ADVERTISEMENT

വീട് നിർമാണം തീർച്ചയായും ടെൻഷനുള്ള പരിപാടിയാണ്. സൂക്ഷ്മമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പലരും വിട്ടുപോയി, പിന്നീട് അബദ്ധം തിരിച്ചറിയുന്ന അവസ്ഥയുണ്ട്. അനുഭവങ്ങൾ ഗുണപാഠങ്ങളാകണം. എന്നാൽ ചിലരുടെയെങ്കിലും ടെൻഷൻ വീടിന്റെ സ്റ്റെപ്പുകൾ ലാഭത്തിൽ നിൽക്കുന്നുണ്ടോ, സൂത്രം മുറിയുന്നുണ്ടോ, അടുക്കളയിൽ കിഴക്കോട്ടുനിന്ന് പാചകം ചെയ്യാൻ സാധിക്കുന്നുണ്ടോ എന്നൊക്കെയാണ്. എന്നാൽ ഇതിനേക്കാൾ മുൻഗണനയോടെ എൻജിനീയറോട് ചോദിച്ചു, നിങ്ങളുടെ പ്ലാനിൽ ഉൾക്കൊള്ളിക്കാൻ നിർദ്ദേശിക്കേണ്ട  ചില കാര്യങ്ങൾ ഇനി പറയാം.

  1. ഒരു കാറിനെ ഉൾക്കൊള്ളാൻ മാത്രം നീളം കാർപോർച്ചിനുണ്ടോ? 'ലാഭ'ത്തിൽ ക്രമീകരിച്ച അവസാന സ്റ്റെപ്പിൽ കയറിയ ശേഷം സ്വന്തം ചെരുപ്പ് പട്ടി കടിച്ചുകൊണ്ട് പോയി 'നഷ്ടം' വരാതെ എവിടെ സൂക്ഷിക്കും? ഷൂ റാക്ക് വേണമെന്ന് ചുരുക്കം.
  2. ഡ്രോയിങ് റൂമിൽ ടിവി വച്ചാൽ പുറകിലെ ജനാലയിൽ നിന്ന് ഗ്ലെയർ അടിക്കുമോ? സാധാരണ വീടുകളിൽ ഡ്രോയിങ് റൂം പിള്ളേര് വലിച്ചു വാരി ഇടാറുണ്ട്. എന്റെ വീട്ടിലുമുണ്ട്. ഡ്രോയിങ് റൂം ഒരു പ്രത്യേക റൂം ആയി ഡിസൈൻ ചെയ്താൽ വീട്ടുകാർക്ക് ഈ റൂം പൂട്ടി ഇടാം, അതിഥികൾ വരുമ്പോൾ അലങ്കോലം ആകാത്ത റൂം തുറന്നു കൊടുക്കാം. അറ്റകൈക്ക് ഒരു കിടപ്പുമുറിയും ആക്കാം. ഡ്രോയിങ് റൂം ഇങ്ങനെ സംവിധാനം ചെയ്യാമോ?..
  3. ഡൈനിങ് ഹാളിലോ ടേബിളിലോ ഇരുന്നാൽ കോമൺ ടോയ്‌ലറ്റിന്റെ ഡോർ കാണുമോ? ഏതെങ്കിലും ടോയ്‌ലറ്റിൽനിന്നുള്ള ശബ്ദവും ഡൈനിങ് ടേബിളിലോ, ഡ്രോയിങ് റൂമിലോ എത്തുമോ?. നമ്മൾ തലേദിവസം കിഴങ്ങും പരിപ്പുകറിയുമാണ് കഴിച്ചത് എന്ന് മറ്റുള്ളവരെ അറിയിക്കേണ്ട യാതൊരു കാര്യമില്ല. അതുപോലെ ടോയ്‌ലറ്റിലേക്കു പ്രവേശിച്ചാൽ ആദ്യം വാഷ് ബേസിനും, പിന്നെ ക്ളോസെറ്റും പിന്നീട് ഷവർ ഏരിയയും ക്രമീകരിക്കപ്പെടണം എന്ന് നിർദ്ദേശിക്കുക.
  4. ഡൈനിങ് ടേബിളിൽ ഇരുന്നാൽ വാഷ് ബേസിൻ കാണുമോ? കൈ കഴുകിയ ശേഷം ആന അലറുന്നപോലെ കാർക്കിച്ചു തുപ്പുന്ന ശീലം പല മലയാളികൾക്കുമുണ്ട്. ഡൈനിങ് ടേബിളിന്റെ ഒത്ത മുകളിൽ അലങ്കാര വിളക്ക് പിടിപ്പിച്ചശേഷം ഭക്ഷണപാത്രത്തിലേക്കു പ്രാണി വീഴുന്ന കാരണം ബുദ്ധിമുട്ടുന്ന ഒരു പ്രവാസി കുടുംബത്തെ എനിക്കറിയാം. ദുബായിലെ ഫ്ളാറ്റിൽ പ്രാണി ഇല്ലായിരിക്കാം. നാട്ടിൽ പുതുമഴ പെയ്താൽ അന്ന് രാത്രി പ്രാണികളുടെ അയ്യരുകളി ആയിരിക്കും .
  5. വീടിന്റെ എല്ലാ ഭാഗങ്ങളിലും 'പാസേജ് ഏരിയ' പരമാവധി കുറയ്ക്കണം എന്ന് ഡിസൈനറോട് നിർബന്ധമായി പറയുക. ഒരു ശരാശരി വീട്ടിൽപോലും മൂന്നോ നാലോ ലക്ഷം രൂപയുടെ നഷ്ടം വരുത്താൻ ഈ ഒരൊറ്റ കാരണം മതി. അതിനാൽ സത്യസന്ധമായ സ്കെയിലിൽ ഉള്ള ഒരു ഫർണിച്ചർ ലെ ഔട്ട് ആവശ്യപ്പെടുക.
  6. ഇസ്തിരി ഇടുന്ന ടേബിളിൽ പ്ലഗ്, ടേബിളിന്റെ വലതുവശത്തായാണ് ക്രമീകരിക്കപ്പെടുന്നത് എന്ന് ഉറപ്പുവരുത്തുക. അല്ലാത്തപക്ഷം കേബിൾ ഡ്രസ്സിലൂടെ കിടന്നു ഇഴയുന്ന സാഹചര്യം വരും. ഹോം കമ്പ്യൂട്ടർ കോമൺ ഏരിയയിൽ ആകുന്നതാണ് നല്ലത്. ഇക്കാലത്തെ പിള്ളേർ വിളഞ്ഞ വിത്തുകളാണെന്ന് ഓർമ വേണം.
  7. ബെഡ്റൂമിൽ ഇൻ ബിൽറ്റ് വാഡ്രോബ് വേണമെന്നും അതിനു മിനിമം ഒരു ഷർട്ട് ഹാങ്ങറിന്റെ വീതി വേണമെന്നും പറയുക. കുർത്തയോ ചുരിദാറോ ഇസ്തിരിയിട്ട ശേഷം തൂക്കിയിടാനുള്ള നീളമുള്ള റാക്കുകൾ ക്രമീകരിക്കാൻ പറയുക. ഇതിനോടനുബന്ധിച്ചു ചെറിയൊരു ഡ്രസ്സിങ് ഏരിയയും ക്രമീകരിക്കാൻ ആവശ്യപ്പെടുക. കേവലം ഒമ്പതടി നീളവും പതിനൊന്നടി വീതിയുമുള്ള റൂമിൽ പോലും ഇതെല്ലാം ക്രമീകരിക്കാം. 
  8. ബെഡ്റൂമുകളുടെ സ്വകാര്യത പ്രധാനമാണ്. രണ്ടു ബെഡ്റൂമുകൾക്കിടയിൽ കോമൺ വാൾ വരരുത്. കഴിവതും ഡൈനിങ് ഹാളിൽനിന്നും ബെഡ് റൂമുകളിലേക്കുള്ള 'ദർശനം' ഒഴിവാക്കുക.
  9. കിച്ചനിൽ ചെറിയൊരു ബ്രേക്ക് ഫാസ്റ്റ് കൗണ്ടർ ഉണ്ടെങ്കിൽ നല്ലത്. വീട്ടിൽ അധികമാരും ഇല്ലാത്ത നേരത്ത് ഭക്ഷണം കഴിക്കാനും പിള്ളേർക്ക് ഹോം വർക്ക് പറഞ്ഞുകൊടുക്കാനും ഉപകരിക്കും. ഇതേ കൗണ്ടറിനുമുകളിൽ ഒരു വൈൻ കാബിനറ്റ് ഫിറ്റുചെയ്താൽ ചെറിയൊരു ബാർ കൗണ്ടറും ആകും.
  10. ഓപ്പൺ ടെറസിൽ ഒരു വാഷ് ബേസിൻ വച്ചാൽ ചെറിയ ഫങ്ഷനുകൾ അവിടെ വച്ച് നടത്താം. ഷീറ്റു മേൽക്കൂര ഇട്ടാൽ വർഷക്കാലത്ത് തുണി ഉണക്കാം.

വെറുതെ ഒരു പ്ലാൻ വാങ്ങി വീട്ടിൽ കൊണ്ടുപോകുന്നതാവരുത് നമ്മുടെ യുക്തിബോധം. നാലോ അഞ്ചോ ലക്ഷം രൂപയ്ക്കു വാങ്ങുന്ന കാറിന്റെ തെരഞ്ഞെടുപ്പിൽ കാണിക്കുന്നതിന്റെ നാലിലൊന്നു ഉൽകണ്ഠ, അമ്പതോ അറുപതോ ലക്ഷം ചെലവഴിക്കുന്ന വീടിന്റെ കാര്യത്തിൽ നാം കാണിച്ചാൽ നമ്മുടെ ആർക്കിടെക്ചർ സംസ്കാരം എന്നേ മാറിമറിയുമായിരുന്നു എന്നെനിക്കു തോന്നിയിട്ടുണ്ട്.

English Summary:

Things to know while planning your dream home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com