വ്യത്യസ്ത ദിവസങ്ങളിൽ സ്വാപ് ട്രാൻസ്പ്ലാന്റ്; ദാതാക്കൾക്ക് കരളിന്റെ മാതൃകയിൽ തീർത്ത അലങ്കാരച്ചെടി സമ്മാനിച്ച് ആശുപത്രി
Mail This Article
വ്യത്യസ്ത ദിവസങ്ങളിൽ സ്വാപ് ട്രാൻസ്പ്ലാന്റ് വിജയകരമായി പൂർത്തിയാക്കി രാജഗിരി ആശുപത്രി. കരൾ രോഗം ബാധിച്ച ഏറ്റുമാനൂർ സ്വദേശി എസ്.സുനീഷ്, പാലാ സ്വദേശിയായ മേഴ്സി എന്നിവർക്കാണ് രണ്ടു ദിവസത്തെ ഇടവേളയിൽ സ്വാപ് ട്രാൻസ്പ്ലാന്റ് നടത്തിയത്.
കലശലായ വയറുവേദയെ തുടർന്ന് സുനീഷ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കരൾ രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് രാജഗിരി ആശുപത്രിയിലെത്തുന്നത്. സീനിയർ ഹെപ്പറ്റോളജിസ്റ്റ് ഡോ. സിറിയക് എബി ഫിലിപ്പ്സിന്റെ പരിശോധനയിൽ ലിവർ സിറോസിസിന്റെ മൂർധന്യാവസ്ഥയിലാണെന്നും കരൾ മാറ്റിവയ്ക്കുകയല്ലാതെ മറ്റു മാർഗമില്ലെന്നും മനസ്സിലാക്കി. ഭാര്യ രമ്യാമോൾ .കെ.എൻ. കരൾ നൽകാൻ തയാറായെങ്കിലും ആവശ്യമായ അളവിൽ കരൾ നൽകാൻ രമ്യക്ക് കഴിയാതെ വന്നു. ഈ സമയത്താണ് അടുത്ത ബന്ധുക്കൾ വഴി അവയവം മാറ്റിവയ്ക്കൽ സാധ്യമാകാതെ വന്നാൽ അത്തരം കേസുകളിൽ നിയമപരമായ സ്വാപ് ട്രാൻസ്പ്ലാന്റ് എന്ന മാർഗമുണ്ടെന്നും സമാനമായ രീതിയിൽ കരൾ ദാതാവിനെ തേടി പാലാ സ്വദേശിയായ മേഴ്സി ജെയിംസ് എന്ന 62കാരിയുണ്ടെന്നും ട്രാൻസ്പ്ലാന്റ് കോർഡിനേറ്ററിൽ നിന്നു മനസ്സിലാക്കുന്നത്. അപരിചിതരായ രണ്ട് കുടുംബങ്ങൾ കരൾ പകുത്ത് ഒന്നായി മാറിയതിന്റെ തുടക്കം ഇവിടെനിന്നായിരുന്നു.
പാലാ സ്വദേശിയായ മേഴ്സി സമാനമായ രോഗവുമായി രാജഗിരി ആശുപത്രിയിലെ സീനിയർ ഹെപ്പറ്റോളജിസ്റ്റ് ഡോ. ജോൺ മേനാച്ചേരിയുടെ ചികിത്സയിലായിരുന്നു. മേഴ്സിയുടെ മകൾ മരിയ കരൾ നൽകാൻ തയാറായിരുന്നെങ്കിലും രക്ത ഗ്രൂപ്പ് യോജിക്കാതെ വന്നു. ശസ്ത്രക്രിയ നീണ്ടുപോകുന്നത് സുനീഷിന്റേയും മേഴ്സിയുടേയും ജീവനുതന്നെ ഭീഷണിയാകുമെന്ന ഘട്ടത്തിലാണ് രാജഗിരി ആശുപത്രിയിലെ കരൾ മാറ്റിവയ്ക്കൽ വിദ്ഗദൻ ഡോ.രാമചന്ദ്രൻ നാരായണ മേനോൻ രണ്ട് കുടുംബത്തേയും സ്വാപ്പിങ് ട്രാൻസ്പ്ലാന്റിന്റെ സാധ്യതകളെ കുറിച്ച് ബോധ്യപ്പെടുത്തിയത്. അങ്ങനെ സുനീഷിന്റെ ഭാര്യ മേഴ്സിക്കും, സുനീഷിന് മേഴ്സിയുടെ മകൾ മരിയയും കരൾ നൽകാൻ സന്നദ്ധരായി.
ദിവസങ്ങൾ നീണ്ട പരിശോധനകൾക്കും, അംഗീകാര സമിതിയിൽ നിന്നുളള അനുമതികൾക്കും ശേഷം ഇരു കുടുംബങ്ങളും സർജറിക്കായി ഒരുങ്ങി. ഇതിനിടയിലാണ് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് മേഴ്സിയുടെ ശസ്ത്രക്രിയ മുൻ നിശ്ചയിച്ച ദിവസം നടത്താൻ കഴിയാതെ വന്നത്. സ്വാപ്പിങ് ട്രാൻസ്പ്ലാന്റ് സർജറികൾ ഒരേ ദിവസം ഒരേ സമയം തന്നെ ചെയ്യുകയാണ് പതിവ്. എന്നാൽ ഇവിടെ ഓഗസ്റ്റ് 23 ന് മരിയയുടെ കരൾ സുനീഷ് സ്വീകരിച്ചു. കരൾ മാറ്റിവയ്ക്കൽ വിദ്ഗദൻ ഡോ.രാമചന്ദ്രൻ നാരായണ മേനോന്റെ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയയിൽ ഡോ.ജോൺ ഷാജി മാത്യു, ഡോ.ജോസഫ് ജോർജ്, ഡോ.ശാലിനി രാമകൃഷ്ണൻ, ഡോ.ജോർജ് ജേക്കബ്, ഡോ.സച്ചിൻ ജോർജ്, ഡോ.മീനാക്ഷി, ഡോ.ഗസ്നഫർ ഹുസൈൻ, ഡോ.ക്രിസ് തോമസ്, ഡോ.ലിജോ ഏലിയാസ് എന്നിവരും പങ്കാളികളായി. രണ്ട് ദിവസത്തിന് ശേഷം നടന്ന ശസ്ത്രക്രിയയിൽ സുനീഷിന്റെ ഭാര്യ രമ്യയുടെ കരൾ മേഴ്സിയും സ്വീകരിച്ചു. സ്വാപ് ട്രാൻസ്പ്ലാന്റ് ഇന്ത്യയിൽ മുമ്പ് നടന്നിട്ടുണ്ടെങ്കിലും, വ്യത്യസ്ത ദിവസങ്ങളിൽ വിജയകരമായി പൂർത്തിയാക്കുന്നത് രാജ്യത്ത് ഇതാദ്യമായാണ്. ഇരു കുടുംബങ്ങൾ തമ്മിലുളള പരസ്പര വിശ്വാസവും, കരുതലുമാണ് രണ്ട് ജീവനുകൾ നിലനിൽക്കാൻ കാരണമായതെന്നും ശസ്ത്രക്രിയയുടെ വിജയത്തോടൊപ്പം ഇക്കാര്യവും പ്രശംസിക്കപ്പെടേണ്ടതാണെന്നും ഡോ.രാമചന്ദ്രൻ നാരായണ മേനോൻ പറഞ്ഞു. ശസ്ത്രക്രിയക്ക് ശേഷം തുടർ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിയ കരൾ ദാതാക്കളെ രാജഗിരി എക്സിക്യൂട്ടീവ് ഡയറക്ടർ ആൻഡ് സിഇഒ ഫാ.ജോൺസൺ വാഴപ്പിളളി സിഎംഐ ആദരിച്ചു. വിശ്വാസത്തിന്റെ നന്മകൾ തീർത്ത വഴി നമുക്ക് മുന്നിൽ തെളിച്ചിടുകയാണ് മരിയയും, രമ്യയുമെന്ന് കരളിന്റെ മാതൃകയിൽ തീർത്ത അലങ്കാരച്ചെടി സമ്മാനിച്ചുകൊണ്ട് ഫാ.ജോൺസൺ വാഴപ്പിളളി പറഞ്ഞു.
Content Summary: Liver swap transplant