ADVERTISEMENT

മലയാളികളുടെ ഇഷ്ടം നേടിയ അഭിനേത്രി ഭാമ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

bhama-family
കുടുംബം

എന്റെ ശരിക്കുള്ള പേര് രേഖിത എന്നാണ്. കോട്ടയം മണർകാടുള്ള അമ്മ വീട്ടിലാണ് ഞാൻ ജനിച്ചതും വളർന്നതും. അച്ഛൻ രാജേന്ദ്ര കുറുപ്പ്, അമ്മ ശൈലജ. എനിക്ക് രണ്ടു ചേച്ചിമാരുണ്ട്. രശ്മിതയും രഞ്ജിതയും. ഇതായിരുന്നു കുടുംബം. ഒരു പരമ്പരാഗത നായർ തറവാടായിരുന്നു അമ്മയുടേത്. നാലാം ക്‌ളാസ് വരെ അവിടെയായിരുന്നു എന്റെ ജീവിതം. 

അച്ഛന്റെ നാട് തിരുവല്ലയാണ്. മാർത്തോമാ കോളജിനുസമീപമുള്ള അച്ഛന്റെ തറവാടും പരമ്പരാഗത ശൈലിയിലാണ് നിർമിച്ചിരിക്കുന്നത്. അവധിക്കാലമാകുമ്പോൾ അച്ഛൻ ഞങ്ങളെ തറവാട്ടിലേക്ക് കൊണ്ടുപോകും. ഓടാനും ചാടാനുമൊക്കെ ഒരുപാട് സ്ഥലമുള്ളതുകൊണ്ട് ഞങ്ങൾ കുട്ടികൾ അവിടെ ഹാപ്പിയായിരുന്നു. പറമ്പിനു താഴെ വയലാണ്. പാടവരമ്പിലൂടെ ഓടിനടന്നതും വൈകുന്നേരങ്ങളിലെ മീൻപിടിത്തവുമെല്ലാം ഇപ്പോൾ സുഖമുള്ള ഓർമകളാണ്. സിനിമയിലും കുറച്ച് അയൽക്കാരുണ്ട് തിരുവല്ലയിൽ. സംവിധായകൻ ബ്ലസി, മീര ജാസ്മിൻ, നയൻ‌താര..ഇവരുടെയൊക്കെ വീടുകൾ സമീപത്തായിരുന്നു. അങ്ങനെ എന്റെ കുട്ടിക്കാലം മുഴുവൻ മണർകാടും തിരുവല്ലയിലുമുള്ള വീടുകളിലാണ് കടന്നുപോയത്.

ഞാൻ അഞ്ചാം ക്‌ളാസിൽ പഠിക്കുമ്പോഴാണ് അച്ഛൻ മണർകാട് ഒരു ഇരുനില വീട് നിർമിക്കുന്നതും ഞങ്ങൾ അവിടേക്ക് മാറുന്നതും. പിന്നീട് പന്ത്രണ്ടാം ക്‌ളാസ്സുവരെ ഞാൻ താമസിച്ചത് ആ വീട്ടിലായിരുന്നു. ഞാൻ സിനിമയിൽ എത്തുന്നതും അവിടെ താമസിക്കുമ്പോഴാണ്. അതുകൊണ്ട് ആ വീടിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. 

bhama-flat

ഫ്ലാറ്റ് ജീവിതം...

ലോഹി സാർ (സംവിധായകൻ ലോഹിതദാസ്) പറഞ്ഞിട്ടാണ് ഞങ്ങൾ എറണാകുളത്തേക്ക് താമസം മാറ്റുന്നത്. ആദ്യം ഇടപ്പിള്ളിയിൽ ഒരു ഫ്ലാറ്റ് വാടകയ്‌ക്കെടുത്തായിരുന്നു താമസം. രണ്ടുവർഷം അവിടെ താമസിച്ചു. പിന്നീട് തൃക്കാക്കരയിൽ സ്വന്തമായി ഒരു ഫ്ലാറ്റ് എടുത്തു. പിന്നീട് ഇതുവരെ എന്റെ വീട് ആ ഫ്ലാറ്റാണ്. 3 BHK ഫ്ലാറ്റാണ്. മൂന്നു ബാൽക്കണികളുണ്ട്. സീപോർട് എയർപോർട് റോഡിന്റെ കാഴ്ചകൾ ഇവിടെയിരുന്ന് നോക്കിക്കാണാം. 

bhama-flat-courtyard

തിരികെ വിളിച്ച ഫ്ലാറ്റ്..

സംഗതി കോമഡിയാണ്...ഒൻപതു വർഷത്തോളം ഫ്ലാറ്റിൽ താമസിച്ചപ്പോൾ ഒരു മാറ്റത്തിനു വേണ്ടിയാണു കങ്ങരപ്പടിയിൽ ഒരു വില്ല എടുത്തുതാമസംമാറിയത്. പക്ഷേ താമസം തുടങ്ങിയപ്പോൾ എനിക്ക് മനസ്സിലായി, എനിക്ക് ഫ്ലാറ്റ് ലൈഫ് തന്നെയാണ് നല്ലതെന്ന്. കാരണം മിക്കപ്പോഴും ഞാനും അമ്മയും മാത്രമാണ് വീട്ടിലുള്ളത്. രണ്ടു പേർ മാത്രം വലിയ വില്ല നോക്കിനടത്തുക ഭാരിച്ച പണിയായി തോന്നി. അങ്ങനെ ഒരുവർഷം വില്ലയിൽ താമസിച്ച ശേഷം ഞങ്ങൾ ഫ്ലാറ്റിലേക്ക് തിരിച്ചെത്തി.

bhama

ഭാവിയിലേക്കായി മാറ്റിവച്ച വീട്...

മൂന്നുനാലു വർഷം മുൻപ് സ്വന്തമായി ഒരു വീടുപണിയാൻ ഇറങ്ങിപ്പുറപ്പെട്ടതാണ്. ഭാവി വീടിനെക്കുറിച്ച് വ്യക്തമായ ഒരു പദ്ധതിയുമുണ്ടായിരുന്നു. പക്ഷേ ആ സമയത്ത് സിനിമകളുടെ തിരക്ക് കൂടിവന്നു. സിനിമാസുഹൃത്തുക്കളുടെ വീടുപണി അനുഭവങ്ങൾ കേട്ടപ്പോൾ മേൽനോട്ടം വഹിക്കാൻ ആളില്ലാതെ വീടുപണിയുമായി നീങ്ങുന്നത് ബുദ്ധിയല്ല എന്നുതോന്നി. അങ്ങനെ ആ പദ്ധതി വേണ്ടെന്നുവയ്ക്കുകയായിരുന്നു. അങ്ങനെ ആ പണം കൊണ്ടാണ് ഞാൻ തൃക്കാക്കരയുള്ള ഫ്ലാറ്റ് ഇന്റീരിയർ ഡിസൈൻ ചെയ്തു ഭംഗിയാക്കിയത്. വൈറ്റ്+ ക്രിസ്റ്റൽ തീമിലാണ് വീടിന്റെ ഇന്റീരിയർ ഞാൻ ഒരുക്കിയത്. ഞാൻ ആറു മാസത്തോളം ഇന്റീരിയർ ഡിസൈൻ കോഴ്സ് പഠിച്ചിരുന്നു. അത്രയ്ക്കും എനിക്ക് ഭ്രാന്തായിരുന്നു ഇന്റീരിയർ ഡിസൈൻ.  ഭാവിയിൽ എന്നെങ്കിലും വീടുവയ്ക്കുകയാണെങ്കിൽ അതിനുള്ള റഫറൻസ് എല്ലാം എന്റെ കയ്യിൽ ഭദ്രമാണ്. എന്തായാലും ഇപ്പോൾ ഫ്ലാറ്റ് ജീവിതം തന്നെയാണിഷ്ടം. 

സിനിമാസുഹൃത്തുക്കളുടെ വീട്...

മിയയുടെ പുതിയ വീട് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ഒരുനിലയിൽ വിരിഞ്ഞു മനോഹരമായ നിൽക്കുന്ന വീട്. അതുപോലെ സംവിധായകൻ ജോഷിസാറിന്റെ വീടും നല്ല രസമുള്ള വീടാണ്. സത്യൻ അന്തിക്കാടിന്റെ വീടും ഒരുപാട് ഇഷ്ടമാണ്. ഞാൻ അവിടെ പോയിട്ടുണ്ട്. ഒരുപാട് കാറ്റും വെളിച്ചവും അകത്തേക്കെത്തും. അദ്ദേഹത്തിന്റെ സിനിമകൾ പോലെ ലളിതമായ ഗ്രാമീണ ഭംഗിയും സന്തോഷവും നിറയുന്ന വീട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com