ഇവിടെ ഒരു വീടുണ്ടായിരുന്നു; ദുരന്തത്തിൽ വഴിയാധാരമായി ഒരു കുടുംബം
Mail This Article
കലിഫോര്‍ണിയയില്‍ പടര്‍ന്നു പിടിച്ച കാട്ടുതീയുടെ വാര്‍ത്തകള്‍ അടുത്തിടെ നമ്മള്‍ കണ്ടിരുന്നു. കോടികണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ ആണ് അന്നത്തെ കാട്ടുതീയില്‍ ഉണ്ടായത്. ഒപ്പം പലരുടെയും സ്വത്തും സമ്പാദ്യങ്ങളും അതില്‍ കത്തിയമര്‍ന്നു. ഇത്തരം ഒരു അനുഭവം പങ്കുവെയ്ക്കുകയാണ് ഒരു കുടുംബം.
കലിഫോര്‍ണിയയിലെ മാലിബുവിലേക്ക് കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് പേര് വെളിപ്പെടുത്താത്ത ഈ കുടുംബം താമസം മാറിയത്. വീട്ടുവാടക താങ്ങാന്‍ കഴിയാത്ത സ്ഥലമായതിനാല്‍ ഇവര്‍ സ്വന്തം നിലയ്ക്ക് ഒരു കുഞ്ഞന്‍ വീട് നിര്‍മ്മിക്കുകയും ചെയ്തു. ഒരു ചെറിയ കണ്ടയിനര്‍ ആണ് ഇവര്‍ 'ഡൂ ഇറ്റ് യുവര്‍ സെല്‍ഫ്' വീടാക്കി മാറ്റിയത്. ചക്രങ്ങൾ ഘടിപ്പിച്ച ഈ 'വണ്ടി വീട്' ആവശ്യാനുസരണം വലിച്ചുനീക്കാനും കഴിയുമായിരുന്നു.
എന്നാല്‍ നവംബര്‍ ആദ്യം ഉണ്ടായ കാട്ടുതീയില്‍ ഇവരുടെ എല്ലാ സ്വപ്നങ്ങളും പൊലിഞ്ഞു. ഭാര്യയ്ക്കും കുഞ്ഞുങ്ങള്‍ക്കും വളര്‍ത്തുനായ്ക്കും ഒപ്പം ആണ് ഉടമ ഇവിടെ കഴിഞ്ഞിരുന്നത്. തീ പടര്‍ന്നു പിടിച്ച സമയത്ത് കുടുംബത്തെ സുരക്ഷിതമായി മാറ്റാനുള്ള തിരക്കിനിടയിൽ പൊളിച്ചു നീക്കാവുന്ന വീട് എടുത്തു നീക്കാന്‍ സാധിച്ചില്ല.
തീ അണഞ്ഞശേഷം തിരികെ എത്തിയപ്പോൾ ഹൃദയഭേദകമായ കാഴ്ചയാണ് ഇവർ കണ്ടത്. വീടിരുന്ന സ്ഥാനത്ത് കത്തിക്കരിഞ്ഞ കുറച്ചു അവശിഷ്ടങ്ങൾ മാത്രം. ഇദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും കഥ അറിഞ്ഞു ഇപ്പോള്‍ പലരും സഹായഹസ്തവുമായി മുന്നോട്ടു വന്നിട്ടുണ്ട്. ഒരു വീടെന്ന സ്വപ്നം തങ്ങള്‍ക്ക് ഉടനെ സാധ്യമാക്കാന്‍ സാധിക്കും എന്നാണ് ഇപ്പോള്‍ ഇവരുടെ പ്രതീക്ഷ.
English Summary- Wildfire Destroyed Mobile Home