ADVERTISEMENT

കാലാവസ്ഥ വ്യതിയാനത്തിനും കീടബാധ ആക്രമണങ്ങൾക്കും മുന്നിൽ ഇന്ത്യൻ തേയിലത്തോട്ടങ്ങൾ നവോന്മേഷം നിലനിർത്താൻ ക്ലേശിക്കുന്നു. ഏതാനും വർഷങ്ങളായി ആഗോള തേയില വിപണിയെ തോട്ടത്തിന്റെ നറുമണം നൽകി ഉത്തേജിപ്പിച്ച വൻകിട-ചെറുകിട കർഷകർ കനത്ത പ്രതിസന്ധിയിലാണ്‌.

തേയിലത്തോട്ടങ്ങളുടെ നിലനിൽപ്പുതന്നെ അവതാളത്തിലാക്കും വിധം വിവിധ കീടബാധകളുടെ ശക്തമായ കടന്നാക്രമണത്തിനു മുന്നിൽ പതറുകയാണ്‌ ബഹുരാഷ്‌ട്ര തേയില കമ്പനികൾ പോലും, അപ്പോൾ പിന്നെ പറയേണ്ടത്തില്ലല്ലോ ചെറുകിട കർഷകരുടെ കാര്യം. 

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ തേയിലത്തോട്ടങ്ങളാണ്‌ ആദ്യം കീടബാധകളുടെ പിടിയിൽ അകപ്പെട്ടത്‌. തേയിലക്കൊതുകുകളും ഇലപ്പേനുകളും കർഷകരെ വട്ടം കറക്കിയതോടെ കൃഷി പ്രതിസന്ധിലായി. കൈവശമുള്ള അസ്‌ത്രങ്ങളെല്ലാം തോട്ടം മേഖല ഒന്നിനു പുറകെ ഒന്നായി പ്രയോഗിച്ചെങ്കിലും പിടിച്ചു നിൽക്കാനാവാത്ത അവസ്ഥയിലാണ്‌. ദക്ഷിണേന്ത്യൻ തോട്ടങ്ങളിലും കീടനാശിനികൾ കർഷകർ പ്രയോഗിക്കുന്നുണ്ടെങ്കിലും അതിനെല്ലാം ഒരു പരിധിയുണ്ട്‌.

ഇന്ത്യയിൽ  ഉപയോഗിക്കുന്നതിന് അംഗീകരിച്ച ഏഴു കീടനാശിനികൾ മാത്രമേ ഉള്ളു, എന്നാൽ അവയുടെ വീര്യത്തെ മറികടക്കുന്ന കരുത്തിലാണ്‌ കീടബാധകളുടെ മുന്നേറ്റം. തേയിലത്തോട്ടങ്ങളുടെ സംരക്ഷണച്ചെലവ്‌ ഇതിനിടെ ഹെക്‌ടറിന്‌ 30,000 രൂപയ്‌ക്ക്‌ മുകളിലുമെത്തി. ഭക്ഷ്യപാനീയമെന്ന നിലയ്‌ക്ക്‌ വീര്യം കൂടിയ കീടനാശിനികളുടെ പ്രയോഗം പ്രായോഗികമല്ല. 2020ൽ വീര്യം കൂടിയ കീടനാശികളുടെ ഉപയോഗം രാജ്യം നിരോധിച്ചിട്ടുണ്ട്‌. ഇനി അവ വീണ്ടും രംഗത്ത്‌ ഇറക്കിയാലുള്ള ഭവിഷത്ത്‌ അതിലും ഭീകരമാവും. നിലവിൽ കേന്ദ്ര  കീടനാശിനി  ബോർഡ്  അംഗീകരിച്ച  കീടനാശിനികൾ  മാത്രമാണ് ടീ ബോർഡ് ഓഫ് ഇന്ത്യ തോട്ടങ്ങളിൽ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുള്ളത്‌.

തേയിലത്തോട്ടങ്ങളിലെ കീടങ്ങളുടെ ആക്രമണം മൂലം പ്രതിവർഷം 2765 കോടി രൂപയുടെ നഷ്‌ടം  കണക്കാക്കുന്നു. കാലാവസ്ഥ വ്യതിയാനവും കീടബാധകളും മൂലം ഓരോ വർഷവും 147-150 ദശലക്ഷം കിലോയുടെ വിളനാശം സംഭവിക്കുന്നത്‌ തോട്ടം മേഖലയ്‌ക്ക്‌ കനത്ത സാമ്പത്തിക നഷ്‌ടത്തിന്‌ ഇടയാക്കുന്നു. പുതിയ സാഹചര്യത്തിൽ വടക്ക്‌ കിഴക്കൻ സംസ്ഥാനങ്ങൾ കൊളുന്തിന്‌ തറ വില പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി വാണിജ്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്‌.  

രാജ്യാന്തര വിപണിയിൽ ഇന്ത്യൻ തേയിലയ്‌ക്ക്‌ ശക്തമായി ഡിമാൻഡ് നിലവിലുണ്ടെങ്കിലും ഉൽപാദനത്തിലെ ഇടിവ്‌ കണക്കിലെടുത്താൽ ഇതര ഉൽപാദന രാജ്യങ്ങളുമായി അധികകാലം നമുക്ക്‌ മത്സരിക്കാനുള്ള കരുത്ത്‌ കണ്ടെത്താനാവില്ല. അയൽ രാജ്യമായ ശ്രീലങ്ക അവർക്ക്‌ നഷ്‌ടപ്പെട്ട  പരമ്പരാഗത വിദേശ മാർക്കറ്റുകൾ തിരിച്ചു പിടിക്കാനുള്ള തക്കം പാത്ത്‌ നിൽക്കുകയാണ്‌. സാമ്പത്തിക പ്രതിസന്ധിക്കൊപ്പം കീടബാധ ആക്രണങ്ങൾ ലങ്കൻ തേയിലത്തോട്ടങ്ങളെയും പിടികൂടിയിട്ടുണ്ട്‌. 

സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം തേയിലത്തോട്ടങ്ങളുടെ സംരക്ഷണവും വളം കീടനാശിനി പ്രയോഗങ്ങളും വേണ്ട വിധം ശ്രീലങ്കയ്‌ക്ക്‌  മുന്നോട്ടുകൊണ്ട്‌ പോകാനാവുന്നില്ലെന്നത്‌ തൽക്കാലം ഇന്ത്യൻ തേയിലത്തോട്ടങ്ങൾക്ക്‌ അൽപ്പം ആശ്വാസത്തിന്‌ വകനൽക്കുന്നു. 

ഏലം

ഓഫ്‌ സീസണിലെ വിലക്കയറ്റത്തിനായി ഏലക്കർഷകർ കാതോർത്ത്‌ തുടങ്ങിയിട്ടു മാസം പലതു പിന്നിട്ടെങ്കിലും ഉൽപ്പന്ന വിലയിൽ ചെറുചലനം പോലും ദൃശ്യമാവാത്തത്‌ അവരുടെ കണക്കു കൂട്ടലുകൾ പാടെ തകിടം മറിക്കുന്നു. പിന്നിട്ട സീസണിൽ ഇവിടെ ബമ്പർ വിളവായിരുന്നു, അതുകൊണ്ടു തന്നെ കുതിച്ചുചാട്ടങ്ങൾ ചെറുകിട കർഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത്‌ സംഭവിക്കില്ലെന്നത്‌ പരമാർഥം. 

വരൾച്ച മൂലം കർഷകർ തോട്ടങ്ങളിൽ നിന്നും അകന്നിട്ടു മൂന്നു മാസം പിന്നിടുമ്പോഴും ലേല കേന്ദ്രങ്ങളിൽ ഉൽപ്പന്നത്തെ ചവിട്ടിത്താഴ്‌ത്തുകയാണ്‌. വിദേശ ഏലക്കയുടെ അനധികൃത ഇറക്കുമതി മൂലമെന്നാണ്‌ കാർഷിക മേഖലയിൽ നിന്നും ഉയരുന്ന ആക്ഷേപം. അതിന്‌ അവർക്ക്‌ നിരത്താൻ അതിന്റേതായ ന്യായങ്ങളുണ്ട്‌. 

ഏപ്രിലിൽ മൊത്തം 38 ഏലക്ക ലേലം നടന്നു. ഓഫ്‌ സീസണായിട്ടും ചില ദിവസങ്ങളിൽ രണ്ടു ലേലം വരെ നടത്തി. ഇതിൽ 18 ലേലങ്ങളിൽ അര ലക്ഷം കിലോയ്‌ക്ക്‌ മുകളിൽ ഏലക്ക വിൽപ്പനയ്‌ക്ക്‌ ഇറങ്ങി. ചില സന്ദർഭങ്ങളിൽ വരവ്‌ 80,000 കിലോ ഗ്രാമിലേക്ക്‌ അടുത്തു. വരവ്‌ ഇത്തരത്തിൽ കുതിക്കുമ്പോൾ നമ്മുടെ മൊത്തം ഉൽപാദനം സംബന്ധിച്ച്‌ വ്യക്തമായ കണക്കെടുപ്പിന്‌ എന്തുകൊണ്ട്‌ സ്‌പൈസ്‌ ബോർഡ്‌ തയാറാകുന്നില്ല. ഉൽപാദനം ഉയരട്ടേ അത്‌ കർഷക വിജയമാണ്‌. എന്നാൽ ഉൽപ്പന്നത്തിന്‌ ന്യായവില ഉറപ്പ്‌ വരുത്തേണ്ട ബാധ്യത നമുക്കുണ്ട്‌.  

ഏകദേശം 45,000 ടൺ ഏലക്ക ഇക്കുറി ഗ്വാട്ടിമലയിൽ വിളഞ്ഞതാണ്‌ കണക്കുകൾ വ്യക്തമാക്കുന്നത്‌. കഴിഞ്ഞ വർഷം 30,000 ടണ്ണിൽ ഒതുങ്ങിയെന്ന്‌ പറയുമ്പോൾ 15,000 ടണ്ണിന്റെ അധികോൽപാദനം. ഈ ചരക്ക്‌ വിറ്റഴിച്ചാൽ മാത്രമേ അവർക്ക്‌ അവരുടെ പ്രതിസന്ധിയെ മറികടക്കാനാവു. എന്നാൽ കൊല്ലപ്പുരയിൽ സൂചി വിൽക്കാനുള്ള അവരുടെ ശ്രമം നമ്മുടെ കർഷകരെ ചക്രശ്വാസം വലിപ്പിക്കും. 

മൂല്യവർധിത ഉൽപ്പന്നമാക്കാൻ ഒലിയോറസിൻ നിർമാതാക്കൾ വിദേശ ചരക്ക്‌ ശേഖരിക്കുന്നത്‌ സ്വാഭാവികം. കുരുമുളകും, മഞ്ഞളും മറ്റും ഇതേ ആവശ്യത്തിന്‌ ഇതര ഉൽപാദന രാജ്യങ്ങളിൽ നിന്നും ഇറക്കുമതി നടക്കുന്നുണ്ട്‌. ഏഷ്യയിൽ ഏറ്റവും കൂടുതൽ സത്ത്‌ നിർമാതാക്കൾ പ്രവർത്തിക്കുന്നതും ഇവിടെയാണ്‌. എന്നാൽ അവർക്ക്‌ പുറമേ മറ്റു വ്യവസായികൾ ഗ്വാട്ടിമല ഏലം എത്തിക്കുന്നതായാണ്‌ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഏലക്കർഷകർ ഉന്നയിക്കുന്ന ആരോപണം. 

പാൻമസാല പോലുള്ള ഉൽപ്പന്നങ്ങളിൽ ഏലക്ക ചേർക്കാറുണ്ട്‌. ചരക്കിന്റെ ഗുണമേന്മയോ മറ്റ്‌ കാര്യങ്ങൾക്കോ മുൻതൂക്കം നൽക്കാത്ത അവർ എന്നും വിലക്കുറവിൽ മാത്രമാണ്‌ ശ്രദ്ധയൂന്നുന്നത്‌. അതുകൊണ്ടുതന്നെ വിദേശ ചരക്ക്‌ എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. വരും മാസങ്ങളിലും ഗ്വാട്ടിമല ഏലം നമ്മുടെ ലേല കേന്ദ്രങ്ങളിൽ സ്വാധീനം ഉറപ്പിക്കും മുന്നേ ഇതിനെതിരെ ശബ്‌ദം ഉയർത്താൻ സ്‌പൈസ്‌ ബോർഡിന്‌ ബാധ്യതയുണ്ട്‌. 

കാർഷിക മേഖലയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ കേന്ദ്ര ഏജൻസി അമാന്തിച്ചു നിന്നാൽ സുഗന്ധ രാജാവിനെ വിളയിച്ച കുരുമുളകു കർഷകനു സമ്രാജ്യം നഷ്‌ടപ്പെട്ട അവസ്ഥയിലേക്ക്‌ സുഗന്ധറാണിയുടെ ഉൽപാദകരും അധപതിക്കും.      

English summary: Commodity Markets Review May 2

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com