ADVERTISEMENT

മനം നിറഞ്ഞൊരു ചിരി; അതേ നിങ്ങളുടെ മാത്രമല്ല കാണുന്നവരുടെയും ആത്മവിശ്വാസം വർധിപ്പിക്കുന്ന ഒന്നാണ് പുഞ്ചിരി. ചിരിക്കുന്ന ആളുടെ ആത്മവിശ്വാസത്തിനപ്പുറം ആരോഗ്യമുള്ള പല്ലുകൾ നമ്മുടെ ശരീരം പൂർണ ആരോഗ്യത്തോടെ നിലനിർത്തുന്നതിലും പങ്കാളികളാണ് എന്നതും ശ്രദ്ധേയം. മലയാളികൾക്ക് അത്ര പരിചിതമല്ല സ്‌മൈൽ ഡിസൈനിങ്  എന്ന പദം. എന്നാൽ പലപ്പോഴും സ്‌മൈൽ ഡിസൈനിങ്ങിന്റെ ഭാഗമായ പല ചികിത്സകളും നമ്മൾ ചെയ്യുന്നുണ്ട് താനും. പല്ലുമായി ബന്ധപ്പെട്ട ഒട്ടനവധി ചികിത്സകൾ ചേർന്ന ഒരു ചികിത്സാരീതിയാണ്  സ്‌മൈൽ ഡിസൈനിങ് എന്ന് ചുരുക്കി പറയാം. എന്താണ്  സ്‌മൈൽ ഡിസൈനിങ്?

 

കവിളുകളും ചുണ്ടുകളും തൂങ്ങി നിൽക്കാതെ, ആകൃതി നിലനിർത്തി മുഖഭംഗി കാത്തു സൂക്ഷിക്കുന്നതിൽ പല്ലുകൾ വഹിക്കുന്ന പങ്ക് പ്രധാനമാണ്. പല്ലും ചുണ്ടും മോണയും അതിന്റെ കൃത്യമായ അളവിൽ ചേർന്ന് നിൽക്കുമ്പോഴാണ് ഒരു ചിരി ഭംഗിയുള്ളതാവുന്നത്. ചിരിക്കുമ്പോൾ മോണ കൂടുതലായി കാണുന്നത്, പല്ല് കൂടുതലായി കാണുന്നത്, പല്ല് കാണാതിരിക്കുന്നത് ഇതെല്ലാം നമ്മുടെ ചിരിയുടെ ഭംഗി കുറയ്ക്കാം, ഒപ്പം നിങ്ങളുടെ ആത്മവിശ്വാസവും. ഈ പോരായ്മകളും അപൂർണതകളും പരിഹരിച്ച് സ്‌മൈൽ ഡിസൈനിങ്ങിലൂടെ നൈസർഗികമായ പുഞ്ചിരി സ്വന്തമാക്കാൻ കഴിയുന്നു. അപ്പോൾ പുഞ്ചിരിക്കുള്ള ചികിത്സയാണോ സ്‌മൈൽ ഡിസൈനിങ്  എന്ന് സംശയം വരാം. അത് മാത്രമല്ല. 

 

∙ പല്ലിന്റെ നിറവ്യത്യാസം

∙ ക്ഷയിച്ച അല്ലെങ്കിൽ പൊട്ടിയ പല്ലുകൾ

∙ രൂപവ്യത്യാസമുള്ള പല്ലുകൾ

∙ ക്രമരഹിതമായ പല്ലുകൾ

∙ ചിരിക്കുമ്പോൾ മോണ കൂടുതൽ കാണുന്നത്, പല്ലുകൾ കൂടുതൽ കാണുന്നത്, പല്ലുകൾ ഒട്ടും കാണാത്തത്

∙ നഷ്ടപ്പെട്ട അല്ലെങ്കിൽ വിടവുള്ള പല്ലുകൾ

∙ പഴയ ഫില്ലിങ്ങുകളും പല്ലിന്റെ ക്യാപ്പുകളും പുനഃസ്ഥാപിക്കണമെങ്കിൽ

∙ ചുണ്ടുകൾക്കും കവിളുകൾക്കും രൂപമാറ്റം വരുത്തണമെങ്കിൽ

∙ നിങ്ങളുടെ പുഞ്ചിരി ഒന്നുകൂടി മെച്ചപ്പെടുത്തണം എന്ന് ആഗ്രഹിക്കുന്നുവെങ്കിൽ 

 

ഇങ്ങനെ പല്ലുമായി  ബന്ധപ്പെട്ട പല ചികിത്സകൾ സ്‌മൈൽ ഡിസൈനിങ്ങിലുണ്ട്. വെനീറുകൾ, ദന്ത ഇംപ്ലാന്റുകൾ, നിരതെറ്റിയ പല്ലുകളുടെ ക്രമീകരണ ചികിത്സകൾ, പല്ലുകൾ വെളുപ്പിക്കുന്ന ചികിത്സകൾ അഥവാ ടൂത്ത് ബ്ലീച്ചിങ്, വിവിധതരം ക്രൗണുകൾ, സ്ഥിരമായി ഉറപ്പിക്കുന്നതും നിങ്ങൾക്ക്തന്നെ എടുത്തു മാറ്റുകയും തിരിച്ച് വയ്ക്കാൻ പറ്റുന്നതുമായ കൃത്രിമ പല്ല് സെറ്റുകൾ, വിവിധതരം മോണ ചികിത്സകൾ, പല്ലുകളുടെ ആകൃതിയും വലുപ്പവും ക്രമീകരിക്കൽ, മുഖത്തിന്റെയും ചുണ്ടുകളുടെയും രൂപത്തിൽ മാറ്റം വരുത്താനുള്ള ശസ്ത്രക്രിയകൾ തുടങ്ങി എല്ലാ ദന്ത വിഭാഗങ്ങളുടെയും ഒരു സംയോജനമാണ് സ്‌മൈൽ ഡിസൈനിങ് എന്ന പ്രക്രിയ. 

 

സ്‌മൈൽ ഡിസൈനിങ്ങിലൂടെ നിങ്ങളുടെ മുഖത്തിന് ഏറ്റവും അനുയോജ്യമായ രീതിൽ ഈ പ്രശ്നങ്ങൾ പരിഹരിക്കാം. കൃത്രിമപല്ലുകൾ, ക്യാപ്പുകൾ, പല്ലുകളുടെ നിറം മാറ്റിയെടുക്കാനുള്ള ചികിത്സകൾ, നിര തെറ്റിയ പല്ലുകളെ മാറ്റിയെടുക്കൽ തുടങ്ങി പലതരം ചികിത്സകൾ സ്മൈൽ ഡിസൈനിങ്ങിന്റെ ഭാഗമാണ്. ദന്ത ചികിത്സാരംഗത്തെ നൂതന സാങ്കേതിക വിദ്യകളും കോസ്മെറ്റിക് ദന്ത ചികിത്സയിലുള്ള പരിശീലനങ്ങളും ഇന്ന് സ്‌മൈൽ ഡിസൈനിങ്  എന്ന പ്രക്രിയയെ വലിയൊരു ചികിത്സാരീതിയായി വളർത്തി എന്ന് പറയാം.

 

ഏറ്റവും പുതിയ ഉപകരണങ്ങളും, ചികിത്സാരീതികളും ആണ് സ്‌മൈൽ ഡിസൈന്റെ ഏറ്റവും വലിയ പ്രത്യേകത. വേദനയധികമില്ലാത്ത ചികിത്സാരീതികൾ ഇപ്പോൾ സാധ്യമാണ്. സ്‌മൈൽ ഡിസൈനിങ്ങിന്റെതന്നെ ഭാഗമായ മോണചികിത്സകളിൽ  ലേസർരീതികൾ അവലംബിക്കുന്നത് കൊണ്ടുതന്നെ  രക്തം പൊടിയാതെ, പെട്ടെന്നുതന്നെ മുറിവുണങ്ങുന്നു എന്നത് ഏറെ പ്രയോജനകരമാണ്.

 

നിങ്ങളുടെ മുഖത്തിന് ഏറ്റവും യോജിച്ച ചിരി നിങ്ങൾക്ക് തിരഞ്ഞെടുക്കാനാകും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ചികിത്സയുടെ അന്തിമഫലത്തെ കുറിച്ച് സംശയങ്ങളും ആകുലതകളും തീർച്ചയായും ഉണ്ടാകും. ഈ പല്ലുകൾ എനിക്ക് ചേരുമോ, ഈ പല്ലു വന്നാൽ എന്റെ മുഖത്തിന്റെ രൂപം മാറുമോ ഇങ്ങനെ നിരവധി സംശയങ്ങൾ ഉണ്ടാകാം. ഡിജിറ്റൽ സ്‌മൈൽ ഡിസൈനിങ്  എന്ന നൂതന സാങ്കേതിക വിദ്യയിലൂടെ അതിനും പരിഹാരമുണ്ട്. ഡിജിറ്റലായി ഒരു പുഞ്ചിരി രൂപകല്പന ചെയ്യുന്നതിനും പരിഷ്കരിക്കുന്നതിനുമുള്ള സംവിധാനമാണത്. ചികിത്സ ആരംഭിക്കുന്നതിനു മുമ്പുതന്നെ നിങ്ങളുടെ പുതിയ പുഞ്ചിരിയുടെ ഒരു മാതൃകരൂപം ദൃശ്യങ്ങളായി നിങ്ങൾക്ക് കാണാൻ സാധിക്കും.നമ്മുടെ മുഖത്തിനിണങ്ങുന്ന സുന്ദരമായ പുഞ്ചിരി സ്‌മൈൽ ഡിസൈനിങ്ങിലൂടെ ഇനി നമുക്ക് തീരുമാനിക്കാം, പക്ഷേ ശ്രദ്ധിക്കുക ഇതിനായി സ്‌മൈൽ ഡിസൈനിങ് എക്സ്പെർട്ടുകളെ മാത്രം സമീപിക്കുക.

 

(ഏറ്റുമാനൂർ തീർത്ഥാസ് ടൂത് അഫയർ ഡെന്റൽ ഹോസ്പിറ്റലിലെ ചീഫ് ഡന്റൽ സർജനും ലഫ്.കേണൽ ഹേമന്ദ് രാജിന്റെ ഭാര്യയുമാണ് ലേഖിക)

Content Summary: Dental care and smile designing treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com