ADVERTISEMENT

സംസ്ഥാനത്ത് തെരുവുനായ പ്രശ്നം വീണ്ടും സടകുടഞ്ഞ് എഴുന്നേറ്റിരിക്കുന്നു. പേവിഷബാധയേറ്റതും അല്ലാത്തതുമായ നായ്ക്കൾ കണ്ണിൽക്കണ്ടവരെയെല്ലാം കടിക്കാനും തുടങ്ങി. കഴിഞ്ഞ വർഷം തെരുവുനായ്ക്കൾ പ്രശ്നമുണ്ടാക്കിയ സമയം ഏതാണ്ട് അടുത്തുവരുന്നു. അന്ന് അടിയന്തരമായി ‌നടപ്പാക്കാൻ തീരുമാനിച്ച കാര്യങ്ങൾ ഇന്നും സർക്കാരിന്റെ ഫയലിൽ ഉറങ്ങുന്നു. 2022 സെപ്റ്റംബർ 14ന് സർക്കാർ പുറത്തുവിട്ട തീരുമാനങ്ങൾ എങ്ങുമെത്തിയില്ലെന്നത് പകൽപോലെ വ്യക്തം.

അന്നത്തെ തീരുമാനത്തിൽ എന്തെല്ലാം നടപ്പായി? വാക്സീനേഷൻ യജ്ഞം ഫലപ്രദമായി പലേടങ്ങളിലും നടപ്പാക്കാൻ കഴിഞ്ഞു. 2022 സെപ്റ്റംബർ 1 മുതൽ 2023 ജൂൺ 11 വരെ സംസ്ഥാനത്താകെ 4,38,473 വളർത്തുനായ്ക്കൾക്കും 32,061 തെരുവുനായ്ക്കൾക്കും പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകിയതായി മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

എന്നാൽ, എബിസി സെന്ററുകളുടെ പ്രവർത്തനം ഫലപ്രദമായില്ല. സംസ്ഥാനത്ത് രണ്ടു ബ്ലോക്കുകളിൽ ഒന്ന് എന്ന രീതിയിൽ തുറക്കാൻ തീരുമാനിച്ചിരുന്ന എബിസി കേന്ദ്രങ്ങൾ 37 ഇടങ്ങളിൽ പൂർത്തിയായിയെന്ന് അന്നത്തെ പത്രക്കുറിപ്പിൽ പറയുന്നു. എന്നാൽ, ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് സംസ്ഥാനത്ത് 19 എബിസി കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. തിരുവനന്തപുരം– 1, കൊല്ലം– 6, കോട്ടയം– 1, എറണാകുളം– 1 , തൃശൂർ– 1, പാലക്കാട്– 4, കോഴിക്കോട്– 2, വയനാട്– 1, കണ്ണൂർ– 1 എന്നിങ്ങനെയാണ് സെന്ററുകളുടെ എണ്ണം. അപ്പോൾ പ്രവർത്തനമാരംഭിച്ച 37 എണ്ണത്തിൽ ബാക്കിയെവിടെ? നിർമാണത്തിലിരിക്കുന്നത് 24 എണ്ണമാണെന്നും പട്ടികയിലുണ്ട്.

2022 ഏപ്രിൽ 1 മുതൽ 2023 മാർച്ച് 31 വരെ സംസ്ഥാനത്ത് ആകെ 14,236 നായ്ക്കളെ വന്ധ്യംകരിച്ചിട്ടുണ്ട്. നീക്കിവച്ച തുക 10.36 കോടി. 426 നായപിടിത്തക്കാരും സംസ്ഥാനത്തുണ്ട്. പഞ്ചായത്തുതലത്തിൽ നായ്ക്കൾക്കുള്ള ഷെൽറ്ററുകൾ തുറക്കുമെന്ന തീരുമാനവും പ്രഖ്യാപനത്തിലൊതുങ്ങി.

അതേസമയം, തെരുവുനായ്ക്കളുടെ ആക്രണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം തീരുമാനിക്കേണ്ട ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ പ്രവർത്തനം സ്തംഭിച്ച റിപ്പോർട്ടുകളും പുറത്തുവന്നു. 2022 ഡിസംബറിൽ കമ്മിറ്റിയുടെകാലാവധി കഴിഞ്ഞെങ്കിലും പുതിയ ആളെ നിയമിച്ചിട്ടില്ല. കമ്മിറ്റിയുടെ പ്രവർത്തനത്തിന് ധനസഹായവും സർക്കാരിന്റെ ഭാഗത്തുനിന്ന് ലഭിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. ഇതുവരെ 5,700 അപേക്ഷകൾ കമ്മിറ്റിക്ക് ലഭിച്ചതിൽ 818 കേസുകൾ പരിശോധിച്ച് 749 എണ്ണത്തിൽ നഷ്ടപരിഹാരം കണക്കാക്കി സർക്കാരിനു കൈമാറി. തദ്ദേശ സ്ഥാപനങ്ങളാണ് നഷ്ടപരിഹാരം നൽകേണ്ടത്. പരാതികൾ നൽകുന്നവർക്കും തദ്ദേശ സ്ഥാപനങ്ങൾക്കും സർക്കാരിനും സർക്കാരിനും നോട്ടിസ് അയയ്ക്കാൻ ജസ്റ്റിസ് സിരിജഗന് സ്വന്തം കയ്യിൽനിന്നു ചെലവായത് ഒന്നര ലക്ഷംരൂപയാണ്. 

Read also: ഒന്നുറക്കെ കരയാൻ പോലുമാവാതെ ആ കുരുന്ന് എത്ര വേദനിച്ചിട്ടുണ്ടാകും! ഇവിടെ മനുഷ്യർക്കും ജീവിക്കണ്ടേ?

തെരുവുനായ ശല്യം നേരിടാൻ സ്വീകരിച്ച അടിയന്തര നടപടികൾ താഴെ കൊടുക്കുന്നു (തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രിയുടെ ഔദ്യോഗിക സൈറ്റിലുള്ളത്)

പേവിഷബാധ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ തെരുവുനായകൾക്ക് സെപ്റ്റംബർ 20 മുതൽ ഒരു മാസം നീണ്ടുനിൽക്കുന്ന വാക്സിനേഷൻ യജ്ഞം നടപ്പാക്കും. തെരുവുകളിൽനിന്നു നായകളെ മാറ്റുന്നതിനു ഷെൽട്ടറുകൾ തുറക്കും. തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിലാണു തീരുമാനം. തെരുവുനായ ശല്യം പൂർണമായി ഇല്ലാതാക്കാൻ അടിയന്തര, ദീർഘകാല പരിപാടികൾ നടപ്പാക്കും.

നായയുടെ കടിയേൽക്കുന്നവർക്കു പേവിഷബാധയുണ്ടാകുന്ന സാഹചര്യം പൂർണമായി ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണു വിപുലമായ വാക്സിനേഷൻ യജ്ഞം നടപ്പാക്കുന്നത്. സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 20 വരെയാണു ഡ്രൈവ്. ഇതിനായി ബ്ലോക്ക് പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവർക്കു പ്രത്യേക വാഹനങ്ങൾ വാടകയ്ക്കെടുക്കാൻ അനുമതി നൽകും. നിലവിൽ പരിശീലനം ലഭിച്ചിട്ടുള്ള ആളുകളെ ഉപയോഗിച്ചാകും ഡ്രൈവ് ആരംഭിക്കുക. തുടർന്നു കൂടുതൽ പേർക്കു പരിശീലനം നൽകും. കോവിഡ് കാലത്ത് രൂപീകരിച്ച സന്നദ്ധ സേനാംഗങ്ങളിൽ താത്പര്യമുള്ളവർക്കും കുടുംബശ്രീ അംഗങ്ങൾക്കും പരിശീലനം നൽകാനാണു തീരുമാനം. വെറ്ററിനറി സർവകലാശാലയുമായി ചേർന്നു സെപ്റ്റംബറിൽത്തന്നെ ഒമ്പതു ദിവസത്തെ പരിശീലനം നൽകും. തെരുവുനായകളുടെ വാക്സീനേഷൻ പൂർത്തിയാകുന്നതോടെ കടിയേറ്റാലും അപകട സാധ്യത ഒഴിവാക്കാനാകും. വാക്സീൻ എമർജൻസി പർച്ചേസ് നടത്താനുള്ള നടപടി മൃഗസംരക്ഷണ വകുപ്പ് സ്വീകരിക്കും. ഓറൽ വാക്സീനേഷന്റെ സാധ്യതകളും തേടുന്നുണ്ട്. ഗോവ, ഛണ്ഡിഗഡ് തുടങ്ങിയിടങ്ങളിൽ ഈ രീതി വിജയകരമായി നടപ്പാക്കിയിട്ടുണ്ട്.

തെരുവു നായകൾക്കായി പഞ്ചായത്ത്തലത്തിൽ പ്രത്യേക ഷെൽട്ടറുകൾ ആരംഭിക്കും. നേരത്തേ ബ്ലോക് തലത്തിൽ ആരംഭിക്കാൻ തീരുമാനിച്ചിരുന്നു. ഒഴിഞ്ഞ കെട്ടിടങ്ങൾ, സ്ഥലങ്ങൾ തുടങ്ങിയിടങ്ങൽലാകും ഷെൽട്ടറുകൾ തുറക്കുക. അതതു സ്ഥലങ്ങളിൽ എത്രയും പെട്ടെന്ന് ഇതിനായുള്ള സ്ഥലം കണ്ടെത്തും. തെരുവുനായ് ശല്യം രൂക്ഷമായ ഹോട്ട്സ്പോട്ടുകളിലും ആവശ്യമാണെങ്കിൽ ഷെൽട്ടറുകൾ തുറക്കും. മാലിന്യ നീക്കം യഥാസമയം നടക്കാത്തതു തെരുവുനായ ശല്യം രൂക്ഷമാകുന്നതിനു കാരണമായിട്ടുണ്ട്. മാലിന്യ നീക്കം കൃത്യസമയത്തു നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ, കളക്ടർമാർ എന്നിവരുടെ നേതൃത്വത്തിൽ ഹോട്ടൽ, റസ്റ്ററന്റ്, കല്യാണ മണ്ഡപങ്ങൾ, മീറ്റ് മർച്ചന്റ്സ് തുടങ്ങിയവരുടെ യോഗം വിളിച്ചു ചേർക്കും. വിപുലമായ ജനകീയ ഇടപെടലും ഇതിന്റെ ഭാഗമായി നടപ്പാക്കും. മഴ മാറിയാലുടൻ ഇതു പൂർത്തിയാക്കും.

കോവിഡ് മഹാമാരിയെ നേരിട്ട രൂപത്തിൽ തെരുവുനായ ശല്യത്തെയും നേരിടും. ഇതിന്റെ ഭാഗമായി എംഎൽഎമാരുടെ നേതൃത്വത്തിൽ മണ്ഡലാടിസ്ഥാനത്തിൽ വിപുലമായ യോഗങ്ങൾ വിളിച്ചു ചേർക്കും. രാഷ്ട്രീയ കക്ഷികളുടേയും സന്നദ്ധ സംഘടനകളുടേയും പങ്കാളിത്തം ഉറപ്പാക്കും.

ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ അനിമൽ ബെർത്ത് കൺട്രോൾ (എബിസി) കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനു തീരുമാനിച്ചിരുന്നു. രണ്ടു ബ്ലോക്കുകൾക്ക് ഒന്ന് എന്ന കണക്കിൽ തുറക്കാൻ തീരുമാനിച്ചിരുന്ന കേന്ദ്രങ്ങൾ ഇതുവരെ 37 ഇടങ്ങളിൽ പൂർത്തിയായിട്ടുണ്ട്. മറ്റുള്ളവയും ഉടൻ പൂർത്തിയാക്കും. എബിസി കേന്ദ്രങ്ങൾ തുറക്കുന്നതിനു പ്രൊജക്ടുകൾ വയ്ക്കാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു തുക വകയിരുത്താൻ വാർഷിക പദ്ധതി ഭേദഗതിക്ക് അനുവാദം നൽകും. സെപ്റ്റംബർ 15നും 20നും ഇടയിൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഭരണ സമിതി യോഗം ചേർന്നു തെരുവു നായ ശല്യം പരിഹരിക്കുന്നതിനു സംബന്ധിച്ചു ചർച്ച ചെയ്യും. പ്രൊജക്ട് ഭേദഗതിയും ആക്ഷൻ പ്ലാനും സംബന്ധിച്ച് ഈ യോഗത്തിൽ തീരുമാനമെടുക്കും.

സംസ്ഥാനത്തെ എല്ലാ വളർത്തുനായകൾക്കും ഒക്ടോബർ 30നകം വാക്സീനേഷനും ലൈസൻസും പൂർണമാക്കാൻ നടപടിയെടുക്കും. ആവശ്യമെങ്കിൽ പ്രത്യേക ക്യാംപ് സംഘടിപ്പിക്കും. വളർത്തുനായകൾക്കുള്ള ലൈസൻസ് അപേക്ഷ ഐഎൽജിഎംഎസ് സിറ്റിസൺ പോർട്ടൽ മുഖേന ഓൺലൈനാക്കും. അപേക്ഷിച്ച് ഏഴു ദിവസത്തിനകം ലൈസൻസ് ലഭിക്കുന്നവിധത്തിലാകും സംവിധാനം. തദ്ദേശ സ്വയംഭരണ വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറിയും പഞ്ചായത്ത്, നഗരകാര്യ ഡയറക്ടർമാരും ഇതിനു മേൽനോട്ടം വഹിക്കും. എബിസി പദ്ധതി നടപ്പാക്കുന്നതിനു കുടുംബശ്രീക്ക് അനുമതി നൽകുന്ന കാര്യവും പേ പിടിച്ചതും അക്രമകാരികളുമായ നായകളെ കൊല്ലാനുള്ള അനുമതിയും ഈ മാസം 28നു സുപ്രീംകോടതിയിൽ കേസ് പരിഗണിക്കുമ്പോൾ കേരളം ആവശ്യപ്പെടും.

English summary: Stray dogs are now a public health issue in the State

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com