ഇപ്പോഴും ആൾതാമസമുള്ള ലോകത്തിലെ ഏറ്റവും പഴയ കൊട്ടാരം! രാജ്ഞിയുടെ ഓർമകളിൽ വിൻഡ്സർ കാസിൽ
Mail This Article
നൂറ്റാണ്ടുകളുടെ പഴക്കത്തിൽ തലയെടുപ്പോടെ നിൽക്കുന്ന വിൻഡ്സർ കാസിലിന് ഇപ്പോഴും ആൾതാമസമുള്ള ലോകത്തിലെ ഏറ്റവും വലുതും പഴക്കം ചെന്നതുമായ കൊട്ടാരം എന്ന പദവിയും സ്വന്തമാണ്. ബെർക്ഷയറിലാണ് ഈ മനോഹരസൗധം സ്ഥിതി ചെയ്യുന്നത്. എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ വില്യം രാജകുമാരനും ഭാര്യ കേറ്റ് മിഡിൽട്ടണും വിൻഡ്സർ കാസിലിലേക്ക് താമസം മാറുമെന്നാണ് സൂചന. രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വിൻഡ്സർ കാസിൽ എലിസബത്ത് രാജ്ഞിയുടെ പ്രിയപ്പെട്ട വസതികളിൽ ഒന്നായിരുന്നു. എന്നാൽ രാജകീയ മന്ദിരം എന്നതിനപ്പുറം ഒട്ടേറെ ചരിത്ര പ്രാധാന്യമുള്ള നിർമിതിയാണ് വിൻഡ്സർ കോട്ട.
പതിനൊന്നാം നൂറ്റാണ്ടിൽ വില്യം ദ കോൺക്വററാണ് കോട്ട നിർമിച്ചത്. വലുപ്പംകൊണ്ടുതന്നെ ശ്രദ്ധേയമായ കൊട്ടാരത്തിന്റെ നിർമ്മാണം പൂർത്തിയാക്കാൻ ഏതാണ്ട് 16 വർഷം വേണ്ടിവന്നു. ആദ്യം തടിയിൽ നിർമ്മിച്ച കൊട്ടാരം ഹെൻറി രണ്ടാമന്റെ കാലത്താണ് കരിങ്കല്ലിലേക്ക് മാറ്റിയത്. എന്നാൽ താമസിക്കാനുള്ള രാജകീയ മന്ദിരം എന്ന നിലയിലായിരുന്നില്ല വിൻഡ്സർ കാസിലിന്റെ നിർമ്മാണം. പ്രതിരോധ സന്നാഹങ്ങളുടെ ഭാഗമായി നിർമ്മിച്ച കോട്ട ഹെൻറി ഒന്നാമന്റെ കാലം മുതൽ താമസത്തിനായി ഉപയോഗിച്ചു തുടങ്ങുകയായിരുന്നു
ആദ്യകാലങ്ങളിൽ വിൻഡ്സർ എന്നായിരുന്നില്ല കൊട്ടാരത്തിന്റെ നാമം എന്നതും ശ്രദ്ധേയമാണ്. ഒന്നാം ലോകമഹായുദ്ധകാലത്ത് ജോർജ് അഞ്ചാമൻ രാജകുടുംബപ്പേര് ജർമ്മൻ നാമമായ സാക്സ് -കോബർഗ് - ഗോഥയിൽ നിന്നുമാറ്റി 'വിൻഡ്സർ' എന്ന് പ്രഖ്യാപിച്ചതോടെയാണ് കൊട്ടാരം വിൻഡ്സർ കാസിലായത്.
ഹെൻറി ഒന്നാമന്റെ ഭരണകാലം മുതലിങ്ങോട്ട് ബ്രിട്ടന്റെ 40 ഭരണാധികാരികൾ വസിച്ചത് ഇവിടെയാണ്. 1992 ൽ തീ പടർന്നതിനെ തുടർന്നുണ്ടായ നവീകരണങ്ങളടക്കം ഒട്ടേറെ മാറ്റങ്ങൾ പല നൂറ്റാണ്ടുകളായി കൊട്ടാരത്തിന് ഉണ്ടായിട്ടുണ്ട്. കേടുപാടുകൾ സംഭവിച്ച സെന്റ് ജോർജ് ഹാൾ ഗോഥിക് മാതൃകയിലാണ് പുതുക്കി പണിതത്.
13 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന വിൻഡ്സർ കോട്ടയ്ക്ക് ചുറ്റുമുള്ള മനോഹരമായ പൂന്തോട്ടങ്ങളിലേക്കും പാർക്കുകളിലേക്കും പൊതുജനങ്ങൾക്ക് പ്രവേശനാനുമതിയുണ്ട്. പ്രതിവർഷം 10 ലക്ഷത്തിന് മുകളിൽ സന്ദർശകരും ഇവിടെയെത്തുന്നു. ബ്രിട്ടന്റെ ഭരണാധികാരികളിൽ പലരും അന്ത്യവിശ്രമം കൊള്ളുന്നതും വിൻഡ്സർ കാസിലിലാണ്.
വില്യം രാജകുമാരന്റെയും കേറ്റ് മിഡിൽട്ടൺ രാജകുമാരിയുടെയും ഔദ്യോഗിക വസതി എന്ന നിലയിൽ കൊട്ടാരം പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇരുവരും ഇവിടേക്ക് താമസം മാറ്റാൻ വൈകും എന്നാണ് വിവരം. എലിസബത്ത് രാജ്ഞിയുടെ മരണത്തിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് മാത്രമാണ് നാലു കിടപ്പുമുറികളുള്ള കോട്ടേജിലേക്ക് ഇരുവരും താമസം മാറിയത്. ചുരുങ്ങിയ ദിവസത്തിനുള്ളിൽ വീണ്ടും താമസം മാറുന്നത് മക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കും എന്നതിനാലാണ് ഇരുവരും വിൻഡ്സർ കാസിലിലേക്ക് എത്താൻ വൈകുന്നത്.
English Summary- Windsor Castle Rich Tradition And Architecture