ADVERTISEMENT

രണ്ടു കുഞ്ഞു കിടപ്പുമുറികളുള്ള ഞങ്ങളുടെ വീടിന്റെ ഇടുങ്ങിയ സിറ്റൗട്ടിലിരുന്ന് തൊട്ടടുത്തുള്ള വലിയ വീടുകളെ നോക്കി ഞങ്ങൾ പറയുമായിരുന്നു.

"അവരുടെ വീടുകൾക്കെല്ലാം എന്തൊരു ഭംഗിയും വലുപ്പവുമാണ്. മാത്രമല്ല, വിശാലമായ മുറ്റവും പൂന്തോട്ടവും, പോർച്ചിൽ വില കൂടിയ വാഹനങ്ങളും"....

പക്ഷേ, അവരിൽ പലരുടേയും ജീവിതം ഞങ്ങൾക്ക് അടുത്തറിയുന്നതുകൊണ്ടുതന്നെ ആ വലിയ വീടുകളിൽ അവരിൽ പലർക്കുമില്ലാത്ത സന്തോഷവും സമാധാനവും ഞങ്ങളുടെ ചെറിയ വീട്ടിൽ ഞങ്ങൾക്കുണ്ടായിരുന്നു. കൂടുതൽ സന്തോഷവും സൗകര്യവും ആഗ്രഹിച്ച് നമ്മൾ പണിയുന്ന കൊക്കിൽ ഒതുങ്ങാത്ത വലിയ വീടുകൾ നമ്മളിൽ ചിലരുടേതെങ്കിലും (എല്ലാരുടേയുമല്ല) ശാന്തിയും സമാധാനവും സന്തോഷവും നഷ്ടപ്പെടുത്തുന്നു എന്നതാണ് യാഥാർഥ്യം.

ഗൾഫ് പണത്തിന്റെയും മറ്റും പ്രതീക്ഷയിൽ കൊള്ളപ്പലിശയ്ക്ക് ലോണെടുത്തും കിട്ടാവുന്നവരുടെ കൈയിൽ നിന്നെല്ലാം കടം മേടിച്ചും, വലിയ വീട് വച്ചവരും, വില കൂടിയ വാഹനങ്ങൾ വാങ്ങിച്ചവരുമാണ് പലരും. പക്ഷേ, പ്രതീക്ഷയ്‌ക്കൊത്ത് കാര്യങ്ങൾ നടക്കാതെ വന്നപ്പോൾ എല്ലാം തകിടംമറിഞ്ഞു, താങ്ങാനാകാത്ത കടബാധ്യതയിൽ അകപ്പെട്ട് സമാധാനം നഷ്ടപ്പെട്ടവരാണ് ഇതിൽ ചിലരെങ്കിലും. ഉയരം കൂടുന്നതിനനുസരിച്ച് വീഴ്ചയുടെ ആഘാതവും കൂടുമല്ലോ...

അമിതപ്രതീക്ഷയിൽ കൊടുത്ത് വീട്ടാനാകാത്ത കടങ്ങൾ വരുത്തി വച്ച് വീടുവയ്ക്കുന്നവരും വിലകൂടിയ വാഹനങ്ങൾ വാങ്ങിക്കുന്നവരും ഓർക്കുക: പുറമെനിന്ന് കാണുന്നവർക്ക് വീടും പരിസരവും ഭംഗിയും പ്രൗഢിയും തോന്നിയതുകൊണ്ട് സ്വന്തം ജീവിതത്തിൽ ശാന്തിയും സമാധാനവും വരികയില്ല. വലിയ വീട് പണിയുമ്പോൾ ഒരുപാട് പേർക്ക് പണിയും കച്ചവടവും ലഭിക്കും എന്ന ന്യായം, കടക്കയത്തിൽ അകപ്പെട്ട് വലയുന്നവർക്ക് ഒരു ഗുണവും ചെയ്യില്ല എന്നത് ഓർക്കുക.

ഇത്രയും പറഞ്ഞത് അനുകരണഭ്രമത്തെ സൂക്ഷിക്കാനാണ്. കാശുള്ളവർ വലിയ വീട് പണിതോട്ടെ, പക്ഷേ അതുകണ്ട് സാധാരണക്കാർ കൊക്കിലൊതുങ്ങാത്ത 'അശാന്തിയുടെ മണിമാളികകൾ' പണിത് തുടർന്നുള്ള ജീവിതത്തിലെ സന്തോഷങ്ങൾ വേണ്ടെന്ന് വച്ച്, 'ലോണടയ്ക്കാൻ വേണ്ടി മാത്രം ജോലിചെയ്യുന്ന അവസ്ഥ' ഒഴിവാക്കാൻ വേണ്ടി പറഞ്ഞുവെന്നേയുള്ളൂ. കാരണം അത്തരം ചില ജീവിതങ്ങൾ നേരിൽ അറിയാവുന്നതാണ്.

അടിക്കുറിപ്പ്:  അത്യാവശ്യം സൗകര്യമുള്ള ഒരു വീട് ഞാനും പണിതിട്ടുണ്ട്. എന്റെ സാമ്പത്തിക അവസ്ഥയ്ക്കനുസരിച്ച്  മൂന്ന് ഘട്ടങ്ങളായി, വർഷങ്ങളെടുത്ത്, ഒരു രൂപപോലും ലോണെടുക്കാതെ, ആർക്കും കടമില്ലാതെയാണ് വീട് സഫലമാക്കിയത്. അതുകൊണ്ടുതന്നെ ഈശ്വരാനുഗ്രഹത്താൽ സന്തോഷത്തോടെയും സമാധാനത്തോടെയും ഞങ്ങൾ വസിക്കുന്നു.

English Summary:

does size of house matter- introspection-veedu experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com