തോളിലെ മുഴ ജിമ്മില്‍ പോയതിന്‍റെ മസിലാണെന്ന് കരുതി; പക്ഷേ പരിശോധനയില്‍ തെളിഞ്ഞത്
Mail This Article
ജിമ്മില്‍ പോയി വര്‍ക്ക് ഔട്ട് തുടങ്ങി രണ്ട് ദിവസത്തിന് ശേഷം ടോമസ് ഇവാന്‍സ് എന്ന പതിനെട്ടുകാരന്‍ ഉറക്കമുണരുന്ന് തോളില്‍ ആപ്പിളിന്‍റെ വലുപ്പത്തില്‍ ഒരു മുഴയുമായിട്ടാണ്. വര്‍ക്ക് ഔട്ടിനെ തുടര്‍ന്ന് പേശികള്‍ക്ക് ക്ഷതമേറ്റ് നീരുവച്ചതോ അല്ലെങ്കില്‍ പേശികള്‍ സ്ഥാനം തെറ്റി വളര്‍ന്നതോ ആകാമെന്നാണ് ടോമസ് കരുതിയത്. എന്നാല്‍ ആശുപത്രിയില്‍ പോയി പരിശോധനകള്‍ക്ക് വിധേയനായപ്പോള്‍ ലഭിച്ച രോഗനിര്‍ണയ ഫലം ടോമസിനെയും മാതാപിതാക്കളെയുമെല്ലാം ഞെട്ടിച്ചു. ലിംഫാറ്റിക് സംവിധാനത്തിലുണ്ടാകുന്ന അര്‍ബുദമായ ഹോക്കിന്‍സ് ലിംഫോമയാണ് തോളിലെ മുഴയ്ക്ക് കാരണമെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. വെയ്ല്‍സിലെ റെക്സ്ഹാമില്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് സംഭവം.
20നും 40നും ഇടയില്‍ പ്രായമുള്ളവരെ സാധാരണ ബാധിക്കുന്ന അര്‍ബുദമാണ് ഹോക്കിന്‍ ലിംഫോമ. ശരീരത്തിലെ ധമനികളും ഗ്രന്ഥികളും ഉള്‍പ്പെടുന്ന ലിംഫാറ്റിക് സംവിധാനത്തിലാണ് ഈ അര്‍ബുദകോശങ്ങള്‍ വളരുന്നത്. ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന്‍റെ ഭാഗമായ ലിംഫോസൈറ്റുകള്‍ എന്ന ശ്വേത രക്ത കോശങ്ങള്‍ അനിയന്ത്രിതമായി വളര്‍ന്ന് ലിംഫ് നോഡുകളിലും മറ്റ് ഭാഗങ്ങളിലും മുഴകള്‍ ഉണ്ടാക്കുന്നു. അര്‍ബുദം രണ്ടാം ഘട്ടത്തിലായിരുന്ന ടോമസിന് ഉടന്‍ കീമോതെറാപ്പി ആരംഭിച്ചു. ചികിത്സ തുടങ്ങി മൂന്ന് മാസത്തിനുള്ളില്‍ സ്കാനുകളില്‍ അര്‍ബുദകോശങ്ങള്‍ കാണപ്പെടുന്നില്ലെന്ന ശുഭവാര്‍ത്ത ടോമസിനും കുടുംബത്തിനും ലഭിച്ചു.
2023 ഫെബ്രുവരി വരെ കീമോതെറാപ്പി തുടരും. കീമോതെറാപ്പി വിജയം കണ്ടെങ്കിലും സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ ഈ ചെറുപ്പക്കാരന് ഇനിയും സമയം എടുത്തേക്കും. അണുബാധയുണ്ടാകാനുള്ള സാധ്യതയാണ് ഏറ്റവും വലിയ വെല്ലുവിളി.
കഴുത്തിലും തോളിലും കക്ഷത്തിലും വേദനരഹിതമായ നീര്‍ക്കെട്ട്, നിരന്തരം ക്ഷീണം, പനി, രാത്രിയില്‍ അമിതമായി വിയര്‍ക്കല്‍, അകാരണമായ ഭാരനഷ്ടം, കടുത്ത ചൊറിച്ചില്‍, മദ്യപാനത്തിന് ശേഷം ലിംഫ് നോഡുകളില്‍ വേദന എന്നിവയെല്ലാം ഹോക്കിൻസ് ലിംഫോമയുടെ മറ്റ് ലക്ഷണങ്ങളാണ്.
Content Summary: Teen Thought He Had Pulled Muscle In The Gym, Turned Out To Be A Fist-Sized Cancer