സൂപ്പർഹിറ്റായി ഈ 'ചെടി'വീട്! നിമിത്തമായത് ലോക്ഡൗൺ; വിഡിയോ
Mail This Article
ലോക്ഡൗൺ സമയത്ത് തൃക്കൊടിത്താനം മാളിയേക്കൽ വീട്ടിൽ വച്ച ചെടികളൊക്കെ ലോക്ഡൗണിനെയും കോവിഡിനെയും വിജയിച്ച് പൂർണ വളർച്ച എത്തിയിരിക്കുന്നു. വീടിന് പുറത്തും അകത്തും പച്ചപ്പു നിറച്ച് ചെടികൾ പുഞ്ചിരിച്ചു നിൽക്കുന്നു. ലോക്ഡൗൺ കൗതുകമായി ആരംഭിച്ച ചെടിവളർത്തൽ ഇന്ന് ഇവരുടെ ജീവിത ഭാഗമായി മാറി...ചെടികളില്ലാതെ ഒരു ജീവിതം ഇല്ല എന്നു തന്നെ ആയി.
21 ദിവസത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോഴാണ് കർഷകനും ഗ്രാഫിക് ഡിസൈനറുമായ സജി ജേക്കബും ഭാര്യയും അധ്യാപികയുമായ ജലീല മാത്യുവും ചേർന്ന്, പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് വിവിധ ചെടിച്ചട്ടികൾ നിർമിക്കാൻ തുടങ്ങിയത്. പൊട്ടിയ ബക്കറ്റ്, വിണ്ടുകീറിയ ഉപ്പുഭരണി, ടോയ്‌ലറ്റ് ബ്രഷ് ഹോൾഡർ, പ്ലാസ്റ്റിക് കുപ്പികൾ എന്നിവ ഉപയോഗിച്ചായിരുന്നു നിർമാണം. മക്കളായ അലോണ, അൽഫോൻസ്, അലോൺസ്, അലോഷ്യസ് എന്നിവരും സഹായിക്കാൻ ചേർന്നതോടെ സംഭവം കളറായി. ഈ ചെടിച്ചട്ടികളിലെല്ലാം നല്ല ചെടികളും താമസിക്കാനെത്തിയതോടെ വീടിന്റെ കെട്ടും മട്ടും തന്നെ മാറാൻ തുടങ്ങി.
കുറച്ചു മാസങ്ങൾക്കുശേഷം ഇവരുടെ വീട്ടിൽ അതിഥികളുടെ തിരക്കായി. ബന്ധുക്കളും സുഹൃത്തുക്കളും മാത്രമല്ല , റോഡിലൂടെ പോകുമ്പോൾ ഗാർഡൻ കണ്ടു വണ്ടിനിർത്തി പോലും ആളുകൾ വീട്ടിലെത്താൻ തുടങ്ങി. എല്ലാവർക്കും ഒരേലക്ഷ്യം. ചെടികൾ കാണണം. പറ്റിയാൽ കുറച്ച് തൈകൾ കരസ്ഥമാക്കണം.
തൊടിയിൽ ഉപേക്ഷിക്കുന്ന വസ്തുക്കളും സ്വന്തമായി നിർമിക്കുന്ന ചെടിച്ചട്ടികളും കുപ്പിയും പാട്ടയും എന്നു വേണ്ട എന്തിലും ചെടിക്ക് ഇടം കണ്ടെത്തിയ ഈ വീട്ടുകാർ ഒരേസ്വരത്തിൽ പറയുന്നത് ഇതാണ്: ‘‘ ലോക്ഡൗണും കോവിഡ് കാലവും നന്നായി, അതുകൊണ്ടല്ലേ ഞങ്ങളുടെ വീടിനെ ഇത്ര സുന്ദരി ആക്കാൻ പറ്റിയത്’’.
വീടിനകത്തും പുറത്തുമുള്ള പച്ചപ്പും ഹരിതാഭയും കണികണ്ടുകൊണ്ടാണ് ഇവരുടെ ഓരോ ദിവസവും ആരംഭിക്കുന്നത്. അതിന്റെ പോസിറ്റീവ് എനർജിയും മാനസിക സന്തോഷവും ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവന്നു എന്നിവർ സാക്ഷിക്കുന്നു.
English Summary- Garden Tour Malayalam; Kerala Home Garden