ADVERTISEMENT

പല്ലിന് ചിരിക്കാനേ അറിയൂ. അവഗണനയുടെ കഥ പറയുന്നതും ചിരിച്ചുകൊണ്ടാകും. പലരും ശരീരത്തിൽ ഏറ്റവും അവഗണിക്കുന്ന ഭാഗം പല്ലാണ്. ഈ അവഗണന ഒടുവിൽ രോഗങ്ങളിലെത്തിക്കുമ്പോഴാണ് പല്ലിന്റെ കാര്യം പലരും ഓർക്കുക. 

പ്രായമായാൽ ദന്തസംരക്ഷണത്തിൽ ശ്രദ്ധ വേണ്ടെന്നു കരുതുന്നവർ ശ്രദ്ധിക്കുക. കുട്ടികളിലെയും ചെറുപ്പക്കാരിലെയും ദന്തസംരക്ഷണം പോലെ തന്നെ പ്രധാനമാണ് പ്രായമായവരിലെ ദന്തസംരക്ഷണവും. ചെറുപ്പം നിലനിർത്താൻ ആഗ്രഹിക്കുന്നവരാണല്ലോ എല്ലാവരും. കവിളുകൾ ഒട്ടാതെ ചെറുപ്പം നിലനിർത്താൻ ദന്തസംരക്ഷണം അത്യാവശ്യമാണ്. ഭക്ഷണം നന്നായി ചവച്ചരച്ചു കഴിക്കുന്നതിനും ആരോഗ്യമുള്ള പല്ലുകൾ വേണം. നന്നായി ചവച്ചരച്ചു കഴിച്ചാൽ മാത്രമേ ഭക്ഷണത്തിലെ പോഷകഗുണങ്ങൾ ശരീരത്തിലെത്തുകയുള്ളൂ.

മോണരോഗം പോലുള്ള അസുഖങ്ങളെ പ്രതിരോധിക്കാൻ ആറു മാസത്തിലൊരിക്കലെങ്കിലും ദന്തരോഗ വിദഗ്ധനെക്കൊണ്ട് പരിശോധിപ്പിക്കണം. പല്ലുകളിലെ കേട് തുടക്കത്തിലെ കണ്ടെത്തിയാൽ റൂട്ട് കനാൽ പോലുള്ള ചികിത്സകൾ ഒഴിവാക്കാൻ സാധിക്കും. വായിലെ കാൻസർ ദന്തരോഗ വിദഗ്ധന് പെട്ടെന്നു കണ്ടെത്താൻ സാധിക്കും. 

പല്ല് വൃത്തിയാക്കൽ

ദന്തപരിശോധനയിലെ ഏറ്റവും പ്രധാന കാര്യമാണ് പല്ലു വൃത്തിയാക്കൽ. സ്ഥിരമായി പല്ലു തേച്ചാലും വായിലെ ബാക്ടീരിയകൾ പല്ലിൽ പറ്റിപ്പിടിച്ച് പ്ലേക് എന്നൊരു ആവരണം ഉണ്ടാകുന്നു. ഇത്  ക്രമേണ പല്ലുകളിൽ കക്കയായി അടിഞ്ഞുകൂടുകയും  ക്രമേണ മോണകളിലേക്ക് ഇറങ്ങി മോണകളിൽ അണുബാധയ്ക്കു കാരണമാവുകയും ചെയ്യും. ക്രമേണ മോണകളിൽ നിന്നു രക്തം വരികയും മോണ തടിച്ചു വീർക്കുകയും പല്ലിന് ബലക്ഷയം വരികയും ചെയ്യും. 

പ്രമേഹമുള്ളവരിൽ കൂടുതലായി മോണരോഗം കണ്ടുവരുന്നു. ഗുരുതര മോണരോഗമുള്ളവർക്ക് പ്രമേഹസാധ്യതയും കൂടുതലാണ്.

പുകവലിക്കുന്നവരിലും പുകയില നേരിട്ട് ഉപയോഗിക്കുന്നവരിലും മോണയിലെ രക്തക്കുഴലുകൾ ചുരുങ്ങിയിരിക്കുന്നതിനാൽ പുറമേ ലക്ഷണങ്ങളൊന്നും കാണില്ല. എന്നാൽ വായിലെ വെളുത്ത പാടയോ ചുവന്നനിറത്തോടുകൂടിയ പാടകളോ വായിലെ നിറവ്യത്യാസമോ ബ്രഷ് ചെയ്യുമ്പോൾ കണ്ടെത്തിയാൽ ഉടൻതന്നെ ദന്തഡോക്ടറെ സമീപിക്കണം. എന്നാൽ നിറവ്യത്യാസം വായിലെ അർബുദരോഗത്തിന്റെ തുടക്കമാകാം. നേരത്തേ കണ്ടെത്തിയാൽ പൂർണമായും ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമാണ് വായിലെ അർബുദം.

വിവരങ്ങൾക്കു കടപ്പാട്: 

ഡോ.നന്ദകിഷോർ ജെ.വർമ 

(കൺസൽറ്റന്റ് ഡെന്റൽ സർജൻ, 

ഭാരത് ഹോസ്പിറ്റൽ, കോട്ടയം)

Content Summary: Dental related diseases and Oral Cancer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com