അച്ഛനമ്മമാർക്കു പക്ഷാഘാതമുണ്ടായിട്ടുണ്ടെങ്കിൽ മക്കൾക്ക് സാധ്യത 3 മടങ്ങ് വരെ; അറിയാം 6 കാര്യങ്ങൾ
Mail This Article
തലച്ചോറിലെ രക്തക്കുഴലുകളിലെ തടസ്സങ്ങളാണു പ്രധാനമായും പക്ഷാഘാതത്തിനു കാരണം. രക്തക്കുഴൽ പൊട്ടി തലച്ചോറിൽ രക്തസ്രാവമുണ്ടാകുമ്പോഴും പക്ഷാഘാതം (Stroke) സംഭവിക്കാം. ജനിതക കാരണങ്ങൾ പക്ഷാഘാത സാധ്യത വളരെയധികം വർധിപ്പിക്കും. അച്ഛനമ്മമാർക്കു പക്ഷാഘാതമുണ്ടായിട്ടുണ്ടെങ്കിൽ മക്കൾക്ക് പക്ഷാഘാതമുണ്ടാകാനുള്ള സാധ്യത 3 മടങ്ങ് വരെ കൂടുതലാണ്. അതിനാൽ ഈ റിസ്ക് ഗ്രൂപ്പിൽ ഉൾപ്പെടുന്നവർ അതീവ ജാഗ്രത പുലർത്തണം. രക്താതിമർദം, ഹൈപ്പർ ടെൻഷൻ, പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ ധമനികളിൽ രക്തം കട്ടപിടിക്കാനും പക്ഷാഘാതത്തിനുമുള്ള സാധ്യത കൂട്ടും. ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉള്ളവർക്കും പക്ഷാഘാതത്തിനുള്ള സാധ്യത കൂടുതലാണ്. അനാരോഗ്യകരമായ ജീവിത ശൈലിയും ഭക്ഷണ രീതികളും ഇതിനു കാരണമാണ്.
അമിത വണ്ണവും സൂക്ഷിക്കണം. ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) 24ൽ കൂടരുത്. ഭാരത്തെ (കിലോഗ്രാമിൽ) ഉയരത്തിന്റെ (മീറ്ററിൽ) വർഗം കൊണ്ടു ഹരിക്കുന്നതാണു ബിഎംഐ. പുകവലിയും പ്രശ്നമാണ്. മദ്യപാനവും പക്ഷാഘാതവും തമ്മിൽ നേരിട്ടു ബന്ധമില്ലെങ്കിലും രക്തധമനികളിൽ ബ്ലോക്കിനു കാരണമാകുമെന്നതിനാൽ മദ്യപാനവും ഒഴിവാക്കുന്നതാണു നല്ലത്. നേരത്തേ ചെറിയ തോതിൽ ഹൃദയാഘാതമുണ്ടായവർക്കു സാധ്യത 6 മടങ്ങ് വരെ കൂടുതലാണ്. ലക്ഷണങ്ങളിൽ നിന്നു പക്ഷാഘാതം തിരിച്ചറിയേണ്ടതു ചികിത്സയിൽ പ്രധാനമാണ്. കാരണം പക്ഷാഘാതമുണ്ടായി എത്രയും വേഗം സ്ട്രോക്ക് ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രിയിൽ എത്തിച്ചാൽ അതിന്റെ ആഘാതം കുറച്ച് 70% പേരെയും രക്ഷപ്പെടുത്താനാകും. മുഖത്തു വ്യതിയാനമുണ്ടാകുക, ചുണ്ടുകൾ ഒരു വശത്തേക്കു കോടുക, കൈകൾക്കു ബലഹീനതയുണ്ടാകുക, പെട്ടെന്ന് തല കറങ്ങുക, കാഴ്ച മങ്ങുക, സംസാരിക്കുന്നതിനിടയിൽ നാക്കു കുഴഞ്ഞു പോകുക തുടങ്ങിയവ പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളാണ്. പ്രായം ചെന്നവരിലാണു പക്ഷാഘാതം പൊതുവേ കണ്ടു വരുന്നത്. എന്നാൽ ഇപ്പോൾ 40 വയസ്സുകാരിലും ഇപ്പോൾ പക്ഷാഘാതം കൂടി വരുന്നു.
പക്ഷാഘാത സാധ്യത കുറയ്ക്കാൻ
∙ രക്തസമ്മർദം നിയന്ത്രിക്കുക.
∙ പുകവലി ഉപേക്ഷിക്കുക.
∙ ആരോഗ്യകരമായ ഭാരം നിലനിർത്തുക.
∙ വ്യായാമം ശീലമാക്കുക.
∙ പ്രമേഹമുൾപ്പെടെയുള്ള ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുക.
∙ ഹൈ റിസ്ക് വിഭാഗത്തിൽ പെടുന്നവർ 40 വയസ്സിനു ശേഷം രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകൾ കഴിക്കുക.
(വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ, സീനിയർ കൺസൽറ്റന്റ് – ന്യൂറോസർജറി, വിപിഎസ് ലേക്‌ഷോർ ആശുപത്രി, കൊച്ചി)