വജൈനല്‍ ഫിസ്റ്റുല പല തരം; ലക്ഷണങ്ങള്‍ ഇവ
Mail This Article
സ്ത്രീശരീരത്തിലെ ഏറ്റവും മൃദുവായ ഭാഗങ്ങളിലൊന്നാണ് യോനി അഥവാ വജൈന. അതിനാല്‍തന്നെ അതിന്‍റെ സംരക്ഷണത്തിന് അതീവ ശ്രദ്ധ നല്‍കേണ്ടതാണ്. യോനിയെ ബാധിക്കുന്ന പ്രധാനപ്പെട്ട രോഗങ്ങളിലൊന്നാണ് വജൈനല്‍ ഫിസ്റ്റുല. യോനീ ഭിത്തികളില്‍ ദ്വാരം രൂപപ്പെടുകയും ഈ ദ്വാരം മൂത്രസഞ്ചി, റെക്ടം, കുടല്‍ എന്നിങ്ങനെ ഏതെങ്കിലും ആന്തരിക അവയവവുമായി ബന്ധിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയ്ക്കാണ് വജൈനല്‍ ഫിസ്റ്റുല എന്ന് പറയുന്നത്.
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഓരോ വര്‍ഷവും 50,000 മുതല്‍ ഒരു ലക്ഷം വരെ സ്ത്രീകള്‍ക്ക് വജൈനല്‍ ഫിസ്റ്റുല ബാധിക്കപ്പെടുന്നു. ഏഷ്യ, സബ്-സഹാറന്‍ ആഫ്രിക്ക എന്നിവിടങ്ങളിലായി 20 ലക്ഷത്തോളം യുവതികള്‍ ചികിത്സിക്കപ്പെടാത്ത വജൈനല്‍ ഫിസ്റ്റുലയുമായി ജീവിതം തള്ളി നീക്കുന്നതായും ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
യോനിയില്‍ ഉണ്ടാകുന്ന ദ്വാരം ഏത് അവയവവുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നതിന്‍റെ അടിസ്ഥാനത്തില്‍ വജൈനല്‍ ഫിസ്റ്റുലയെ പലതായി തരംതിരിച്ചിരിക്കുന്നു. മൂത്രസഞ്ചിയുമായിട്ടാണ് ബന്ധമെങ്കില്‍ അതിനെ വെസിക്കോവജൈനല്‍ ഫിസ്റ്റുല എന്നും റെക്ടവുമായിട്ടാണെങ്കിൽ റെക്ടോവജൈനല്‍ ഫിസ്റ്റുലയെന്നും കോളനുമായിട്ടാണ് ബന്ധമെങ്കില്‍ കോളോവജൈനല്‍ ഫിസ്റ്റുലയെന്നും ചെറുകുടലുമായിട്ടാണെങ്കിൽ എന്‍റെറോവജൈനല്‍ ഫിസ്റ്റുലയെന്നും മൂത്രദ്വാരവുമായിട്ടാണ് ബന്ധമെങ്കില്‍ യൂറെത്രോവജൈനല്‍ ഫിസ്റ്റുലയെന്നും മൂത്രനാളിയായിട്ടാണെങ്കിൽ യൂറെറ്റെറോവജൈനല്‍ ഫിസ്റ്റുലയെന്നും വിളിക്കുന്നു.
ഇനി പറയുന്നവയാണ് വജൈനല്‍ ഫിസ്റ്റുലയുടെ പ്രധാന ലക്ഷണങ്ങള്‍
1. മൂത്രവിസര്‍ജ്ജനത്തില്‍ തകരാര്‍, മൂത്രം ചോരുന്ന അവസ്ഥ
2. മലം ചോരുന്ന അവസ്ഥ
3. മൂത്രമൊഴിക്കാനോ മലവിസര്‍ജ്ജനം ചെയ്യാനോ തോന്നാത്ത അവസ്ഥ
4. യോനിയില്‍നിന്ന് ദുര്‍ഗന്ധമുള്ള സ്രവങ്ങള്‍
5. യോനിയില്‍ അണുബാധയും ചൊറിച്ചിലും
6.അടിവയറ്റിൽ വേദന
7.മൂത്രനാളിയിലും വൃക്കയിലും അണുബാധ
8. ലൈംഗികബന്ധത്തിനിടെ വേദന
9.മനംമറിച്ചില്‍, ഛര്‍ദ്ദി
10.അതിസാരം
11.അകാരണമായ ഭാരനഷ്ടം
12. യോനിയില്‍നിന്നോ റെക്ടത്തില്‍നിന്നോ രക്തസ്രാവം
പ്രസവസമയത്തെ സങ്കീര്‍ണതകള്‍, സിസേറിയന്‍, ഗര്‍ഭപാത്രം നീക്കം ചെയ്യല്‍ എന്നിവ അടക്കം അടിവയറിന്‍റെ ഭാഗത്ത് നടക്കുന്ന ശസ്ത്രക്രിയകൾ, റേഡിയേഷന്‍ തെറാപ്പി, കോളന്‍ അര്‍ബുദം, ഗര്‍ഭാശയ മുഖ അര്‍ബുദം, യോനിയിലെ അര്‍ബുദം, ക്രോണ്‍സ് ഡിസീസ് എന്നിങ്ങനെ വൈജനല്‍ ഫിസ്റ്റുലയുടെ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍ പലതാണ്.
ഏതുതരം വജൈനല്‍ ഫിസ്റ്റുലയാണ് എന്നതിന്‍റെ അടിസ്ഥാനത്തിലാണ് ചികിത്സ നിര്‍ണയിക്കുക. ചിലതരം ചെറിയ ഫിസ്റ്റുലകള്‍ തനിയെ ഭേദമാകാറുണ്ട്. എന്നാല്‍ വലിയ ദ്വാരങ്ങള്‍ക്ക് ശസ്ത്രക്രിയ വേണ്ടി വന്നേക്കാം.
Content Summary: Vaginal Fistula;Warning Signs