ഗര്‍ഭാശയമുഖ അര്‍ബുദം തടയുന്ന എച്ച്പിവി വാക്സീന്‍ പുരുഷന്മാരും എടുക്കണോ? വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ
Mail This Article
സ്ത്രീകളില്‍ ഗര്‍ഭാശയമുഖ അര്‍ബുദം തടയുന്ന ക്വാഡ്രിവാലന്‍റ് ഹ്യൂമന്‍ പാപ്പിലോമ വൈറസ് വാക്സീനായ (ക്യുഎച്ച്പിവി) സെര്‍വവാക്കിന്‍റെ വില്‍പനയ്ക്ക് അടുത്തിടെ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിരുന്നു. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് ഈ വാക്സീന്‍ തദ്ദേശീയമായി വികസിപ്പിച്ചത്. എന്നാല്‍ ഈ വാക്സീന്‍ സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്‍ക്കും നല്‍കാവുന്നതാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
പുരുഷന്മാരില്‍ ലിംഗത്തിനുണ്ടാകുന്ന അര്‍ബുദത്തെയും ലൈംഗികാവയവങ്ങളില്‍ ഉണ്ടാകുന്ന കുരുക്കളെയും ഈ വാക്സീന്‍ തടയുമെന്ന് ഗുഞ്ചന്‍ ഐവിഎഫ് വേള്‍ഡ് ഗ്രൂപ്പ് സ്ഥാപകന്‍ ഡോ.ഗുഞ്ചന്‍ ഗുപ്ത ഗോവില്‍ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഇന്ത്യയില്‍ എച്ച്പിവി വാക്സീന്‍ സ്ത്രീകള്‍ക്ക് മാത്രമേ നിലവില്‍ ശുപാര്‍ശ ചെയ്യുന്നുള്ളൂ എങ്കിലും അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ പുരുഷന്മാരും ഈ വാക്സീന്‍ എടുക്കുന്നുണ്ടെന്ന് ഡോ. ഗുപ്ത ചൂണ്ടിക്കാട്ടി.
ലൈംഗിക ബന്ധത്തിലൂടെ പടരുന്ന ഹ്യൂമന്‍ പാപ്പിലോമ വൈറസിനെതിരെ സമൂഹ പ്രതിരോധം വളര്‍ത്തിയെടുക്കാന്‍ പുരുഷന്മാരും വാക്സീന്‍ എടുക്കുന്നത് സഹായിക്കുമെന്ന് വൈശാലി മാക്സ് ഹോസ്പിറ്റലിലെ സര്‍ജിക്കല്‍ ഓങ്കോളജി സീനിയര്‍ ഡയറക്ടര്‍ ഡോ. കനിക ഗുപ്തയും പറയുന്നു. ഗര്‍ഭാശയമുഖ അര്‍ബുദത്തിന് പുറമേ തല, കഴുത്ത്, മലദ്വാരം, വായ, തൊണ്ട, കണ്ഠനാളം, പുരുഷലിംഗം എന്നിവിടങ്ങളില്ലെല്ലാം അര്‍ബുദത്തിന് കാരണമാകാന്‍ എച്ച്പിവിക്ക് സാധിക്കുമെന്നും ഡോ. കനിക കൂട്ടിച്ചേര്‍ത്തു.
സ്ത്രീകളായാലും പുരുഷന്മാരായാലും പ്രായപൂര്‍ത്തിയാകും മുന്‍പ് എച്ച്പിവി വാക്സീന്‍ എടുക്കുന്നതാണ് ഏറ്റവും ഉത്തമം. 11-12 വയസ്സാണ് ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും വാക്സീന്‍ എടുക്കാനുള്ള ശരിയായ പ്രായം. 15 വയസ്സിന് മുന്‍പ് എച്ച്പിവി വാക്സീന്‍ എടുക്കുകയാണെങ്കില്‍ രണ്ട് ഡോസ് എടുത്താല്‍ മതിയാകും. 16-25 പ്രായവിഭാഗത്തിലുള്ളവര്‍ക്ക് മൂന്ന് ഡോസ് വാക്സീന്‍ വേണമെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ക്കുന്നു.
Content Summary: Should men also take HPV vaccine?