ബാത്റൂമിൽ തെന്നിവീഴല്ലേ: ഇനി അനായാസം വൃത്തിയാക്കാം, ദുർഗന്ധമകറ്റാം
Mail This Article
ബാത്റൂം വൃത്തിയാക്കുക എന്നത് പലർക്കും മടിയുള്ള കാര്യമാണ്. പക്ഷേ എണ്ണയും സോപ്പുമെല്ലാം അടിഞ്ഞുകൂടിയ തറയിൽ വഴുതിവീഴുമ്പോഴാകും പലർക്കും ബോധോദയമുണ്ടാവുക. അഴുക്കും വഴുക്കലും ഒഴിവാക്കാൻ കുളിമുറി പതിവായി വൃത്തിയാക്കിയിടാൻ ശ്രദ്ധിക്കുക. വീട്ടിൽ തന്നെയുള്ള സാധനങ്ങൾ ഉപയോഗിച്ച് ബാത്റൂം എങ്ങനെ വൃത്തിയാക്കാം എന്ന് നോക്കാം.
ബാത്റൂം വെട്ടിത്തിളങ്ങാൻ
വിനാഗിരിയും ബേക്കിങ് സോഡയും
കറകൾ നീക്കം ചെയ്യാൻ വിലകൂടിയ ഉൽപന്നങ്ങളെ ആശ്രയിക്കണമെന്നില്ല. വീട്ടിൽ തന്നെയുള്ള ചില വസ്തുക്കളും ഇതിന് ഉപയോഗിക്കാം. അൽപം ബേക്കിങ് സോഡയിൽ വെള്ളവും വിനാഗിരിയും കലർത്തി ലായിനി തയാറാക്കണം. വൃത്തിയാക്കുന്നതിനു മുൻപ് ഈ ലായിനി ടൈലുകളിലേക്ക് സ്പ്രേ ചെയ്തു കൊടുക്കാം. ഒരു മിനിറ്റിനുശേഷം തുണി നനച്ച് തുടച്ചാൽ ടൈലുകൾ പുതുപുത്തൻ പോലെ വെട്ടിത്തിളങ്ങും.
ബ്ലീച്ചിങ് പൗഡർ
ബാത്റൂം വൃത്തിയാക്കാനുള്ള മറ്റൊരു മികച്ച മാർഗം ബ്ലീച്ചിങ് പൗഡറാണ്. ഇതിനായി നിലവാരമുള്ള ബ്ലീച്ച് ഉപയോഗിക്കാം. രണ്ട് ടേബിൾസ്പൂൺ ബ്ലീച്ചിങ് പൗഡർ ഒരു ചെറിയ ബക്കറ്റ് ചെറുചൂടുള്ള വെള്ളത്തിൽ കലർത്തുക. ഇത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ഈ വെള്ളം ടൈലുകളിൽ ഒഴിച്ചുകൊടുക്കണം. ഒരു മണിക്കൂറിനു ശേഷം കഴുകി മാറ്റിയാൽ ടൈലുകളിലെ അഴുക്ക് പൂർണമായി അകന്നത് കാണാം. ടൈലുകൾക്കിടയിൽ കൂടുതലായി അഴുക്ക് അടിഞ്ഞു കൂടിയ ഭാഗങ്ങൾ ടൂത് ബ്രഷ് ഉപയോഗിച്ച് ഉരച്ചു കൊടുക്കുക.
ഉപ്പ്
കുറച്ചു ചൂടുവെള്ളം എടുത്ത് അതിൽ അലിയുന്നതിലും അധികമായി ഉപ്പ് ചേർക്കുക. ഇത് ഉപയോഗിച്ച് ബാത്റൂമിൽ അഴുക്കുള്ള ഭാഗം വൃത്തിയാക്കാവുന്നതാണ്. കൂടുതലായി അഴുക്ക് അടിഞ്ഞുകൂടിയിട്ടുള്ള ഭാഗങ്ങൾ ഉണ്ടെങ്കിൽ അവിടെ ഉപ്പുപൊടി വിതറിയശേഷം സ്ക്രബ്ബ് ചെയ്താലും അഴുക്ക് വേഗത്തിൽ മാറിക്കിട്ടും.
ബാത്റൂമിലെ ദുർഗന്ധമകറ്റാൻ
ബേക്കിങ് സോഡ - ബാത്റൂമിലും ക്ലോസറ്റിലും ഒരിത്തിരി ബേക്കിങ് സോഡ വിതറിയ ശേഷം വെള്ളം ഒഴിച്ച് ഉരച്ചുകഴുകിനോക്കൂ. തറയും ക്ലോസറ്റും നന്നായി മിന്നിതിളങ്ങും. ആഴ്ചയില്‍ രണ്ടോ മൂന്നോ പ്രാവശ്യം ഇതാവര്‍ത്തിച്ചാല്‍ തന്നെ ബാത്റൂമില്‍ ദുര്‍ഗന്ധം തളംകെട്ടില്ല.
സുഗന്ധലായനികള്‍ - ഡെറ്റോള്‍, ഫിനോയില്‍ പോലെയുള്ള സുഗന്ധലായനികള്‍ കൊണ്ട് ബാത്റൂം ദിവസവും കഴുകുന്നത് ഗുണം ചെയ്യും. ടോയ്‌ലെറ്റ് സീറ്റ്, ബാത്റൂമിലെ ടൈലുകള്‍ എന്നിവ ലാവെണ്ടര്‍ ഓയില്‍ ഉപയോഗിച്ച് വൃത്തിയാക്കാം. ഇത് ദിവസം മുഴുവന്‍ ബാത്റൂമില്‍ സുഗന്ധം തങ്ങി നില്‍ക്കാന്‍ സഹായിക്കും.
ബാത്റൂമില്‍ എക്സോസ്റ്റ് ഫാന്‍ ഘടിപ്പിക്കുക. ഇത് ഉള്ളിലെ മോശം വായുവിനെ പുറത്തുകടത്തും. ഉപയോഗിക്കാത്ത സമയത്ത് ക്ലോസറ്റ് സീറ്റ് അടച്ചുവയ്ക്കാൻ ശ്രദ്ധിക്കുക. ഡയപ്പർ അടക്കമുള്ള മാലിന്യങ്ങൾ ക്ളോസറ്റിൽ ഇടരുത്.