ശിശുദിനത്തില്‍ വാട്ടര്‍ മെട്രോ യാത്ര ആസ്വദിച്ച് അവയവമാറ്റം ചെയ്ത കുട്ടികള്‍
Mail This Article
കൊച്ചി ∙ ഒരു വയസുകാരി ഇഷ മെഹറിന്‍, പതിമൂന്നുകാരന്‍ ആദില്‍ മുഹമ്മദ്, ഒന്‍പതു വയസുകാരി പാര്‍വ്വതി ഷിനു, ആറു വയസുകാരന്‍ ഹെനോക് ഹര്‍ഷന്‍, ഒന്‍പതു വയസുകാരി ആന്‍ മരിയ, എന്നിവരോടൊപ്പം ഇരുപത്തിമൂന്നുകാരി അഞ്ജലിയും ഈ ശിശുദിനത്തില്‍ ഒത്തുചേര്‍ന്നത് ഒരു ലക്ഷ്യത്തിനായാണ്. ഡിസംബര്‍ ഒന്‍പതിന് ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ട്രാന്‍സ്പ്ലാന്റ് ഗെയിംസിന്റെ ഭാഗമായി ഹൈക്കോടതി ജെട്ടിയില്‍ നിന്നും വൈപ്പിന്‍ വരെയും തിരിച്ചുമുള്ള വാട്ടര്‍ മെട്രോ യാത്രയില്‍ പങ്കെടുത്തുകൊണ്ട് അവയവ ദാനമെന്ന മഹത്തായ സന്ദേശമാണ് ഈ കുട്ടികള്‍ സമൂഹത്തിന് പകര്‍ന്നത്. പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള കുട്ടികള്‍ക്ക് ആശംസകളുമായി ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാനും പ്രമുഖ ഹൃദ്രോഗ വിദഗ്ധനുമായ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ട്രസ്റ്റി ഡോ. ജേക്കബ് എബ്രഹാം എന്നിവരുമെത്തി. മിക്കവരും ഇതാദ്യമായാണ് വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്യുന്നത്.
പട്ടാമ്പി പട്ടിത്തറ കാടംകുളത്ത് സ്വദേശികളായ ഷമീറിന്റെയും, റജീനയുടെയും ഇളയമകള്‍ ഒരു വയസുകാരി ഇഷ മെഹറിന്‍, കൊടുങ്ങല്ലൂര്‍ കയ്പ്പമംഗലം സ്വദേശികളായ നവാസ്, റില്‍സ ദാമ്പദികളുടെ മകന്‍ പതിമൂന്നുകാരന്‍ ആദില്‍ മുഹമ്മദ്, ചാലക്കുടി പരിയാരം സ്വദേശികളായ ഷേര്‍ളിയുടെയും ബിജുവിന്റെയും മൂന്ന് മക്കളില്‍ രണ്ടാമത്തെയാള്‍ ഒന്‍പത് വയസുകാരി ആന്‍ മരിയ, ആലപ്പുഴ വാടയ്ക്കല്‍ ഹര്‍ഷന്‍ -ഡയാന ദാമ്പതികളുടെ ഇളയമകന്‍ ആറുവയസുകാരന്‍ ഹെനോക്, ഇരിങ്ങാലക്കുട കാറളം സ്വദേശികളായ സുരേഷ്, സ്മിത ദമ്പതികളുടെ മൂത്ത മകള്‍ ഇരുപത്തിമൂന്നുകാരി അഞ്ജലി പി.എസ് എന്നിവര്‍ കരള്‍മാറ്റത്തിന് വിധേയരായവരാണ്. പത്താക്ലാസില്‍ പഠിക്കുമ്പോഴാണ് അഞ്ജലിക്ക് അമ്മ സ്മിതയുടെ കരള്‍ മാറ്റിവെച്ചത്. കുഫോസില്‍ നിന്ന് മറൈന്‍ മൈക്രോ ബയോളജിയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി പിഎച്ച്ഡിക്കുള്ള തയ്യാറെടുപ്പിലാണ് അഞ്ജലിയിപ്പോള്‍. തൃശൂര്‍ ചെമ്പൂച്ചിറ സ്വദേശികളായ ഷിനു, സരിത ദമ്പതികളുടെ മകള്‍ ഒന്‍പത് വയസുകാരി പാര്‍വതിക്ക് ഒന്നര വയസിലാണ് കരളും, വൃക്കയും മാറ്റിവെക്കേണ്ടി വന്നത്. ഇപ്പോള്‍ ചെമ്പൂച്ചിറ ജിഎച്ച്എസ്എസില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് പാര്‍വ്വതി.
രക്ഷിതാക്കള്‍ക്കും ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ അംഗങ്ങള്‍ക്കുമൊപ്പം വേമ്പനാട് കായലിന്റെ ഓളപ്പരപ്പില്‍ ആടിയുലഞ്ഞ് പ്രകൃതിരമണീയമായ കാഴ്ചകള്‍ കണ്ടുള്ള വാട്ടര്‍ മെട്രോ യാത്ര കുട്ടികള്‍ ഏറെ ആസ്വദിച്ചു. അവയവമാറ്റമെന്ന മഹത്തായ സന്ദേശം പകരനായുള്ള ഈ ഉദ്യമത്തില്‍ അണിചേരാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് കൂട്ടത്തില്‍ മുതിര്‍ന്നയാളായ അഞ്ജലി പറഞ്ഞു. അവയവം ദാനം ചെയ്യാന്‍ തയ്യാറായവരുടെ കാരുണ്യത്തിലാണ് തങ്ങളിന്ന് ഇവിടെ നില്‍ക്കുന്നതെന്നും അവള്‍ പറഞ്ഞു.
ഡിസംബര്‍ 9-ന് കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം, കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, ലുലുമാള്‍ എന്നിവിടങ്ങളിലായാണ് ട്രാന്‍സ്പ്ലാന്റ് ഗെയിംസ് നടക്കുക. അവയവദാതാക്കളും സ്വീകര്‍ത്താക്കളും മരണാനന്തരം അവയവദാനം നടത്തിയവരുടെ ബന്ധുക്കളുമാണ് ഗെയിംസില്‍ പങ്കെടുക്കുക. ഗെയിംസില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് www.transplantgameskerala.com എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഗെയിംസില്‍ സന്നദ്ധസേവനം ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്കും വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക- വിനു ബാബുരാജ്- +91 8075492364,9847006000