അള്‍ട്രാസൗണ്ട് സംവിധാനം ശരീരത്തില്‍ ധരിച്ചാൽ പേശികളുടെ പ്രവര്‍ത്തനത്തെ നിരീക്ഷിക്കാമെന്ന് പഠനം
Mail This Article
ഒടിവ്, ചതവ് എന്നിങ്ങനെ പേശികളും എല്ലുകളുമായി ബന്ധപ്പെട്ട പരുക്കുകള്‍ മനുഷ്യരില്‍ സര്‍വസാധാരണമാണ്. പരുക്കിന്റെ സ്വാഭാവം അനുസരിച്ച് ഇതില്‍ നിന്നുള്ള രോഗമുക്തിക്കെടുക്കുന്ന സമയവും വ്യത്യാസപ്പെട്ടിരിക്കും. ചില പരുക്കുകള്‍ ഭേദപ്പെടാന്‍ ദീര്‍ഘകാലയളവും പല തരത്തിലുള്ള തെറാപ്പിയുമൊക്കെ വേണ്ടിവരാറുണ്ട്. രോഗിയുടെ പുരോഗതി നിര്‍ണ്ണയിക്കാന്‍ പലതരത്തിലുള്ള ടാസ്‌ക്കുകളും വ്യായാമങ്ങളുമാണ് ആരോഗ്യവിദഗ്‌ധര്‍ ഉപയോഗിച്ച് വരുന്നത്. ഈ വ്യായാമങ്ങളുടെ സമയത്തുള്ള പേശികളുടെ പ്രവര്‍ത്തനത്തെ പറ്റി നിര്‍ണ്ണായകമായ വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന പോര്‍ട്ടബിള്‍ അള്‍ട്രാസൗണ്ട് സംവിധാനം വികസിപ്പിച്ചിരിക്കുകയാണ് അമേരിക്കയിലെ ജോര്‍ജ് മേസന്‍ സര്‍വകലാശാലയിലെ ശാസ്‌ത്രജ്ഞര്‍.
ശരീരത്തില്‍ ധരിക്കാവുന്ന ഈ ഉപകരണത്തിലൂടെ രോഗി ചലിക്കുമ്പോള്‍ തന്നെ പേശികളെ സംബന്ധിച്ച വിവരങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് രേഖപ്പെടുത്താന്‍ കഴിയും. റിഹബിലിറ്റേഷൻ സമയത്ത് ചെയ്യുന്ന വ്യായാമത്തില്‍ ലക്ഷ്യം വയ്‌ക്കുന്ന പേശികള്‍ സജീവമാകുന്നുണ്ടോ എന്നെല്ലാം ഇതിലൂടെ കണ്ടെത്താന്‍ കഴിയുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പരാഗ് ചിട്‌നിസ് പറയുന്നു. സിഡ്‌നിയിലെ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ തന്റെ കണ്ടെത്തല്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് പരാഗ്. കായിക താരങ്ങളുടെ ഫിറ്റ്‌നസിനെയും പ്രകടനത്തെയും കുറിച്ച് വിവരങ്ങള്‍ നല്‍കാനും പക്ഷാഘാതം വന്ന രോഗികളിലെ ചലന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും മുതിര്‍ന്നവരിലെ ബാലന്‍സും സ്ഥിരതയും ഉറപ്പാക്കാനുമെല്ലാം ഈ ഉപകരണത്തിലൂടെ സാധിക്കുമെന്ന് പരാഗ് ചൂണ്ടിക്കാട്ടുന്നു. പരമ്പരാഗത അള്‍ട്രാ സൗണ്ട് യന്ത്രങ്ങള്‍ ഹ്രസ്വനേരത്തേക്കുള്ള പള്‍സുകള്‍ കടത്തി വിടുമ്പോള്‍ ഈ ഉപകരണത്തില്‍ ദീര്‍ഘ നേരത്തേക്കുള്ള പള്‍സുകളാണ് ഉപയോഗിക്കുന്നത്. ബാറ്ററി ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിപ്പിക്കുക. ഇതിലെ സിഗ്നലുകളെ വളരെ വേഗത്തില്‍ വിലയിരുത്താന്‍ കഴിയുന്ന സോഫ്‌ട് വെയര്‍ ടൂളുകളും നിര്‍മ്മിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.
നടുവേദന അകറ്റാൻ ഏതു പ്രായക്കാർക്കും ചെയ്യാവുന്ന ലളിതമായ സ്ട്രെച്ചുകൾ - വിഡിയോ