മനസുണ്ടെങ്കിൽ നിമിഷ നേരംകൊണ്ട് ബയോഗ്യാസ് പ്ലാന്റ് വൃത്തിയാക്കാം: വീട്ടമ്മയുടെ കുറിപ്പ്
Mail This Article
ബയോഗ്യാസ് പ്ലാന്റുകളുടെ ഉപയോഗം നാട്ടിൽ ഏറിവരുന്നുണ്ട്. അടുക്കളമാലിന്യം സംസ്കരിക്കാനും വീട്ടാവശ്യത്തിനുള്ള പാചകവാതകം ഉൽപാദിപ്പിക്കാനും സഹായിക്കുന്ന പോർട്ടബിൾ ബയോഗ്യാസ് പ്ലാന്റുകളുടെയും ഉപയോഗവും ഏറെ പ്രചാരത്തിലായി. എന്നാൽ, ഉൽപാദനകാലം കഴിഞ്ഞാൽ, ഉള്ളിൽ മാലിന്യം നിറഞ്ഞാൽ പലരും പ്ലാന്റ് ഉപേക്ഷിക്കുകയാണ് പതിവ്. അധ്വാനിക്കാൻ മനസുണ്ടെങ്കിൽ അനായാസം ബയോഗ്യാസ് പ്ലാന്റ് വൃത്തിയാക്കാവുന്നതേയുള്ളൂവെന്ന് ചൂണ്ടിക്കാട്ടി കാലടി സംസ്കൃത സർവകലാശാലയിലെ കംപ്യൂട്ടർ അസിസ്റ്റന്റും അതിലുപരി കർഷകയുമായ ബീന ജി. നായർ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പാണ് ചുവടെ...
ഇന്നത്തെ പോസ്റ്റ് കാണാൻ ലേശം ചേല് കുറവാ, എങ്കിലും ബയോഗ്യാസ് പ്ലാന്റ് ഉള്ളവർക്ക് ഉപകാരം ആകുന്ന ഒന്നാകും...
പത്തുവർഷം അടുക്കളയിലേക്കു ഗ്യാസും, ചെടികൾക്ക് വളമായി സ്ലറിയും നൽകി ഞങ്ങളെ സേവിച്ച ഈ പ്ലാന്റ് മഹാൻ, അതിന്റെ ആവതു ശേഷിയും കഴിഞ്ഞ് വേസ്റ്റ് നിറഞ്ഞു...
ഔട്ടർ ടാങ്കിലെ വെള്ളം ചെറിയ ഓസ് ഇട്ട് പുറത്തേക്കു വലിച്ചു കളഞ്ഞാൽ എയർ ടൈറ്റ് മാറി മൂടി തുറക്കാം... ഖരരൂപത്തിലുള്ള മാലിന്യവും കുറച്ച് ദ്രാവകരൂപത്തിൽ ഉള്ളതുമാണ് ടാങ്കിൽ അവശേഷിച്ചിരുന്നത്. ഇത് നല്ലൊരു വളമാണ്. പറമ്പിൽ ഒരു സൈഡിൽ കൂട്ടിയിട്ടാൽ ഉണങ്ങിയ ശേഷം ചെടികൾക്ക് വളമായി ഉപയോഗിക്കാം. പലരും ഇത്രയും നല്ല വളം വെറുതെ കുഴിച്ചു മൂടുന്നു എന്ന് കേൾക്കുന്നു. അസഹനീയമായ മണമോ ഒന്നും ഇല്ല ഈ വേസ്റ്റിന്. പിന്നെ എന്തിന് നശിപ്പിക്കണം? ഒരിടത്തു കൂട്ടിയിട്ടാൽ വീണ്ടും വളമായി ചെടികൾക്ക് കൊടുക്കാം. അങ്ങനെ വേസ്റ്റ് ഒരിടത്തു കൊണ്ടുപോയി കൂട്ടി ഇട്ടു. ഇനി ഉണങ്ങട്ടെ കുറേശ്ശേ ചാക്കുകളിൽ നിറച്ചു സൂക്ഷിച്ചു വളമായി ഉപയോഗിക്കാം.
ടാങ്ക് ക്ലീനിങ് കഴിഞ്ഞ് പ്രതലം ഭംഗി ആക്കി വീണ്ടും സെറ്റ് ചെയ്തു. ഇനി 14 പാട്ട പച്ചച്ചാണകം ദോശമാവ് പാകത്തിൽ കലക്കി ഇന്നർ ടാങ്കിൽ ഒഴിക്കണം. നാലു ദിവസം കഴിഞ്ഞാൽ അടുക്കള വേസ്റ്റ് ടാങ്കിൽ ഒഴിച്ചുതുടങ്ങാം. ചാണകം ഒഴിച്ച് നാലാം നാൾ മുതൽ അടുക്കളയിൽ ഗ്യാസ് കത്തിക്കാം. ഔട്ട്‌ലെറ്റിലൂടെ വരുന്ന സ്ലറി നേർപ്പിച്ചു ചെടികൾക്കും കൊടുക്കാം.
അധ്വാനിക്കാൻ മനസ്സുള്ള ഞാനും അമ്മിണിച്ചേട്ടനും കൂടി വെറും മൂന്ന് മണിക്കൂർകൊണ്ട് ഈ ജോലി തീർത്തു.
പുറത്ത് ഒരു ടീമിനോട് ക്ലീൻ ചെയ്യാൻ കൂലി എത്ര ചോദിച്ചപ്പോൾ 5000 രൂപയും വേസ്റ്റ് ഇടാൻ കുഴിയും അവരുടെ ചെല്ലും ചെലവും ആവശ്യപ്പെട്ടു. എന്താ കഥ!