ADVERTISEMENT

രോഗവ്യാപനം കൂടുതലാണെങ്കിലും താരതമ്യേന തീവ്രത കുറഞ്ഞ കൊറോണ വൈറസ് വകഭേദം. ഇതാണ് ഒമിക്രോണിനെ കുറിച്ചുള്ള പൊതുവായ കാഴ്ചപ്പാട്. ജനിതക പരിവര്‍ത്തനം സംഭവിച്ച് ഓരോ വകഭേദങ്ങള്‍ കഴിയുമ്പോഴും വൈറസിന്‍റെ തീവ്രത കുറഞ്ഞു വരുന്നതിനാല്‍ ഇനി മാസ്കോ, വാക്സീനോ ആവശ്യമില്ലെന്നും ചിലര്‍ വിധിയെഴുതി. എന്നാല്‍ നാം കരുതുന്നതുപോലെ അത്ര തീവ്രത കുറഞ്ഞ വകഭേദമല്ല ഒമിക്രോണെന്ന് വെളിപ്പെടുത്തുകയാണ് അമേരിക്കയില്‍ നടന്ന പുതിയ പഠനം. വൈറസ് ബാധ മൂലമുള്ള ആശുപത്രി വാസ സാധ്യതയും മരണ സാധ്യതയും മുന്‍ വകഭേദങ്ങളുടെ അത്ര തന്നെ ഒമിക്രോണിനുമുണ്ടെന്ന് അമേരിക്കയിലെ മസാച്ചുസെറ്റ്സ് ജനറല്‍ ആശുപത്രി, മിനര്‍വ സര്‍വകലാശാല, ഹാര്‍വഡ് മെഡിക്കല്‍ സ്കൂള്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തിയത്. 

 

വ്യാപകമായ വാക്സിനേഷനും മുന്‍ അണുബാധകളില്‍ നിന്ന് നേടിയ പ്രതിരോധശേഷിയും ചേര്‍ന്നാണ് ഒമിക്രോണ്‍ മൂലമുള്ള തരംഗത്തിന്‍റെ തീവ്രത കുറച്ചതെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു. മസാച്ചുസെറ്റ്സിലെ 1,30,000 കോവിഡ് രോഗികളുടെ വിവരങ്ങളാണ് ഗവേഷണത്തിനായി ഉപയോഗിച്ചത്. മുന്‍ പഠനങ്ങളെ പോലെ മരണങ്ങളുടെയും ആശുപത്രിവാസങ്ങളുടെയും വിവരങ്ങള്‍ മാത്രമല്ല ഗവേഷകര്‍ ശേഖരിച്ചത്. മറിച്ച് രോഗികളുടെ വാക്സിനേഷന്‍ സ്ഥിതിയും ആരോഗ്യപരമായ മറ്റ് ഘടകങ്ങളും ഗവേഷണത്തിന്‍റെ ഭാഗമാക്കി. 

 

 

അതേ സമയം ഏറ്റവും ഒടുവില്‍ സംഭവിച്ച കോവിഡ് തരംഗ സമയത്ത് വാക്സീന്‍ എടുത്ത രോഗികളുടെ കണക്കുകള്‍ ശരിയായി ലഭിക്കാത്തതും വീട്ടില്‍ പരിശോധന നടത്തിയ രോഗികളുടെ എണ്ണം ഒഴിവാക്കിയതും ഗവേഷണത്തിലെ പോരായ്മകളാണ്. രോഗികള്‍ക്ക് ലഭിച്ച മോണോക്ലോണല്‍ ആന്‍റിബോഡി ട്രീറ്റ്മെന്‍റ്, ആന്‍റിവൈറല്‍ മരുന്നുകള്‍ എന്നിവയുടെ പ്രഭാവവും ഗവേഷകര്‍ കണക്കിലെടുത്തിട്ടില്ല. ഇത്തരം ട്രീറ്റ്മെന്‍റുകളും മരുന്നുകളും വാക്സീനുകളും ഇല്ലായിരുന്നെങ്കില്‍ ഒമിക്രോണ്‍ തരംഗം ഒരു പക്ഷേ മുന്‍ തരംഗങ്ങളുടെ അത്ര തന്നെ ആഘാതം ഉണ്ടാക്കിയേനെ എന്ന് യേല്‍ സ്കൂള്‍ ഓഫ് മെഡിസിനിലെ ഡോ. അര്‍ജുന്‍ വെങ്കടേഷ് റോയിട്ടേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

 

നേച്ചര്‍ പോര്‍ട്ട്ഫോളിയോയില്‍ പിയര്‍ റീവ്യൂവിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഗവേഷണ റിപ്പോര്‍ട്ട് റിസര്‍ച്ച് സ്ക്വയറിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.

Content Summary : Omicron as severe as previous Covid variants

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com