കോവിഡ് നാലാം തരംഗം: വില്ലനാകുമോ XXB വകഭേദം; ലക്ഷണങ്ങള്‍ ഇവ
Mail This Article
കോവിഡിനെ സംബന്ധിച്ച് കാര്യങ്ങളൊക്കെ ഒന്ന് ഒതുങ്ങിയെന്ന് കരുതിയിരിക്കുമ്പോഴാണ് ഒമിക്രോണിന്‍റെ പുതിയ വകഭേദമായ XXB യുടെ വരവ്. പൂര്‍ണമായും വാക്സിനേഷന്‍ എടുത്തവരെയും അടുത്ത കാലത്ത് ഒരു കോവിഡ് അണുബാധയില്‍ നിന്ന് വിമുക്തി നേടിയവരെയുമെല്ലാം ഈ പുതിയ വകഭേദത്തിന് ബാധിക്കാന്‍ കഴിയുമെന്ന് കരുതപ്പെടുന്നു. മോണോക്ലോണല്‍ ആന്‍റിബോഡി ചികിത്സയുടെ കാര്യക്ഷമതയെയും XXBക്ക് ബാധിക്കാന്‍ കഴിയുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
അതിസാരം, പനി, കുളിര്‍, തീവ്രമായ ക്ഷീണം, തൊണ്ട വേദന, ശ്വാസംമുട്ടല്‍, മണവും രുചിയും നഷ്ടമാകല്‍ എന്നിവയാണ് ഒമിക്രോണ്‍ XXB വകഭേദവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ലക്ഷണങ്ങള്‍. ഓഗസ്റ്റില്‍ സിംഗപ്പൂരിലാണ് ഈ വകഭേദം ആദ്യം കണ്ടെത്തുന്നത്. ഒമിക്രോണ്‍ ബിഎ 2.75, ബിജെ.1 ഉപവകഭേദങ്ങള്‍ ചേര്‍ന്നതാണ് XXB വകഭേദം. ബിഎ 2.75 വകഭേദത്തെ അപേക്ഷിച്ച് പ്രതിരോധശേഷിയെ വെട്ടിച്ച് രക്ഷപ്പെടാനുള്ള കഴിവ് XXBക്ക് കൂടുതൽ ഉണ്ടെന്നാണ് പകര്‍ച്ചവ്യാധി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
XXB മൂലം ചില രാജ്യങ്ങളില്‍ കോവിഡിന്‍റെ അടുത്ത തരംഗത്തിന് സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ പുതിയ വകഭേദം കൂടുതല്‍ കടുത്ത രോഗമുണ്ടാക്കും എന്നതിനെ സംബന്ധിച്ച് തെളിവുകളൊന്നും ഇതു വരെ ലഭിച്ചിട്ടില്ല. ഒമിക്രോണിന് 300ലധികം ഉപവകഭേദങ്ങള്‍ ഇത് വരെ ഉണ്ടായിട്ടുണ്ട്.
Content Summary: COVID-19 Fourth Wave: Omicron Variant XBB Can Infect Fully Vaccinated Individuals