ADVERTISEMENT

പുതിയൊരു ജീവനെ ലോകത്തിലേക്കു കൊണ്ടു വരാനുള്ള അസുലഭ അവസരമാണ്‌ മാതൃത്വം. എന്നാല്‍ പ്രത്യേക അവസരങ്ങളിൽ അമ്മമാരുടെ ജീവന്‍ കവരാനും ഗര്‍ഭധാരണവും പ്രസവവും കാരണമാകാം. ലോകത്തില്‍ ഓരോ രണ്ട്‌ മിനിട്ടിലും ഒരു സ്‌ത്രീയെങ്കിലും പ്രസവത്തിന്റെ സങ്കീര്‍ണ്ണത മൂലം മരണപ്പെടുന്നതായാണ്‌ കണക്ക്‌. 

2020ല്‍ ആഗോള തലത്തിലെ മാതൃമരണ നിരക്ക്‌ 223 ആയിരുന്നതായി ഐക്യരാഷ്ട്രസംഘടനയുടെ ഡാറ്റ ചൂണ്ടിക്കാണിക്കുന്നു. അതായത്‌ ഒരു ലക്ഷം പ്രസവത്തില്‍ 223 പേര്‍ മരണപ്പെടുന്നു. 2000ല്‍ ഇത്‌ 339 ആയിരുന്നു. എന്നാല്‍ 20 വര്‍ഷത്തിനിടെ പല രാജ്യങ്ങളും മാതൃമരണനിരക്ക്‌ കുറയ്‌ക്കുന്നതില്‍ പരാജയപ്പെട്ടതായി ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ട്‌ പറയുന്നു. 

Representative Image. Photo Credit : Miyao / Shutterstock.com
Representative Image. Photo Credit : Miyao / Shutterstock.com

2030 ഓട്‌ കൂടി ആഗോള മാതൃമരണ നിരക്ക്‌ 70ല്‍ എത്തിക്കുകയാണ്‌ സുസ്ഥിര വികസന ലക്ഷ്യം. എന്നാല്‍ ഈ ലക്ഷ്യം കൈവരിക്കാന്‍ പല രാജ്യങ്ങളും ഇനിയുമേറെ ദൂരം സഞ്ചരിക്കാനുണ്ടെന്ന്‌ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യ പോലുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ പുരോഗതി കൈവരിക്കുമ്പോള്‍ അമേരിക്ക പോലുള്ള പല വികസിത രാജ്യങ്ങളുടെയും പ്രകടനം മോശമാകുന്നതായും യുഎന്‍ റിപ്പോര്‍ട്ട്‌ കൂട്ടിച്ചേര്‍ക്കുന്നു. 

2000നും 2020നും ഇടയ്‌ക്ക്‌ ഇന്ത്യയുടെ മാതൃമരണ നിരക്ക്‌ 73 ശതമാനത്തിലധികം കുറഞ്ഞപ്പോള്‍ അമേരിക്കയില്‍ നിരക്ക്‌ വർധിച്ചു. ഇന്ത്യയിലെ മാതൃമരണ നിരക്ക്‌ ഓരോ വര്‍ഷവും 6.64 ശതമാനം വച്ച്‌ കുറയുമ്പോള്‍ അമേരിക്കയില്‍ ഇത്‌ ഓരോ വര്‍ഷവും 2.88 ശതമാനം വച്ച്‌ വര്‍ധിക്കുകയാണ്‌. 103 ആണ്‌ ഇന്ത്യയുടെ ദേശിയ മാതൃമരണ നിരക്ക്‌. 

അതേ സമയം മാതൃമരണ നിരക്കില്‍ ഇന്ത്യയിലെ വ്യത്യസ്‌ത സംസ്ഥാനങ്ങള്‍ തമ്മില്‍ വലിയ അന്തരമുണ്ട്‌. ഉദാഹരണത്തിന്‌ കേരളത്തിലെ മാതൃമരണ നിരക്ക്‌ 19 ആണെങ്കില്‍ അസമിലേത്‌ 195 ആണ്‌. കേരളത്തിലെ മാതൃമരണനിരക്ക്‌ അമേരിക്കയിലെ മാതൃമരണ നിരക്കായ 23 നേക്കാള്‍ (2020ലെ കണക്ക്‌) കുറവാണെന്നും കാണാം. ആരോഗ്യചെലവുകള്‍ കുത്തനെ കുതിച്ചുയരുന്നതും പലര്‍ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സ്‌ ഇല്ലാത്തതും മിഡ്‌ വൈഫുകളുടെ അഭാവവുമൊക്കെയാണ്‌ അമേരിക്കയിലെ മാതൃമരണനിരക്ക്‌ വര്‍ധിക്കാനുള്ള കാരണങ്ങള്‍. 

സ്ത്രീകളിലെ ഹൃദ്രോഗത്തിനു പിന്നിലെ കാരണങ്ങള്‍: വിഡിയോ

English Summary:

Maternal Mortality rate in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com