മറ്റുള്ളവർ വലിച്ചെറിഞ്ഞു കളഞ്ഞ സാധനങ്ങൾ ശേഖരിച്ച് യുവാവ് സമ്പാദിച്ചത് 56 ലക്ഷം രൂപ!
Mail This Article
ഉപയോഗശൂന്യം എന്നുകരുതി ഒരാൾ ഉപേക്ഷിക്കുന്ന വസ്തു ഒരുപക്ഷേ മറ്റൊരാളുടെ ജീവിതം തന്നെ മാറ്റിമറിച്ചേക്കാം. ഇതിനുദാഹരണമാണ് സിഡ്നി സ്വദേശിയായ ലിയോനാർഡോ അർബാനോ എന്ന 30കാരൻ. മറ്റുള്ളവർ ഉപേക്ഷിക്കുന്ന വസ്തുക്കളിൽ നിന്നുമാത്രം ഒരുവർഷം 100000 ഓസ്ട്രേലിയൻ ഡോളറാണ് (56 ലക്ഷം രൂപ) ഈ യുവാവ് സമ്പാദിച്ചത്.
നാട്ടിലെ മാലിന്യകൂമ്പാരങ്ങൾ അരിച്ചുപെറുക്കി അവയിൽനിന്ന് ഉപയോഗിക്കാനാവുന്നവ കണ്ടെത്തി മറിച്ചുവിറ്റാണ് ഈ പണം മുഴുവൻ ലിയോനാർഡോ നേടിയത്. ദിവസവും പ്രഭാത ഭക്ഷണശേഷം ലിയോനാർഡോ തൻ്റെ സൈക്കിളോ കാറോ എടുത്ത് തെരുവിലേക്കിറങ്ങും. പിന്നീട് പലയിടങ്ങളിലായി കാണുന്ന വേസ്റ്റ് കൂനകളെല്ലാം പരതും. ഈ ഹോബി ഇന്ന് ഇദ്ദേഹത്തിന്റെ ജീവിതോപാധിയാണ്. ആളുകൾ പുനരുപയോഗിക്കാൻ ആവുന്ന പല വസ്തുക്കളും ഉപയോഗശൂന്യമെന്ന് കരുതി ഉപേക്ഷിച്ചു കളയും. ഇവയൊക്കെ ലിയോനാർഡോ കണ്ടെത്തും. കോഫി മെഷീനും നോട്ടുകെട്ടുകളും, എന്തിനേറെ, സ്വർണാഭരണങ്ങൾ വരെ ഇത്തരത്തിൽ ഇയാൾക്ക് ലഭിച്ചിട്ടുണ്ട്.
പലപ്പോഴും മാലിന്യങ്ങളുടെ വലിയ കൂമ്പാരമാകും നിരത്തുകളിൽ കാണാനാവുക. ഇവയ്ക്കുള്ളിലെല്ലാം വിലപിടിപ്പുള്ള എന്തെങ്കിലും വസ്തുക്കൾ ഉണ്ടാകും എന്നുറപ്പാണ്.
ആഡംബര ബാഗ് ബ്രാൻഡായ ഫെൻഡിയിൽ നിന്നുള്ള ഒരു പഴ്സ് ഒരിക്കൽ മാലിന്യങ്ങൾക്കുള്ളിൽ നിന്നും കണ്ടെത്തി. ഇത് മറിച്ചുവിറ്റപ്പോൾ പതിനാറായിരം രൂപയ്ക്ക് മുകളിലാണ് ലഭിച്ചത്. എന്നാൽ വിലപിടിപ്പുള്ള വസ്തുവാണെന്ന് സ്വയം വിലയിരുത്തിയല്ല ലിയോനാർഡോ കച്ചവടങ്ങൾ നടത്തുന്നത്. ആധികാരിക വെബ്സൈറ്റുകളിൽ തിരഞ്ഞ് ഉത്പന്നത്തിന്റെ സീരിയൽ നമ്പറും മറ്റു വിശദാംശങ്ങളും കൃത്യമാണെന്ന് ഉറപ്പുവരുത്തും. വില തിട്ടപ്പെടുത്താനായി ഇത്തരം വസ്തുക്കൾ വിൽക്കുന്ന മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധരുടെ സഹായവും തേടാറുണ്ട്.
കണ്ടെത്തുന്നവയിൽ തനിക്ക് ആവശ്യമുള്ള വസ്തുക്കൾ ഉണ്ടെങ്കിൽ അത് വീട്ടിലേക്ക് കൊണ്ടുപോകാറുമുണ്ട്. ഈ കാലയളവിനുള്ളിൽ 50 ടിവി, 30 ഫ്രിജ് , 20 ൽ പരം വാഷിങ് മെഷീൻ , 50 ലാപ്ടോപ്പുകൾ, 15 കൗച്ചുകൾ, 50 വാക്വം ക്ലീനറുകൾ എന്നിവയെല്ലാം ലഭിച്ചിട്ടുണ്ട്. ഇവയിൽ നിന്നെല്ലാമായി നല്ലൊരു തുകയും ഇയാൾക്ക് ലഭിക്കുന്നു. താമസസ്ഥലത്തിന്റെ വാടകയും ഭക്ഷണത്തിനുള്ള ചെലവുമെല്ലാം ഇങ്ങനെ ലഭിക്കുന്ന പണത്തിൽ നിന്നാണ് ലിയോനാർഡോ കണ്ടെത്തുന്നത്.