ഇന്ത്യയില്‍ കുട്ടികളിലെ പ്രതിരോധ കുത്തിവയ്പ്പിനോടുള്ള വിശ്വാസം വര്‍ധിച്ചതായി യൂണിസെഫ് റിപ്പോര്‍ട്ട്
Mail This Article
ഇന്ത്യയടക്കമുള്ള മൂന്ന് രാജ്യങ്ങളില്‍ കുട്ടികള്‍ക്ക് നല്‍കുന്ന പ്രതിരോധ കുത്തിവയ്പ്പിനോടുള്ള വിശ്വാസം വര്‍ധിച്ചതായി യൂണിസെഫ് റിപ്പോര്‍ട്ട്. പഠന വിധേയമാക്കിയ 55 രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് പുറമേ ചൈനയിലും മെക്സിക്കോയിലും മാത്രമാണ് കോവിഡ് മഹാമാരിക്ക് ശേഷം കുട്ടികളിലെ പ്രതിരോധ കുത്തിവയ്പ്പിനോടുള്ള വിശ്വാസം വര്‍ധിച്ചത്. കൊറിയ, ജപ്പാന്‍, പാപ്പുവ ന്യൂ ഗിനിയ, ഘാന, സെനഗല്‍ അടക്കം 52 രാജ്യങ്ങളില്‍ പ്രതിരോധ കുത്തിവയ്പ്പിനോടുള്ള വിശ്വാസം ജനങ്ങളില്‍ കുറഞ്ഞതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പല രാജ്യങ്ങളിലും 35 വയസ്സിന് താഴെയുള്ളവരിലും സ്ത്രീകളിലുമാണ് മഹാമാരിക്ക് ശേഷം കുട്ടികളുടെ വാക്സീനോടുള്ള വിശ്വാസം കുറഞ്ഞിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. വാക്സീനോടുള്ള ഈ വിമുഖത രാജ്യങ്ങളും അവയിലെ ആരോഗ്യ സംവിധാനങ്ങളും ഗൗരവമായി എടുക്കണമെന്നും യൂണിസെഫ് മുന്നറിയിപ്പ് നല്‍കുന്നു.
കോവിഡ് മഹാമാരിക്ക് ശേഷം കുട്ടികളിലെ പ്രതിരോധ കുത്തിവയ്പ്പില്‍ ആഗോള വ്യാപകമായി ഇടിവ് സംഭവിച്ചിരുന്നു. 30 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ കുറവാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ആരോഗ്യ സംവിധാനങ്ങളുടെ ശ്രദ്ധ കോവിഡ് പ്രതിരോധ കുത്തിവയ്പ്പിലേക്ക് തിരിഞ്ഞതിനെ തുടര്‍ന്നാണ് ഇത് സംഭവിച്ചത്.
2019നും 2021നും ഇടയില്‍ 67 ദശലക്ഷം കുട്ടികള്‍ക്ക് വാക്സിനേഷനുകള്‍ നഷ്ടമായതായി യൂണിസെഫ് പറയുന്നു. 112 രാജ്യങ്ങളില്‍ വാക്സിനേഷന്‍ കവറേജ് ഇക്കാലയളവില്‍ കുറഞ്ഞു. ഇതിന്‍റെ ഫലമായി കുട്ടികള്‍ക്കിടയില്‍ പല രോഗങ്ങളുടെയും വ്യാപനവും വര്‍ധിച്ചിട്ടുണ്ട്. ഉദാഹരണത്തിന് 2022ല്‍ കുട്ടികള്‍ക്കിടയിലെ അഞ്ചാംപനി കേസുകള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയായി.
പോളിയോ മൂലം തളര്‍ന്ന് പോയ കുട്ടികളുടെ എണ്ണവും 2022ല്‍ 16 ശതമാനം വര്‍ധിച്ചു. 2019-21 കാലഘട്ടത്തില്‍ അതിനും മുന്‍പുള്ള മൂന്ന് വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോൾ പോളിയോ മൂലം തളര്‍ന്ന കുട്ടികളുടെ എണ്ണത്തില്‍ എട്ട് മടങ്ങ് വര്‍ധനയുണ്ടായതായും റിപ്പോര്‍ട്ട് പറയുന്നു. അതേ സമയം ഇന്ത്യയില്‍ യാതൊരു വിധത്തിലുള്ള വാക്സീനുകളും ഇത് വരെ ലഭിക്കാത്ത കുട്ടികളുടെ എണ്ണം 27 ലക്ഷമാണ്. 30 ലക്ഷത്തില്‍ നിന്ന് 27 ലക്ഷത്തിലേക്ക് ഈ സംഖ്യ എത്തിക്കാന്‍ ഇന്ദ്രധനുഷ് ദൗത്യം പോലുള്ള ചില പദ്ധതികളിലൂടെ രാജ്യത്തിന് സാധിച്ചിട്ടുണ്ട്.
Content Summary: Children's Vaccination and UNICEF Report