കടലോരത്തെ പഴയ വാട്ടർടവർ ഉഗ്രൻ വീടാക്കിമാറ്റി! ഇപ്പോൾ വില 36 കോടി രൂപ
Mail This Article
പൊതുജലവിതരണത്തിന്റെ മുഖ്യകേന്ദ്രമാണ് വമ്പൻ വാട്ടർ ടാങ്കുകൾ. നമ്മുടെ നാട്ടിലും ഇത്തരം വാട്ടർ ടാങ്കുകൾ ഏറെയുണ്ട്. അവയിൽ കാലപ്പഴക്കത്തിൽ ഉപയോഗശൂന്യമായവയും ഏറെയുണ്ട്. അങ്ങ് അമേരിക്കയിൽ ഇത്തരമൊരു വാട്ടർ ടാങ്ക്, ഗംഭീരൻ വീടാക്കി മാറ്റിയിരിക്കുകയാണ്. വമ്പൻ വാട്ടർ ടവറിനുള്ളിൽ 4 നിലകളിലായി നിർമിച്ച ഒരു വെറൈറ്റി വീട്! ഇവിടെയിരുന്നാൽ ദിവസം മുഴുവൻ കടലിന്റെ സൗന്ദര്യം ആസ്വദിക്കാനാകുമെന്ന പ്രത്യേകതയുമുണ്ട്. തെക്കൻ കലിഫോർണിയയിലെ സൺസെറ്റ് ബീച്ചിന്റെയും സീൽ ബീച്ചിന്റെയും ഇടയിലായാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.
1800-കളിൽ നിർമ്മിച്ച 75,000 ഗ്യാലൻ സംഭരണശേഷിയുള്ള വാട്ടർടവർ 1970കൾ എത്തിയതോടെ ഉപയോഗശൂന്യമാവുകയായിരുന്നു. വാട്ടർ ടവർ പൊളിച്ചുനീക്കാൻ പദ്ധതിയിട്ടെങ്കിലും 1984 ൽ രണ്ട് വ്യക്തികൾ ചേർന്ന് ഏറ്റെടുത്ത് ഒരു വീടായി രൂപമാറ്റം വരുത്തി. 2016 ൽ മറ്റു രണ്ട് നിക്ഷേപകർക്ക് വീട് കൈമാറ്റം ചെയ്തിരുന്നു. ഇന്റീരിയറിലും സൗകര്യങ്ങളിലും മാറ്റംവരുത്തി അവരാണ് വാട്ടർ ടവർ വീട് ഇന്ന് കാണുന്ന രൂപത്തിൽ എത്തിച്ചത്.
2828 ചതുരശ്രയടിയിൽ നാല് കിടപ്പുമുറികളും നാല് ബാത്റൂമുകളും ഉൾപ്പെടുത്തിയാണ് വീടിന്റെ നിർമ്മാണം. പ്രധാന മുറികൾക്ക് പുറമേ ചില രഹസ്യ മുറികളും വീടിനുള്ളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരുഭാഗത്തും കടലായതുകൊണ്ട് വീടിന്റെ ഏതു ഭാഗത്തുനിന്നും നോക്കിയാലും കടൽ കാഴ്ചകൾ ആസ്വദിക്കാൻ സാധിക്കും. ഇതിന് സഹായിക്കുന്ന രീതിയിൽ വലിയ ഗ്ലാസ് ജനാലകളാണ് കൂടുതലും ഉൾപ്പെടുത്തിയിരിക്കുന്നത്. മുകൾനിലകളിലേക്ക് കയറുന്നതിനായി എലിവേറ്റർ സംവിധാനവുമുണ്ട്.
ഏറ്റവും മുകൾനിലയിൽ വിശാലമായ ഇരിപ്പിടങ്ങളോടുകൂടിയ ഹാളാണ് ഒരുക്കിയിരിക്കുന്നത്. കടൽ കാഴ്ചകൾകണ്ടു സമയം ചിലവിടാൻ സാധിക്കുന്ന തരത്തിൽ ചുറ്റിലും ഗ്ലാസ് വിൻഡോകൾ നൽകിയിരിക്കുന്നു. താഴത്തെ നിലകളിൽ ഒന്നിൽ ഹോട്ട് ടബും ഒരുക്കിയിരിക്കുന്നു. ഗ്രൗണ്ട് ഫ്ലോറിൽ സ്റ്റോറേജ് റൂം അടക്കം രണ്ട് ഗ്യാരേജുകളാണ് ഉള്ളത്.36 കോടി രൂപയാണ് ഈ വെറൈറ്റി വീടിന്റെ വിലയായി നിശ്ചയിച്ചിരിക്കുന്നത്.
English Summary- Water Tower Facelift to Luxury House