൂസ്, നാരങ്ങാവെള്ളം ഇവ ശീലിക്കാം,
Content Summary : Uric acid: symptoms, increasing reasons, treatment and related diseases