ADVERTISEMENT

സമൂഹമാധ്യമങ്ങളിൽ പഴയൊരു വീടിന്റെ പടമിട്ട്, അടിക്കുറിപ്പായി 'എത്ര മനോഹരം, ആ വീട്ടിൽ താമസിക്കുന്നത് എത്ര സന്തോഷകരം' എന്നൊക്കെ  ഗൃഹാതുരത ചേർത്ത് പലരും പോസ്റ്റിടാറുണ്ട്. ലളിതമായി പറഞ്ഞാൽ അത് നിഷ്കളങ്കമായ പ്രകടനങ്ങളാണ്. പക്ഷേ അറിവില്ലായ്മയുമുണ്ടതിൽ.

ഉദാഹരണത്തിന് ഒരു ഓലപ്പുരയെ കാട്ടി, 'ഇവിടെ താമസിക്കുന്നത് എത്ര സുന്ദരം' എന്നൊക്കെ കമന്റിടുന്നത്, യഥാർഥത്തിൽ അവർ ഓലപ്പുരയിൽ താമസിക്കാത്തതുകൊണ്ടുമാത്രം പറയുന്നതാണ്. 

വസ്തുത എന്തെന്നാൽ, അക്കാലത്തെ മനുഷ്യരുടെ 'ഓലപ്പുര ജീവിതം' ദുരിതങ്ങളുടേതായിരുന്നു. മഴയത്ത് ചോരുന്നതിന്റേയും പണമില്ലാത്തതിനാൽ പുതിയ ഓല മേയാൻ കഴിയാത്തതിന്റെയും ദാരിദ്ര്യത്തിന്റേയും ഒക്കെ കഥകളും അനുഭവങ്ങളും എത്രയോ കാണും അവർക്ക്.

അവർക്ക് ചുട്ടുപൊള്ളുന്ന വേനൽക്കാലത്ത് ഓലപ്പുരയുടെ തണുപ്പനുഭവിക്കാൻ കഴിഞ്ഞിരിക്കണമെന്നില്ല. പന്ത്രണ്ടും പതിനാലും മണിക്കൂർ ജോലി ചെയ്യേണ്ടിവരുന്ന മനുഷ്യർക്ക് ഓലപ്പുരകൾ ഒന്നുറങ്ങാൻ വേണ്ടി മാത്രമുള്ളതാണ്. സന്തോഷമെന്തെന്ന് അവർ അറിഞ്ഞിരിക്കണമെന്നുപോലുമില്ല. ഒരുപാട് കുട്ടികളെ ഉൾക്കൊള്ളാൻ ഓലപ്പുരകൾക്കാകുകയുമില്ല. അങ്ങനെയാണ് അടുത്ത തലമുറയിലെ മലയാളികൾ ഓലപ്പുരയെ കൈവിട്ടത്.

പകരം വന്നത് ഓടുപുരയാണ്. 'സ്വന്തമായി മുറി' എന്ന സങ്കൽപം പ്രചാരത്തിലായത് പോലും ഓടിട്ട വീട് വന്നതോടു കൂടിയാണ്. വിവാഹിതർക്ക് ഒരു മുറിയുണ്ടായതും ഓടിന്റെ വരവോടുകൂടിയാണ്. പക്ഷേ ഓടിട്ട വീടിനും അതിന്റേതായ പരിമിതികളുണ്ടായപ്പോഴാണ് നാമിപ്പോൾ എത്തി നിൽക്കുന്ന കോൺക്രീറ്റിൽ അഭയം പ്രാപിച്ചിരിക്കുന്നത്.

1990കൾ മുതലാണല്ലോ കോൺക്രീറ്റ് വീടുകൾ പ്രചാരമേറി തുടങ്ങിയത്. കോൺക്രീറ്റ് എന്ന വസ്തു യഥാർഥത്തിൽ വീടിനകത്ത് താമസിക്കുന്ന മനുഷ്യരുടെ ശരീരത്തിന് സുഖം സമ്മാനിക്കുന്നില്ല എന്നത് സത്യമാണ്. അകത്തെ ചൂടും വർഷാവർഷം ചെയ്യേണ്ടിവരുന്ന അറ്റകുറ്റപണികളും പണച്ചെലവും നമ്മെ കോൺക്രീറ്റിൽനിന്ന് അകറ്റുക തന്നെ ചെയ്യും.

തച്ചന്റെ കണക്കുകളുടെ സങ്കീർണതയും മരത്തിന്റെ ലഭ്യതക്കുറവും പുതിയ ജ്യാമിതീയ സൗന്ദര്യ സങ്കൽപങ്ങളും ഒക്കെ കോൺക്രീറ്റിന്റെ വ്യാപനത്തിന് കാരണമായി. അപ്പോഴും കോൺക്രീറ്റിന്റെ പരിമിതികളെ മറികടക്കാൻ സാധാരണ മനുഷ്യർക്ക് കഴിയണമെന്നില്ല. 

അതിനാൽ 'കോൺക്രീറ്റിന് പകരം മറ്റെന്ത്'? എന്ന ചോദ്യം നമുക്ക് ചോദിക്കേണ്ടിവരുമെന്നത് തീർച്ചയാണ്.  ആ ചോദ്യത്തിന് ഉത്തരമുണ്ടാകുകയും ചെയ്യും, പക്ഷേ കാത്തിരിക്കേണ്ടിവരും. അതുവരെ കോൺക്രീറ്റുമായി നമുക്ക് സമരസപ്പെട്ട് ജീവിക്കേണ്ടിവരും എന്ന് ചുരുക്കം.

English Summary:

Evolution of Malayali House- What Next- An introspection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com