ADVERTISEMENT

ഇന്ത്യയിലെ പുരുഷന്മാരില്‍ ഏറ്റവും പൊതുവായി കാണുന്ന അര്‍ബുദമാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍. പുരുഷന്മാരിലെ ആകെ അര്‍ബുദ കേസുകളില്‍ ഏഴ് ശതമാനവും പ്രോസ്റ്റേറ്റ് കാന്‍സര്‍ ബാധിച്ചവരായിരിക്കും. പുരുഷലിംഗത്തിനും മൂത്രസഞ്ചിക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന വാള്‍നട്ടിന്‍റെ ആകൃതിയിലുള്ള പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലുണ്ടാകുന്ന അര്‍ബുദവളര്‍ച്ച ആദ്യമൊന്നും അത്ര പ്രകടമായ ലക്ഷണങ്ങള്‍ ഉണ്ടാക്കിയെന്ന് വരില്ല. 

 

എപ്പോഴും മൂത്രമൊഴിക്കാന്‍ തോന്നല്‍, മൂത്രമൊഴിക്കുമ്പോൾ  ബുദ്ധിമുട്ട്, മൂത്രത്തിലോ ശുക്ലത്തിലോ രക്തം, പുറത്തും ഇടുപ്പിലും പെല്‍വിക് മേഖലയിലും വേദന എന്നിവയെല്ലാം രോഗം പുരോഗമിക്കുന്നതോടെ കാണപ്പെടുന്നു. എന്നാല്‍ ഈ അര്‍ബുദ വളര്‍ച്ച എല്ലുകളിലേക്ക് പടരുന്നതോടെ വ്യത്യസ്ത തരത്തിലുള്ള രോഗലക്ഷണങ്ങള്‍ പ്രകടമാകും. 

 

പ്രോസ്റ്റേറ്റ് കാന്‍സര്‍ എല്ലുകളിലേക്ക് പടര്‍ന്ന് തുടങ്ങിയാല്‍ ആദ്യം ബാധിക്കപ്പെടുന്നത് നട്ടെല്ലിനെയാണ്. അര്‍ബുദ കോശങ്ങള്‍ നട്ടെല്ലില്‍ സമ്മര്‍ദം ചെലുത്തുമ്പോൾ  ഇവിടെയുള്ള 31 തരം നാഡീഞരമ്പുകളെ അത് ബാധിക്കാം. ഇതിന്‍റെ ഭാഗമായി വേദന, മരവിപ്പ്, കൈകാലുകളില്‍ ബലക്കുറവ് എന്നിവ അനുഭവപ്പെടാം. അര്‍ബുദകോശങ്ങള്‍ വളരുന്നതിന്‍റെ വേഗതയ്ക്കനുസരിച്ച് ഈ ലക്ഷണങ്ങള്‍ കൂടുതല്‍ പ്രകടമാകും. ചെറിയൊരു പുറം വേദനയായിട്ടായിരിക്കും ഇത് ആദ്യം തുടങ്ങുക. പതിയെ നട്ടെല്ലിലും കാലുകളിലും അസഹ്യമായ വേദനയായി ഇത് പടരും. നട്ടെല്ലിലും കാലുകളിലും വേദന അനുഭവപ്പെട്ട് തുടങ്ങുന്നത് പ്രോസ്റ്റേറ്റ് കാന്‍സര്‍ പുരോഗമിച്ചതിന്‍റെയും അടിയന്തര ചികിത്സ തേടേണ്ടതിന്‍റെയും അടയാളമാണ്. ശരീരത്തിന് ചുറ്റും വരിഞ്ഞുമുറുക്കിയത് പോലെയുള്ള വേദനയാണ് ഇത് മൂലം ഉണ്ടാകുക. ചുമയ്ക്കുമ്പോഴും  തുമ്മുമ്പോഴും മൂത്രമൊഴിക്കുമ്പോഴുമെല്ലാം ഈ വേദന അധികരിക്കും. 

 

കട്ടിലില്‍ കിടക്കുമ്പോൾ  വേദന അതിതീവ്രമാകാനും സാധ്യതയുണ്ട്. ഇതിന്‍റെ ഭാഗമായി എല്ലുകള്‍ ദുര്‍ബലമാകുകയും വേഗത്തില്‍ പരുക്ക് പറ്റുകയും ചെയ്യും. നടക്കാനുള്ള ബുദ്ധിമുട്ട്, സൂചി കുത്തുന്നത് പോലുള്ള വേദന, മൂത്രം ചോര്‍ച്ച, ഉദ്ധാരണശേഷിക്കുറവ്, ഭാരനഷ്ടം, ക്ഷീണം എന്നിവയെല്ലാം പ്രോസ്റ്റേറ്റ് കാന്‍സര്‍ അധികരിച്ചതിന്‍റെ ഭാഗമായി ഉണ്ടാകാവുന്ന മറ്റ് ലക്ഷണങ്ങളാണ്. പുകവലി, മദ്യപാനം, അമിതവണ്ണം, പ്രായാധിക്യം , രാസവസ്തുക്കളുമായുള്ള ഇടപെടല്‍, ലൈംഗികമായി പകരുന്ന രോഗങ്ങള്‍ എന്നിവയെല്ലാം പ്രോസ്റ്റേറ്റ് കാന്‍സറിന്‍റെ അപകട സാധ്യത ഉയര്‍ത്തുന്ന ഘടകങ്ങളാണെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

Content Summary : Prostate cancer: Symptoms that the tumour has spread to the bones

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com