ADVERTISEMENT

കൊച്ചി ഉദയംപേരൂരിലാണ് പ്രിയനടി അനുശ്രീയുടെ പുതിയ വീട്. ഇവിടേക്കെത്തുമ്പോൾ ആദ്യം ശ്രദ്ധിക്കുന്നത് 'അനുശ്രീ നായർ- എന്റെ വീട്' എന്ന നെയിംബോർഡാണ്. വീടിനോടുള്ള താരത്തിന്റെ ഇഷ്ടം മുഴുവൻ ഈ പേരിലുണ്ട്. അതിന്റെ കഥ അനുശ്രീ പറയുന്നു.

anusree-home-name

കൊച്ചിയിൽ ആദ്യം വാങ്ങിയത് ഒരു ഫ്ലാറ്റാണ്. ആറേഴ് വർഷങ്ങൾക്കു ശേഷമാണ് ഈ വീട് സ്വന്തമായത്. നാട്ടിലെ വീടിന്റെ പേര് 'അനുശ്രീ നിവാസ്' എന്നാണ്. അത് അച്ഛനും അമ്മയും കൂടി ഇട്ട പേരാണ്. ഈ വീടിന് എന്തു പേരിടും എന്ന് ചിന്തിച്ചപ്പോൾ ആശയക്കുഴപ്പമായി. വീട് ഫർണിഷിങ്ങിന്റെ സമയത്തെ ഫോൺ സംഭാഷണങ്ങൾക്കിടയിൽ ഞാൻ ഏറ്റവുമധികം ഉപയോഗിച്ച വാക്കാണ് 'എന്റെ വീട്' എന്നത്. എന്റെ വീടിന്റെ ടൈലിങ് കഴിഞ്ഞു, എന്റെ വീടിന്റെ കിച്ചൻ സെറ്റ് ചെയ്തു...അങ്ങനെയങ്ങനെ.

anusree-home-ext

അങ്ങനെ ഒരു സുഹൃത്തിന്റെ തലയിൽ ബൾബ് മിന്നി. നീ എപ്പോഴും 'എന്റെ വീട്', 'എന്റെ വീട്' എന്നല്ലേ പറയുന്നത് ,അപ്പോൾ ആ പേര് തന്നെ ഇട്ടുകൂടെ?  അതാണ് പേരിന്റെ പിന്നിലെ കഥ.

anusree-home

ഇതൊരു വില്ലാ പ്രോജക്ടാണ്. അതുകൊണ്ട് പുറംകാഴ്ചയേക്കാൾ അകത്തളം സുന്ദരമാക്കാനാണ് ശ്രദ്ധിച്ചത്. ആഷ് വൈറ്റ് കളർ കോമ്പിനേഷനിലാണ് വീട് ഒരുക്കിയിരിക്കുന്നത്. വെസ്റ്റേൺ ശൈലിയും ട്രെഡീഷനൽ ശൈലിയും ഇടകലർത്തിയാണ് ഇന്റീരിയർ. കോട്ടയത്തുള്ള Ceekay ഇന്റീരിയേഴ്സാണ് വീടിന്റെ ഇന്റീരിയർ ഒരുക്കിയത്.

anusree

പ്രധാന വാതിൽ തുറന്ന് പ്രവേശിക്കുന്നത് മനോഹരമായ സ്വീകരണ മുറിയിലേക്കാണ്. സെമി ഓപൺ ശൈലിയിലാണ് അകത്തളം. അതുകൊണ്ട് സ്വകാര്യതയും വിശാലതയും സമാസമം ലഭിക്കും. ഫ്ലോറൽ ഡിസൈനിലുള്ള കസ്റ്റമൈസ്ഡ് ഫർണിച്ചറാണ് ലിവിങ് അലങ്കരിക്കുന്നത്.  ലിവിങ്ങിൽ ഒരുവശത്തായി പൂജാസ്‌പേസ്.

anusree-home-living

ഞാനൊരു ഗണപതി ഫാനാണ്. അതുകൊണ്ട് വീടിനുള്ളിൽ പലയിടത്തും ധാരാളം കുഞ്ഞുഗണപതി വിഗ്രഹങ്ങൾ വച്ചിട്ടുണ്ട്. പ്രത്യേകമായി ഡൈനിങ് ഏരിയയും ഡൈനിങ് ടേബിളും ഉണ്ടെങ്കിലും ഞാൻ കൂടുതലും കിച്ചനിലുള്ള ബ്രേക്ക്ഫാസ്റ്റ് കൗണ്ടറിലാണ് ഭക്ഷണം കഴിക്കാറുള്ളത്. സുഹൃത്തുക്കൾ ഉള്ളപ്പോൾ മുകൾനിലയിൽ ടിവി കണ്ടുകൊണ്ടാകും ഭക്ഷണം. ചുരുക്കത്തിൽ മാസത്തിൽ പത്തുദിവസംപോലും ഭക്ഷണം കഴിക്കാനുള്ള വേദിയാകാനുള്ള ഭാഗ്യം ഡൈനിങ്ങിനില്ല എന്നതാണ് കോമഡി.

anusree-home-dine

ഡൈനിങ്ങിലെ ഒരുഭിത്തി ഹൈലൈറ്റർ പെയിന്റടിച്ച് കളറാക്കി. ഫോട്ടോ ഷൂട്ടുകളുടെ സമയത്ത് ഡൈനിങ് ടേബിൾ വശത്തേക്ക് മാറ്റിയാൽ ഇതൊരു നല്ല ഫോട്ടോ ഫ്രയിമായി ഉപയോഗിക്കാം.

anusree-home-wall

എന്റെ ഇൻസ്റ്റഗ്രാം സുഹൃത്തുക്കൾ ഏറ്റവുമധികം ഫോട്ടോ എടുത്തുതരാൻ ആവശ്യപ്പെട്ട സ്‌പേസാണ് സ്‌റ്റെയറിന്റെ താഴെയുള്ള സിറ്റിങ് സ്‌പേസ്. മൂന്നോ നാലോ വർഷംകൊണ്ട് ശേഖരിച്ച വിഗ്രഹങ്ങളാണ് ഇവിടം അലങ്കരിക്കുന്നത്.  അതിൽ കാണുന്ന ആനക്കൊമ്പ് ഫൈബർ കൊമ്പാണേ... 

anusree-home-idol

വീട്ടിലെ ഏറ്റവും ഭംഗിയുള്ള ഇടങ്ങളിലൊന്ന് കിച്ചനാണ്. മിന്റ് ഗ്രീൻ തീമിലാണ് കിച്ചൻ ക്യാബിനറ്റ്. ഡിസൈനർ വോൾ ടൈലുകൾ ഭംഗി ഇരട്ടിയാക്കുന്നു. പ്രധാന പാചകപരിപാടികൾ അരങ്ങേറുന്നത് വർക്കേരിയയിലാണ്. കിച്ചനോടുചേർന്ന് മനോഹരമായി വാഷ് ഏരിയ. ഡിസൈനർ ടൈലുകളും വാം ടോൺ വിളക്കുകളും ഇവിടം കമനീയമാക്കുന്നു. 

anusree-home-kitchen

തടിയിൽ ഗ്ലാസ് ഹാൻഡ് റെയിൽ നൽകിയാണ് സ്റ്റെയർ. ഇവിടെ ഭിത്തി ടെക്സ്ചർ പെയിന്റിനാൽ ഹൈലൈറ്റ് ചെയ്തു. ഹാങ്ങിങ് ലൈറ്റുകൾ ഇവിടം പ്രൗഢമാക്കുന്നു. മുകൾനിലയിലേക്ക് പ്രവേശിക്കുമ്പോൾ നോട്ടമെത്തുന്നത് ഫാമിലിയുടെയും സുഹൃത്തുക്കളുടെയും ഫോട്ടോകൾ ഉൾപ്പെടുത്തിയ ഫോട്ടോവോളാണ്.

anusree-kitchen

എന്റെ കുടുംബവും ഏറ്റവുമടുത്ത സുഹൃത്തുക്കളുമാണ് ഈ ഫോട്ടോ വോളിലുള്ളത്. പല വർഷങ്ങളുടെ ബന്ധമുള്ളവരാണ് ഇവരെല്ലാവരും. എന്റെ ശബ്ദമൊന്നിടറിയാൽ ഇവർക്ക് മനസിലാകും. ഇവരില്ലെങ്കിൽ ഞാനില്ല. നമ്മൾ സ്നേഹിക്കുന്ന നമ്മളെ സ്നേഹിക്കുന്ന ആളുകളുടെ സാന്നിധ്യം വീടിനുള്ളിൽ പോസിറ്റീവ് എനർജി നിറയ്ക്കും. അങ്ങനെയാണ് ഒരുഭിത്തി ഇവർക്കായി ഞാൻ ഡെഡിക്കേറ്റ് ചെയ്തത്.

anusree-home-photowall

മുകളിലെ ടിവി യൂണിറ്റുള്ള ലിവിങ് ഏരിയയാണ് ഞങ്ങളുടെ പ്രിയ ഒത്തുചേരലിടം. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച് ഫർണിച്ചറൊക്കെ അൽപം കറപിടിച്ച ഇടം ഇവിടെയാകും.

anusree-home-upper

മൂന്ന് കിടപ്പുമുറികളാണ് വീട്ടിൽ. താഴെ ഒന്നും മുകളിൽ രണ്ടും. മുകളിലെ എന്റെ ബെഡ്‌റൂം എന്റെ ബെഡ്‌റൂം ആഷ് വൈറ്റ് കളർ തീമിൽ വിശാലമായി ചിട്ടപ്പെടുത്തി. അനുബന്ധമായി ഡ്രസിങ് സ്‌പേസുമുണ്ട്. ഡെക്കോറുകളും ഡ്രീം ക്യാച്ചറുകളും കൊണ്ട് ഇവിടം മനോഹരമാക്കിയിരിക്കുന്നു. ഒരു ഗസ്റ്റ് ബെഡ്‌റൂമും മുകളിലുണ്ട്.

anusree-home-bed

ഇനിയുമുണ്ട് നിരവധി സർപ്രൈസുകൾ. വീടിന്റെ വിശേഷങ്ങൾ അടുത്തറിയാൻ മുകളിൽ കൊടുത്തിരിക്കുന്ന വിഡിയോ കാണുമല്ലോ..Subscribe- https://youtube.com/@manoramaveedu

English Summary:

Actor Anusree Nair new house in Kochi- Exclusive Full Home Tour

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com