അമൃത് ഫാര്‍മസി സേവന മികവിന്റെ പത്താം വര്‍ഷത്തിലേക്ക്
Mail This Article
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എച്ച്എല്‍എല്‍ ലൈഫ്കെയറുമായി സഹകരിച്ച് ആരംഭിച്ച നൂതന പദ്ധതിയായ അമൃത് ഫാര്‍മസി 10-ാം വര്‍ഷത്തിലേക്ക് കടക്കുന്നു. ജീവന്‍ രക്ഷാമരുന്നുകളും മറ്റ് മെഡിക്കല്‍ ഉത്പന്നങ്ങളും താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കുക എന്നതാണ് അമൃത് (അഫോര്‍ഡബിള്‍ മെഡിസിന്‍സ് ആന്‍ഡ് റിലയബിള്‍ ഇമ്പ്ലാന്‍റ്സ് ഫോര്‍ ട്രീറ്റ്മെന്‍റ്) ഫാര്‍മസിയുടെ ലക്ഷ്യം.
അര്‍ബുദം, ഹൃദ്രോഗം, തുടങ്ങി നിരവധി രോഗങ്ങള്‍ക്ക് ആവശ്യമുള്ള മരുന്നുകളും സ്റ്റെന്‍റുകളും ഇംപ്ലാന്‍റുകളും സര്‍ജിക്കല്‍ ഉത്പന്നങ്ങളും ഡിസ്പോസിബിളുകളും എംആർപിയില്‍ നിന്നും 50% വരെ വില കിഴിവില്‍ അമൃതില്‍ ലഭ്യമാകുന്നുണ്ട്. 15 നവംബര്‍ 2015 ല്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ജെ.പി. നഡ്ഡയാണ് ആദ്യത്തെ അമൃത് ഫാര്‍മസി ന്യൂഡല്‍ഹി എയിംസില്‍ ഉദ്ഘാടനം ചെയ്തത്.
25-ല്‍ പരം സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 216 അമൃത് ഫാര്‍മസികളാണുള്ളത്. തിരുവനന്തപുരത്ത് പുലയനാര്‍കോട്ടയിലും പേരൂര്‍ക്കടയിലും അമൃത് ഫാര്‍മസികളുണ്ട്. കൂടാതെ ഇന്ത്യയിലെ എല്ലാ എയിംസ് ആശുപത്രികളിലും, ഐഎൻഐ (Institute of National Importance) കേന്ദ്രങ്ങളിലും അമൃത് ഫാര്‍മസി പ്രവര്‍ത്തിക്കുന്നുണ്ട്.
പദ്ധതി വിപുലീകരണത്തിന്‍റെ ഭാഗമായി സൗത്ത് ഈസ്റ്റേണ്‍ കോള്‍ ലിമിറ്റഡുമായി എച്ച്എല്‍എല്‍ കരാര്‍ ഒപ്പുവെച്ചു. SECL-ന്‍റെ കോര്‍പ്പറേറ്റ് സെന്‍ട്രല്‍ ആശുപത്രികളില്‍ അമൃത് ഫാര്‍മസി തുടങ്ങാനാണ് പദ്ധതി. കൂടാതെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലും അമൃത് ആരംഭിക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. 6500 ത്തില്‍ പരം മരുന്നുകളും, മെഡിക്കല്‍ ഉത്പന്നങ്ങളും അമൃത് ഫാര്‍മസിയില്‍ ലഭ്യമാണ്. നാളിതുവരെ എംആർപിയേക്കാൾ 6,000 കോടി രൂപയുടെ ഇളവാണ് അമൃതിലൂടെ ജനങ്ങള്‍ക്ക് ലഭിച്ചത്.
എയിംസ് ആശുപത്രിയ്ക്ക് പുറമെ, മെഡിക്കല്‍ കോളേജുകള്‍, ജില്ലാ ആശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍ തുടങ്ങി വിവിധ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലാണ് അമൃത് ഫാര്‍മസികള്‍ പ്രവര്‍ത്തിക്കുന്നത്.