ADVERTISEMENT

വീട്ടിൽ കള്ളൻ കയറി വിലപിടിപ്പുള്ളത് എന്തെങ്കിലും അടിച്ചുമാറ്റി എന്നറിഞ്ഞാൽ പിന്നെ വീട്ടുടമയ്ക്ക് മനസ്സമാധാനം ഉണ്ടാകില്ല. അതിന്റെകൂടെ സാധനങ്ങൾ സൂക്ഷിച്ചു വയ്ക്കാത്തതിന് കള്ളൻ തന്നെ കുറ്റപ്പെടുത്തുക കൂടിചെയ്താലോ!. അതിലും വലിയൊരു അപമാനം ഉണ്ടാവില്ല. 

സമാന അവസ്ഥയിലൂടെയാണ് ചൈനയിലെ ഒരു സ്ഥാപന ഉടമ കഴിഞ്ഞദിവസം കടന്നുപോയത്. ബിസിനസ് സ്ഥാപനത്തിൽ കയറിയ കള്ളൻ സാധനങ്ങൾ എളുപ്പത്തിൽ എടുക്കാൻ പാകത്തിനുവച്ച ഉടമയ്ക്ക് സാധനങ്ങളുടെ സുരക്ഷയുടെ കാര്യത്തിൽ അൽപംകൂടി ശ്രദ്ധ പുലർത്തണമെന്ന് ഉപദേശിച്ചു കൊണ്ട് ഒരു കുറിപ്പും നൽകിയ ശേഷമാണ് മടങ്ങിയത്.

സാങ്ങ് എന്ന് പേരുള്ള കള്ളനെ ഷാങ്ഹായി പൊലീസ് പിടികൂടിയിരുന്നു.  പുറംഭിത്തിയിൽ കൂടി അള്ളിപ്പിടിച്ചാണ് മോഷ്ടാവ് കെട്ടിടത്തിനുള്ളിൽ കയറിപ്പറ്റിയത്. പൊലീസിന്റെ റിപ്പോർട്ട് പ്രകാരം ഒരു വാച്ചും ആപ്പിളിന്റെ മാക് ബുക്കും സാങ്ങ് മോഷ്ടിക്കുകയും ചെയ്തു. മോഷ്ടിച്ച സാധനങ്ങളെല്ലാം എടുത്ത് മേശയിൽ വച്ച ശേഷം അവിടെ കണ്ട ഒരു നോട്ടുബുക്കിൽ സാങ്ങ് ഇങ്ങനെയൊരു കുറിപ്പെഴുതി : "പ്രിയപ്പെട്ട ബോസ്, ഞാനൊരു റിസ്റ്റ് വാച്ചും ലാപ്ടോപ്പും എടുത്തിട്ടുണ്ട്. മോഷണം തടയാനുള്ള സംവിധാനങ്ങൾ നിങ്ങൾ കുറച്ചുകൂടി ശക്തിപ്പെടുത്തണം. നിങ്ങളുടെ ബിസിനസ് തടസ്സപ്പെടുമെന്ന് തോന്നിയതിനാൽ എല്ലാ ഫോണുകളും ലാപ്ടോപ്പുകളും ഞാൻ എടുത്തിട്ടില്ല. "

എന്നാൽ കുറിപ്പിന്റെ ഏറ്റവും ഒടുവിലത്തെ വാചകമാണ് ഏറ്റവും ശ്രദ്ധേയം. കൊണ്ടുപോകുന്ന വസ്തുക്കൾ തിരികെ വേണമെങ്കിൽ തന്നെ വിളിച്ചാൽ മതി എന്ന് പറഞ്ഞുകൊണ്ട് സ്വന്തം ഫോൺ നമ്പറും സാങ്ങ് എഴുതിവച്ചിരുന്നു!

ഇത് പൊലീസുകാർക്ക് ഗുണകരമായി. ക്യാമറകളും ഫോൺ ലൊക്കേഷനും പരിശോധിച്ച ഉദ്യോഗസ്ഥർ ഷാങ്ഹായിൽനിന്ന് ട്രെയിനിൽ സഞ്ചരിക്കുന്നതിനിടെയാണ് കള്ളനെ പിടികൂടിയത്.

മോഷണ സാധനങ്ങൾ എല്ലാം സാങ്ങിന്റെ പക്കൽ നിന്നും കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. വ്യത്യസ്തമായ ഈ മോഷണത്തിന്റെ കഥ പുറത്തു വന്നതോടെ അത് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു. 'ഇത്രയും ദയാലുവായ/ മണ്ടനായ ഒരു മോഷ്ടാവിനെ ലോകത്ത് മറ്റെവിടെയും കാണാനാവില്ല' എന്നാണ് ആളുകൾ പ്രതികരണമായി അറിയിക്കുന്നത്.

English Summary:

Thief leaves note for owner to tighten security- News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com