ADVERTISEMENT

എയർപോർട്ടുകൾ എന്ന് കേട്ടിട്ടുണ്ട്, എന്നാൽ എന്താണാവോ ഈ എയർ പോട്ടുകൾ എന്നാവും ചിന്തിക്കുന്നത്. കഴി‍ഞ്ഞ പത്തുമുപ്പത് വർഷങ്ങളായി നമ്മൾ ചാക്കിലും ചട്ടിയിലും ഗ്രോബാഗുകളിലും എല്ലാം പച്ചക്കറികളും കിഴങ്ങുവർഗങ്ങളും എല്ലാം കൃഷി ചെയ്തു വരുന്നു. ശാസ്ത്രീയമായി കൃഷി ചെയ്യുന്നവർക്കെല്ലാം തൃപ്തികരമായ ഫലങ്ങളും കിട്ടുന്നുണ്ട്. 

കൃഷിക്ക് ഏറ്റവും പറ്റിയ മണ്ണിൽ 45 ശതമാനം ധാതുക്കളും 5 ശതമാനം ജൈവാംശവും 25 ശതമാനം വീതം വായുവും ഈർപ്പവും വേണം എന്നാണ് പരീക്ഷണങ്ങൾ തെളിയിച്ചിട്ടുള്ളത്. അങ്ങനെയുള്ള മണ്ണിൽ ചെടികൾക്ക് വേണ്ട അവശ്യമൂലകങ്ങളും ഈ മൂലകങ്ങൾ ചെടികൾക്ക് വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന ‘അനുകൂല സൂക്ഷ്മജീവി’കളും ഉണ്ടാകും. ഇവരുടെ വർധനയ്ക്കായി അനുയോജ്യമായ വായു സഞ്ചാരവും ഈർപ്പവും അത്തരം മണ്ണിൽ ഉണ്ടായിരിക്കും. 

മണ്ണിനു വേണ്ടത്ര ഇളക്കം ഉണ്ടെങ്കിൽ മാത്രമേ അതിൽ ചെടികളുടെ വേരുകൾക്കും സൂക്ഷ്മജീവികൾക്കും ശ്വസിക്കാനുള്ള ജീവവായു (ഓക്സിജൻ) ഉണ്ടെന്ന് പറയാൻ കഴിയൂ. മൺതരികൾ കൂടിച്ചേർന്ന് തറഞ്ഞ് സെറ്റായിക്കഴിഞ്ഞാൽ അവിടെ ഓക്സിജൻ ലഭ്യത കുറയുകയും വേരുകളുടെ വളർച്ച മന്ദീഭവിക്കുകയും ചെയ്യും. മാത്രമല്ല ഓക്സി‍ജൻ ഇല്ലാത്ത അവസ്ഥ (Anaerobic) രോഗകാരികളായ ബാക്ടീരിയകളും ഫംഗസ്സുകളും വളരാൻ ഇതു കാരണമാവുകയും ചെയ്യും. 

ഇവിടെയാണ് എയർപോട്ടുകൾ (വായവ ചട്ടികൾ) നമുക്ക് ഗുണകരമാകുന്നത്. ചെടികൾ വളരുന്ന മിശ്രിതത്തിൽ എല്ലായ്പ്പോഴും വായുസഞ്ചാരമുണ്ടാകുന്നത് ധാരാളം പൊടിവേരുകൾ വളരുന്നതിനും ഗുണപ്രദമായ സൂക്ഷ്മജീവികൾ പെരുകുന്നതിനും നല്ലതാണ്. 

എയർപോട്ടുകൾ നമുക്ക് സാധാരണ കിട്ടുന്നത് ചട്ടിയുടെ രൂപത്തിൽ അല്ല. പരന്ന ഷീറ്റുകളായി ലഭിക്കുന്ന ഇവ, ഒരു വൃത്താകൃതിയിലുള്ള ഡിസ്കിന് ചുറ്റുമായി വളച്ച് ചട്ടി രൂപത്തിലാക്കി ക്ലിപ്പുകളോ സ്ക്രൂകളോ കൊണ്ട് ഉറപ്പിക്കുകയാണ് ചെയ്യുന്നത്. 

മറ്റ് കണ്ടെയ്നറുകളുമായി താരതമ്യം ചെയ്യുമ്പോൾ എയർപോട്ടുകൾക്ക് ചില പ്രത്യേകതകളുണ്ട്.

  1. വശങ്ങളിൽ ധാരാളം ദ്വാരങ്ങൾ ഉള്ളതുകൊണ്ട് നിറച്ചിരിക്കുന്ന മിശ്രിതത്തിൽ എപ്പോഴും വായു സഞ്ചാരമുറപ്പ് വരുത്തും. 
  2. ആയതിൽത്തന്നെ മിശ്രിതത്തിൽ അനുകൂല സൂക്ഷ്മാണുക്കൾ (Beneficial Microbes) കൂടുതലായി ഉണ്ടാകും. 
  3. നല്ല നീർവാർച്ച ഉറപ്പു വരുത്തും. 
  4. ചെടികളുടെ തായ്‌വേര് നീണ്ട് അടിയിലെത്തുമ്പോൾ അടിയിലുള്ള ഡിസ്കിൽ തട്ടി വേരിന്റെ അഗ്രം ചെറുതായി ഒന്ന് കരിയും. അത് പാർശ്വവേരുകൾ കൂടുതൽ പൊട്ടിമുളയ്ക്കാൻ കാരണമാകും. 
  5. ഇങ്ങനെ വളരുന്ന പാർശ്വവേരുകൾ വശങ്ങളിലേക്ക് വളർന്ന് വായു സഞ്ചാരമുള്ള സുഷിരങ്ങളെ ലക്ഷ്യമാക്കി വളരും. അങ്ങനെ സുഷിരത്തിലൂടെ പുറത്തേക്ക് വരുന്ന വേരുകളുടെ അഗ്രഭാഗം ചെറുതായി കരിയും. അപ്പോൾ ആ പാർശ്വവേരിൽ നിന്നു ധാരാളം പക്ക വേരുകൾ (feeder roots) പൊടിഞ്ഞു വരും. ചുരുക്കത്തിൽ കുറച്ച് ദിവസങ്ങൾ കഴിയുമ്പോൾ പോട്ടിനകത്തെ മിശ്രിതം മുഴുവൻ തിങ്ങി നിറഞ്ഞ് വേരുകൾ വളരും. ഇത് കൂടുതൽ വെള്ളവും വളവും വലിച്ചെടുത്ത് ചെടി കരുത്തോടെ വളരാൻ സഹായിക്കും. 
  6. ക്രമമായ വളപ്രയോഗവും മിതമായ നനയും നൽകിയാൽ ശരിയായ നീർവാർച്ചയുടെയും വായു സഞ്ചാരത്തിന്റെയും സഹായത്തോടെ വളരുന്ന ചെടികൾക്ക് നല്ല രോഗപ്രതിരോധ ശേഷി ലഭിക്കും. 

ഇത്തരം ചട്ടികളിൽ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. 

  1. 1:1:1 എന്ന അനുപാതത്തിൽ മേല്‍മണ്ണ്, അഴുകിപൊടിഞ്ഞ ചാണകപ്പൊടി, ചകിരിച്ചോർ കമ്പോസ്റ്റ് എന്നിവ ചേർത്ത് തന്നെ മിശ്രിതം ഉണ്ടാക്കാൻ ശ്രദ്ധിക്കണം.  
  2. കൂടുതൽ ദ്വാരങ്ങൾ ഉള്ളതുകൊണ്ട് നീർവാർച്ച കൂടുതലായിരിക്കും. അതിനാൽ മിതമായ നന മതിയാകും. പലതവണ ഒരു ദിവസത്തിൽ നനയ്ക്കേണ്ടി വന്നേക്കാം. തുള്ളിനനയായിരിക്കും കൂടുതൽ അഭികാമ്യം. 
  3. കൂടുതൽ വേരുപടലം ഉള്ളതുകൊണ്ട് സന്തുലിതമായ രീതിയിൽ വളങ്ങൾ നൽകണം. 
  4. ജീവാണു വളങ്ങളായ അസോസ്പൈറില്ലം, അസറ്റോബാക്ടർ ഫോസ്ഫോബാക്ടീരിയ, വാം, പിജിപിആർ മിശ്രിതം എന്നിവ കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കും. 

എല്ലാത്തരം ചെടികളും എയർപോട്ടുകളിൽ വളർത്താം. അകത്തള ചെടികൾക്കും വളരെ അനുയോജ്യമാണ്. കിഴങ്ങുവർഗവിളകൾക്കും ഇഞ്ചി, മഞ്ഞൾ എന്നിവയ്ക്കും ഇത് കൂടുതൽ അനുയോജ്യമാണ്. കാരറ്റ്, ബീറ്റ്റൂട്ട്, റാഡിഷ്, ഉരുളക്കിഴങ്ങ്, സവാള എന്നിവ ഇവയില്‍ മികച്ചരീതിയിൽ വളരുന്നു. 

ഉപയോഗം കഴിഞ്ഞാൽ ക്ലിപ്പുകൾ വിടുവിച്ച് വീണ്ടും പഴയരീതിയിൽ ഷീറ്റുകളാക്കി സൂക്ഷിച്ചു വയ്ക്കാൻ കഴിയും. നിലവില്‍ മറ്റു തരത്തിലുള്ള കണ്ടെയ്നറുകളിൽ കൃഷി ചെയ്യുന്നവർ നാലോ അഞ്ചോ എയർപോട്ട് കൂടി വാങ്ങി കൃഷി ചെയ്ത് വ്യത്യാസം മനസ്സിലാക്കുക. 

കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.

English summary: Benefits of Airpots in Kitchen Garden

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com