ADVERTISEMENT

കുത്തിനടക്കൊനൊരു വടി, പാട്ടുകേൾക്കാനൊരു റോഡിയോ, അത്യാവശ്യത്തിനു വിളിക്കാനൊരു ലാൻഡ് ഫോൺ....പ്രായമായ മാതാപിതാക്കൾക്ക് ഇതിനപ്പുറത്ത് എന്തു വേണം? മക്കൾക്ക് അത് അറിയില്ലെങ്കിലും, പലതും വേണമെന്ന് വിപണിക്ക് അറിയാം. അതുകൊണ്ടാണ് സ്മാർട് വോക്കിങ് സ്റ്റിക്കും, ബ്ലൂടൂത്ത് മ്യൂസിക് പ്ലെയറും, വലിയ കീപാഡ് അടങ്ങിയ മൊബൈൽ ഫോണും തുടങ്ങി വ്യത്യസ്തമാർന്ന വയോജന ഉപകരണങ്ങളുടെ വലിയ ലോകം അവർ തുറന്നു വയ്ക്കുന്നത്. 60 വയസിനു മുകളിലുള്ളവർക്കായി പ്രത്യേകം രൂപകൽപന ചെയ്ത ഉൽപന്നങ്ങളുടെ കച്ചവടം(ഹോം കെയർ) വൻകുതിച്ചുചാട്ടത്തിന് ഒരുങ്ങുകയാണ്.

home-care-market

വയോജനങ്ങൾക്കുള്ള സ്മാർട് കിടക്കകളും വോക്കിങ് സ്റ്റിക്കുകളും മുതൽ സെക്യൂരിറ്റി സംവിധാനം വരെ ഒരുക്കി കേരളത്തിലും പ്രത്യേക കടകളും ഓൺലൈൻ സൈറ്റുകളും സജീവം. വളരെ കുറച്ചു മാത്രം വിറ്റിരുന്ന അഡൽറ്റ് ഡയപ്പറുകൾ, അണ്ടർ പാഡ്, വെറ്റ് വൈപ്സ് എന്നിവയുടെ കച്ചവടത്തിൽ ഉണ്ടായ വർധന ശുഭസൂചനയായാണ് വ്യാപാരികൾ കാണുന്നത്. പ്രായമായവരുടെ സുഖത്തിനും സൗകര്യത്തിനുമായി കൂടുതൽ കരുതലെടുക്കാൻ തുടങ്ങിയിരിക്കുന്നു കേരളം എന്നു വേണം ഇതിലൂടെ അനുമാനിക്കാൻ. 2050ഓടെ ഇന്ത്യയിലെ ജനസംഖ്യയുടെ 20 ശതമാനം 60 വയസിനു മുകളിലുള്ളവരായിരിക്കും എന്നാണ് വിലയിരുത്തൽ. ഒരു മുഴം മുന്നേയെറിഞ്ഞ് കൂടുതൽ വൈവിധ്യമാർന്ന ഉൽപന്നങ്ങൾ എത്തിക്കാനാണ് വിപണിയുടെ ശ്രമം.

ആയുർദൈർഘ്യം കൂടുതലുള്ള ജപ്പാനിലാണ് ലോകത്തെ ഏറ്റവും മികച്ച ഹോംകെയർ സംവിധാനങ്ങളുള്ളത്. അതു മാതൃകയാക്കിയുള്ള വൈവിധ്യമാർന്ന ഉപകരണങ്ങളാണ് കേരളത്തിലും ഇന്നു വിൽപനയ്ക്കെത്തുന്നതെന്നു പറയുന്നു കേരള സർജിക്കൽസ് മാനേജിങ് പാർട്ണർ ബഷീർ അഹമ്മദ്. ഇത്തരം ഉപകരണങ്ങൾക്ക് മുൻപത്തേക്കാൾ അധികം ആവശ്യക്കാർ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യയിൽ സ്റ്റാർട്അപ് ആയിത്തുടങ്ങി വൻ വിജയമായി മാറിയ പ്രായമായവർക്കു മാത്രമുള്ള ഉപകരണങ്ങൾ വിൽക്കുന്ന സീനിയോരിറ്റി.ഇൻ(www.seniority.in) എന്ന ഓൺലൈൻ വ്യാപാരസ്ഥാനവും ഈ വിപണി സാധ്യതകൾക്കു ദൃഷ്ടാന്തമാണ്.

സ്മാർട് ബെഡ് റൂം

AMAZON-COM-SMART-HOME
Prompts on how to use Amazon's Alexa personal assistant are seen in an Amazon ‘experience center’ in Vallejo, California, U.S., May 8, 2018. Picture taken on May 8, 2018. REUTERS/Elijah Nouvelage

വയോജനങ്ങൾക്ക് വീടുകളിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ കിടപ്പുമുറി സെറ്റ് ചെയ്തുകൊടുക്കുന്ന പാക്കേജ് ആണ് ഒരു പുതിയ ട്രെൻഡ്. സ്മാർട് കിടക്കയും ശുചിമുറിയിലെ സുരക്ഷാ സംവിധാനങ്ങളുമൊക്കെ അടങ്ങിയതാണ് ഈ പാക്കേജ്. ആശുപത്രിയുടേതായ എല്ലാ സൗകര്യങ്ങളും അടക്കം വീടെന്ന വികാരത്തോട് ചേർത്തുവച്ചാണ് ഇവ ഒരുക്കുന്നത്. മൂത്രം ഒഴിച്ചാലോ, വ്യക്തി കിടക്കയിൽ നിന്ന് എഴുന്നേറ്റാലോ അലാറം അടിക്കുന്ന സംവിധാനം പോലും ഇതിലുണ്ട്.

രാത്രി കട്ടിൽ തറയോടൊപ്പം താഴ്ത്തി വച്ച് പ്രായമായവർക്ക് സുരക്ഷിതത്വം ഉറപ്പാക്കാനും സാധിക്കും. കിടപ്പിലായ രോഗികളുടെ അനക്കങ്ങൾ, നാഡിയിടിപ്പ്, ഉറക്കത്തിന്റെ അളവ് എന്നിവ റെക്കോർഡ് ചെയ്ത് ഗ്രാഫിക്കൽ ഡേറ്റ വൈഫൈ വഴി മൊബൈൽ ഫോണിലേക്ക് എത്തിക്കുന്ന മെമ്മറി സ്കാൻ സംവിധാനങ്ങളും അധിക തുക ഈടാക്കി ഇത്തരം പാക്കേജുകളിൽ ലഭ്യം.

വയോജനങ്ങളെ രണ്ടാമതൊരാളുടെ സഹായമില്ലാതെ കിടക്കയിൽ നിന്നു മറ്റൊരു സ്ഥലത്തേക്ക് എടുത്ത് മാറ്റാൻ സഹായിക്കുന്ന പേഷ്യന്റ് പുള്ളർ, താഴേയ്ക്കു മറിഞ്ഞുവീഴാതെ കിടക്കയിൽ വയോജനങ്ങളെ തിരിഞ്ഞുകിടക്കാൻ സഹായിക്കുന്ന അസിസ്റ്റ് ബാർ, നടക്കുമ്പോൾ വീഴാനുള്ള സാധ്യത തീരെ കുറവായ വോക്കിങ് എയിഡ്, ബാത്ത് റൂം അസിസ്റ്റ് എന്നിവ പാക്കേജിൽ ഉൾപ്പെടുത്തിയും അല്ലാതെയും ലഭിക്കും. സൗകര്യങ്ങളിലെ വ്യത്യാസത്തിന് അനുസരിച്ച് 30000 രൂപ മുതൽ 3 ലക്ഷം രൂപ വരെയാണ് പാക്കേജുകൾ. പ്രായമായവർക്കായി പ്രത്യേകം ഡിസൈൻ ചെയ്ത എക്കോ ബെഡ്, അക്വാ ബെഡ്, ആയാസ രഹിതമായ തലയിണകൾ എന്നിവയും വിപണിയിൽ സുലഭം. 

സ്മാർട് കംഫർട്

smartbed

ക്ലോസറ്റിന്റെ ഉയരം കൂട്ടാനുള്ള കുഷ്യനുകൾ, പിടിച്ചിരിക്കാനുള്ള ഹാൻഡിലുകൾ, മൂലക്കുരു ഉള്ളവർക്ക് കസേരയിൽ ഇരിക്കാനുള്ള കുഷ്യൻ, ഇടുപ്പെല്ലിന് തേയ്മാനമുള്ളവർക്ക് സുഖമായി കിടക്കയിൽ കിടക്കാനുള്ള തലയിണ എന്നു തുടങ്ങി പ്രായമായവരുടെ കരുതലിനുള്ള ഒട്ടുമിക്ക ഉപകരണങ്ങളും വിപണിയിൽ ലഭ്യം. കുളിമുറിയിൽ മറ്റാരുടെയും സഹായമില്ലാതെ വയോജനങ്ങളെ കുളിക്കാൻ സഹായിക്കുന്ന 360ഡിഗ്രി തിരിയുന്ന സ്റ്റൂളാണ് മറ്റൊരു ആകർഷണം.

ഇരിക്കാനുള്ള തൽക്കാലിക സീറ്റ് ആയി ഉപയോഗിക്കാവുന്ന വോക്കിങ് സ്റ്റിക്കും കൗതുകകരം. ഒട്ടേറെ മരുന്നുകൾ കഴിക്കുന്നവർക്ക് ഗുളികകൾ ക്രമീകരിച്ചുവയ്ക്കാവുന്ന ‘പിൽ ഓർഗൈനസർ’, ഗുളിക മുറിക്കാനുള്ള പിൽ കട്ടർ, ഗുളിക കരുതി വയ്ക്കാൻ സൗകര്യമുള്ള വാട്ടർ ബോട്ടിൽ  എന്നിവയും  ഉപകാരപ്രദമായിരിക്കും.  പഞ്ചസാരയിട്ടാൽ സ്വയം ഇളക്കുന്ന കപ്പും(ബാറ്ററി ഉപയോഗിച്ച്) പാത്രങ്ങൾ തുറക്കാനുള്ള ഓപ്പണറും വീണുപോയ താക്കോലും മറ്റും കണ്ടെത്താനുള്ള കാന്തം ഘടിപ്പിച്ചിട്ടുള്ള ടോർച്ചും വരെ വയോജനങ്ങൾക്കുള്ള ഓൺലൈൻ വ്യാപാര സൈറ്റുകളിലുണ്ട്. ശുചിമുറിയിലും വീടിനകത്തും തെന്നിവീഴാതിരിക്കാനുള്ള ആന്റി സ്‌ലിപ് മാറ്റുകളുടെ സെറ്റുകൾക്കും ആവശ്യക്കാരേറെ.  

 

smart-home

സ്മാർട് ആനന്ദം

സാങ്കേതിക വിദ്യ അത്രവേഗം വഴങ്ങാത്തവരാണ് ഭൂരിപക്ഷം വയോജനങ്ങളും. അതു മുന്നിൽ കണ്ട് രൂപകൽപന ചെയ്ത ഒട്ടേറെ ഗാഡ്ജറ്റുകളും വിപണിയിൽ എത്തുന്നു. 

പാട്ടുകൾ ശേഖരിച്ച് വച്ച് കേൾക്കാവുന്ന സൗകര്യം ഉൾപ്പെടെയുള്ള റേഡിയോ സെറ്റുകൾ പ്രായമായവർക്കായി ഇന്നു വിപണിയിലുണ്ട്. റിമോട്ട് കൺട്രോൾ സംവിധാനം അടക്കം ലഭ്യം. വളരെ എളുപ്പത്തിൽ പാട്ടുകളും റേഡിയോ ചാനലുകളും മാറ്റാം. വയോജനങ്ങളുടെ എളുപ്പത്തിനായി ഇവയിലെല്ലാം പരിമിതമായ സ്വിച്ചുകൾ മാത്രമാണ് ഉള്ളത്. പ്രത്യേക വിഭാഗങ്ങളിലുള്ള പാട്ടുകൾ സ്റ്റോർ ചെയ്തു വച്ചിരിക്കുന്ന മ്യൂസിക് കാർഡുകളും വൻ തോതിൽ വിറ്റഴിയുന്നുണ്ട്. 

വലിയ കീപാ‍ഡുകളും സ്ക്രീനുമുള്ള മൊബൈൽ ഫോണിനും ഇന്ന് ആവശ്യക്കാർ ഏറെ. ടോർച്ച്, എമർജൻസി കോളിങ് സംവിധാനം എന്നിവയടക്കമാണ് ഇവ വരുന്നത്. ഒറ്റ ക്ലിക്കിൽ വേണ്ടപ്പെട്ടവർക്ക് അപായ സന്ദേശം നൽകാനും ഈ ഫോണിലൂടെ സാധിക്കും. ഉയർന്ന ശബ്ദ വിന്യാസവും ഇത്തരം മൊബൈലുകളുടെ പ്രത്യേകതയാണ്. 3000–4000 രൂപയ്ക്കു ലഭിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com