ADVERTISEMENT

സൗഹൃദത്തിലൂടെ സഫലമായ വീടിന്റെ കഥയാണിത്. പത്തനംതിട്ട പുല്ലാടിനടുത്ത് കുറുങ്ങരയിലുളള രജനിയുടെയും കുടുംബത്തിന്റെയും പഴയ വീടിന്റെ ശോചനീയാവസ്ഥ കണ്ട് പഴയ സഹപാഠിയും സുഹൃത്തുമായ ഡയാന നിർമിച്ചു നൽകിയ വീടാണിത്. 1050 സ്ക്വയർഫീറ്റിൽ ഏകദേശം 23 ലക്ഷം രൂപയ്ക്കാണ് വീട് നിർമിച്ചിരിക്കുന്നത്. 

kurungara-home

ചെറുപ്പകാലം മുതൽ അടുത്ത സുഹൃത്തുക്കളാണ് രജനിയും ഡയാനയും. അമേരിക്കയിൽ നിന്ന് ഒരു വെക്കേഷൻ സമയത്ത് ഡയാന, രജനിയുടെ വീട്ടില്‍ വരികയും പഴയ വീടിന്റെ ശോചനീയാവസ്ഥ കണ്ട് പുതിയ വീട് വയ്ക്കാം എന്ന് പറയുകയുമായിരുന്നു.

വീടിന്റെ പണി തുടങ്ങിവച്ചിട്ട് ഡയാന തിരികെ അമേരിക്കയിലേക്ക് പോയി. പണി പൂർത്തിയായപ്പോൾ ഗൃഹപ്രവേശനത്തിനായി അമേരിക്കയിൽനിന്ന് കുടുംബസമേതം എത്തുകയും ചെയ്തു. രജനിയും ഡയാനയും ഒരുമിച്ചാണ് പാലുകാച്ചൽ നടത്തിയതും. ഇപ്പോഴും ആ സൗഹൃദം അവർ തുടരുന്നു. 

ജിത്തുവും ഗീതുവുമാണ് ഈ വീടിന്റെ ശിൽപികൾ. വീടിന്റെ ഫർണിഷിങ് വേളയിലും പലരുടെയും സാമ്പത്തികസഹായം ലഭിച്ചിട്ടുണ്ട്. വീതിയുള്ള ഏഴര സെന്റിലാണ് വീട് നിർമിച്ചിരിക്കുന്നത്. വീതിയ്ക്കനുസരിച്ച് വീതിയിൽ തന്നെ സമകാലികശൈലിയോട് ചേർന്നു നിൽക്കുന്ന രീതിയിലാണ് വീട് നിർമിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ പുറം കാഴ്ചയിൽ 2000 സ്ക്വയർഫീറ്റ് വലുപ്പം വീടിന് തോന്നിക്കും. 6 മാസത്തോളം മഴ പെയ്യുന്ന കേരളത്തിലെ കാലാവസ്ഥയ്ക്കനുസരിച്ച് നേരിട്ട് മഴ അടിക്കാത്ത രീതിയിൽ ചുറ്റോടു ചുറ്റും പ്രൊജക്ഷൻസ് നൽകിയിട്ടുണ്ട്. 

വീടിന്റെ പുറംചുമരുകൾക്ക് വെള്ളനിറവും വീടിന്റെ ഫ്രെയിമുകൾക്ക് ഗ്രേ നിറവുമാണ്.  ലളിത സുന്ദരമായാണ് വീടിന്റെ അകത്തളങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ചെറിയൊരു സിറ്റൗട്ട് കടന്ന് അകത്തേക്കു കയറുന്നത് ലളിതമായൊരു ലിവിങ് സ്പേസിലേക്കാണ്. ലളിതമായ ഫർണിച്ചറും ഒരു ഇൻബിൽറ്റ് സീറ്റിങ് സൗകര്യവും ടിവി യൂണിറ്റും ഇവിടെ നൽകിയിരിക്കുന്നു. 

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാഡ്, കിച്ചൻ, വർക്കേരിയ, മൂന്ന് ബെഡ്റൂമുകൾ, ഒരു അറ്റാച്ച്ഡ് ബാത്റൂം ഒരു കോമൺ ബാത്റൂം ഇത്രയുമാണ് വീട്ടിലെ ഇടങ്ങൾ.  മെയിൻ ഡോറിന്റെ നേരെ എതിർവശത്തായി നിർമിച്ചിരിക്കുന്ന കോർട്യാഡ് വീടിനാകെ ഒരു പോസിറ്റീവ് എനർജി തരുന്നു. കൂടാതെ ഭാവിയിൽ മുകളിലേക്ക് ഒരുനില കൂടി പണിതാൽ കോർട്യാഡിനെ ഒരു സ്റ്റെയർ ഏരിയയാക്കി മാറ്റാനും സാധിക്കും.

kurungara-court

ഫ്ളോറിങ്ങിനായി 2/2 മാറ്റ്ഫിനിഷ്‍ഡ് വിട്രിഫൈഡ് ടൈലാണ് ഉപയോഗിച്ചിരിക്കുന്നത്. വീടിന്റെ അകത്തളങ്ങൾ മുഴുവനായും ഓഫ് വൈറ്റ് നിറത്തിലൊരുക്കി. ധാരാളം വാം ടോൺ ലൈറ്റുകളും നൽകി. 

kurungara-bed

ലിവിങ്ങിൽ നിന്ന് നേരെ ഡൈനിങ്ങിലേക്കാണ് പ്രവേശിക്കുന്നത് 12/9 അളവിലാണ് ഈ സ്പേസ് ഒരുക്കിയിരിക്കുന്നത്. 4 കസേരകളോടു കൂടിയ ഡൈനിങ് ടേബിളും അനുബന്ധമായി വാഷ് ഏരിയയും ഇവിടെ ഒരുക്കിയിരിക്കുന്നു.

kurungara-dine

കിച്ചനും ഡൈനിങ്ങും ഒരു ഓപൺ രീതിയിൽ ക്രമീകരിച്ചിരിക്കുന്നു. ബജറ്റ് ചുരുക്കാനായി കിച്ചന്റെ സൈസ് 9/9 ലാണ് ഒരുക്കിയിരിക്കുന്നത്. ചെറിയ സ്ഥലത്ത് പരമാവധി സ്ഥലസൗകര്യവും കൊടുത്തിരിക്കുന്നു. അലുമിനിയം ഫ്രെയിമിൽ പിവിസി ലാമിനേറ്റ് ഷീറ്റുകളാണ് ഉപയോഗിച്ചിട്ടുള്ളത്. കാബിനറ്റ് വർക്കുകൾ 45,000 രൂപയ്ക്കാണ് തീർത്തിട്ടുള്ളത്. ഇതിനോടു േചർന്ന് വർക്കേരിയയും കൊടുത്തിട്ടുണ്ട്. 

kurungara-kitchen

അറ്റാച്ച്ഡ് ബാത്റൂമോടു കൂടി 12/10 സൈസില്‍ സ്റ്റോറേജ് സൗകര്യവും സ്റ്റഡി സ്പേസും നൽകിയാണ് മാസ്റ്റർ ബെഡ്റൂം ഒരുക്കിയിരിക്കുന്നു. വളരെ ലളിതമായാണ് വീട്ടിലെ മറ്റു ബെഡ്റൂമുകളും ഒരുക്കിയിരിക്കുന്നത്.

English Summary:

Symbol of friendship- Friend Gifted Cute house worth 23 Lakhs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com